- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താനൂരിൽ ദുരന്തത്തിന് വഴിവച്ച അറ്റ്ലാന്റിക് ബോട്ടിന് ചട്ടം ലംഘിച്ച് രജിസ്ട്രേഷൻ നൽകാൻ കത്തുകൾ അയച്ചത് പലവട്ടം; ബോട്ടിനെ നീറ്റിലിറക്കാൻ നടത്തിയത് വഴിവിട്ട നീക്കങ്ങൾ; കത്തുകൾ കണ്ടെത്തിയിട്ടും ചോദ്യം ചെയ്യാനാവാതെ അന്വേഷണ സംഘം; മാരിടൈം ബോർഡ് സിഇഒയെ സംരക്ഷിച്ച് സർക്കാർ
കൊച്ചി: താനൂർ ബോട്ട് ദുരന്തത്തിനിടയാക്കിയ ബോട്ടിന് രജിസ്ട്രേഷൻ നൽകാൻ കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(സിഇഒ) ടി.പി സലീംകുമാർ സമ്മർദ്ദം ചെലുത്തിയതിന് തെളിവുകൾ പുറത്തു വന്നിട്ടും നടപടി എടുക്കാതെ സർക്കാർ. മെയ് 21 ന് ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചിട്ടും വീണ്ടും സർവ്വീസ് നീട്ടി കൊടുക്കാൻ അണിയറയിൽ തീവ്രശ്രമം നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരു ഉന്നതനാണ് സലീംകുമാറിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നാണ് ആരോപണം.
മെയ് 7 ന് നടന്ന അപകടത്തിനിടയാക്കിയ 'അറ്റ്ലാന്റിക്' എന്ന ബോട്ടിന് രജിസ്ട്രേഷൻ നൽകാൻ ആലപ്പുഴ പോർട്ട് ചീഫ് സർവ്വേയർക്കും രജിസ്റ്ററിങ് അഥോറിറ്റിക്കും ഒന്നിലധികം തവണ സലീംകുമാർ കത്തുകൾ അയച്ചിരുന്നു. രജിസ്റ്ററിങ് അഥോറിറ്റി ബോട്ടിന് രജിസ്ട്രേഷൻ നൽകാൻ കഴിയില്ലെന്ന് മറുപടി നൽകിയെങ്കിലും ഇത് മറികടന്ന് കത്തുകൾ അയച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയായിരുന്നു. അപകടത്തിന് ശേഷം അന്വേഷണ സംഘം ഈ കത്തുകൾ കണ്ടെത്തിയെങ്കിലും ഇയാളെ ചോദ്യം ചെയ്തിട്ടില്ല. സർക്കാർ അനുവദിച്ചാൽ മാത്രമേ ഇയാളെ ചോദ്യം ചെയ്യാൻ കഴിയൂ. എന്നാൽ സർക്കാർ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
സംസ്ഥാനത്തെ ഉൾനാടൻ ജലഗതാഗത നിയമവും പരിഷ്‌കരിച്ച കേന്ദ്ര നിയമവും സിഇഒ സൗകര്യപൂർവം പ്രയോജനപ്പെടുത്തിയതായി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒരേ വിഷയത്തിൽ രണ്ടു തരം നിയമം പ്രയോഗിക്കാൻ ശ്രമിച്ചതിലെ വൈരുദ്ധ്യവും മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ജനുവരി 11ന് ആലപ്പുഴയിലെ ഉല്ലാസ ബോട്ടുകളുമായി ബന്ധപ്പെട്ട പ്രാദേശിക പ്രശ്നം പരിഹരിക്കുന്നതിനു ചേർന്ന യോഗത്തിൽ രജിസ്റ്റ്രേഷനില്ലാതെ സർവീസ് നടത്തുന്ന ബോട്ടുകൾക്ക് രജിസ്റ്റ്രേഷൻ നൽകുന്നതിനായി പിഴയടപ്പിച്ച് രജിസ്റ്റ്രേഷൻ നടത്താനുള്ള നടപടി സ്വീകരിക്കാമെന്ന അജൻഡ തിരുകിക്കയറ്റിയിട്ടുണ്ട്. ഈ നിയമം സംസ്ഥാനത്തുടനീളമുള്ള ഉല്ലാസ ബോട്ടുകൾക്കു നടപ്പാക്കാനുള്ള നീക്കവും നടന്നു.
ഇതിന്റെ ഭാഗമായി താനൂരിലെ 'അറ്റ്ലാന്റിക്' ബോട്ടിന് രജിസ്റ്റ്രേഷൻ നൽകാവുന്നതാണെന്ന് രജിസ്റ്ററിങ് അഥോറിറ്റിക്ക് നിർദ്ദേശം നൽകിയെങ്കിലും ആലപ്പുഴയിലെ യോഗ തീരുമാനത്തിന് സർക്കാർ അനുമതി ലഭിക്കാത്തതിനാൽ പിഴയടപ്പിക്കാനോ രജിസ്റ്റ്രേഷൻ നടപടികളിലേക്കു പോകാനോ കഴിയില്ലെന്ന് രജിസ്റ്ററിങ് അഥോറിറ്റി സിഇഒയെ കത്തിലൂടെ അറിയിച്ചിരുന്നു. താനൂരിലെ ബോട്ടിന്റെ നിർമ്മാണവും നടപടിക്രമങ്ങളും അവ്യക്തമായതിനാൽ ക്രമപ്പെടുത്തി നൽകൽ സാധ്യമല്ലെന്ന് സർവേയറും ഫയലിൽ രേഖപ്പെടുത്തി.
സർക്കാർ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ അജൻഡ വിട്ട് ഇൻലാൻഡ് വെസൽ ആക്ടാണ് സിഇഒ പിന്നീട് പ്രയോഗിച്ചത്. ഉൾനാടൻ ജലഗതാഗത ബോട്ടുകൾ പുതുതായി നിർമ്മിക്കുമ്പോഴോ രൂപമാറ്റം വരുത്തുമ്പോഴോ വകുപ്പിനെ അറിയിച്ചില്ലെങ്കിൽ പിഴയടച്ച് ക്രമപ്പെടുത്തൽ നടത്താനുള്ള നിയമമാണിത്. എന്നാൽ, മീൻപിടിത്ത വള്ളമായതിനാൽ താനൂരിലെ ബോട്ടിന് ഈ നിയമം ബാധകമല്ല. ഇതു മറികടന്നായിരുന്നു സിഇഒയുടെ ഇടപെടൽ.
സലീംകുമാറിനെ വകുപ്പ് മന്ത്രിക്കും താൽപര്യമില്ല. വകുപ്പിലെ ജീവനക്കാരെല്ലാം നിരവധി പരാതികളാണ് ഇയാൾക്കെതിരെ ഉന്നയിക്കുന്നത്. സത്യസന്ധരായ ഉദ്യോഗസ്ഥരെയെല്ലാം അടിച്ചമർത്തി വച്ചിരിക്കുകയാണ് സിഇഒ. പല ഫയലുകളും സൂപ്രണ്ടുമാർ കാണാതെയാണ് തീർപ്പ് കൽപ്പിക്കുന്നത്. ഉദ്യോഗസ്ഥർ ഫയലുകളിൽ സംശയം ഉന്നയിച്ചാൽ അവരോട് തട്ടികയറുന്ന രീതിയാണ്. ഐ.ആർ.എസ് ഉദ്യോഗസ്ഥനായതിനാൽ സംസ്ഥാന സർക്കാരിന്റെ ഭരണ സംവിധാനങ്ങളെ അട്ടിമറിച്ച് കേന്ദ്ര സർക്കാരിന്റെ ഭരണസംവിധാനമാണ് നടപ്പിലാക്കുന്നത്. നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന സലീംകുമാർ കൺഫേർഡ് ഐ.ആർ.എസ് കിട്ടുകയായിരുന്നു. തുടർന്നാണ് മാരിടൈം ബോർഡ് സി.ഇഒ ആകുന്നത്. ശമ്പളം നിർണ്ണയിക്കേണ്ടത് പേ ആൻഡ് അക്കൗണ്ട്സ് ഓഫീസറാണ്. എന്നാൽ സ്വന്തമായി ശമ്പളം തീരുമാനിച്ച് എഴുതിയെടുക്കുകയാണ് പതിവ്.
മുംബൈ അസിസ്റ്റന്റ് കമ്മിഷണറായി ജോലി ചെയ്തപ്പോഴുണ്ടായിരുന്ന ശമ്പളമാണ് ഡപ്യൂട്ടേഷനിൽ വന്നപ്പോൾ അദ്ദേഹത്തിനു മാരിടൈം ബോർഡിലും നൽകിയത്. എന്നാൽ മുംബൈയിലെ ഹൗസ് റെന്റ് അലവൻസിനെക്കാൾ (എച്ച്ആർഎ) 6% കുറവാണ് കേരളത്തിൽ അനുവദിക്കുന്നത്. മുംബൈയിൽ ഔദ്യോഗിക വാഹനമില്ലാത്തതിനാൽ യാത്രാ ബത്തയും അനുവദിച്ചിരുന്നു.ശമ്പള വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കുന്നതിനുള്ള പേ സ്ലിപ് സിഇഒ ബോർഡിന് സമർപ്പിച്ചില്ല. ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയർമാന് ലഭിച്ചതോടെ അധിക ശമ്പളവും ആനുകൂല്യവും തിരിച്ചു പിടിക്കാൻ ചെയർമാൻ നിർദ്ദേശിച്ചു. ഇതോടെ സലീം കുമാറിന്റെ ശമ്പളത്തിൽനിന്ന് തുക തിരിച്ചുപിടിച്ചു.
ഔദ്യോഗിക വാഹനം ഉണ്ടായിരിക്കെ, യാത്രാ ബത്ത എഴുതി വാങ്ങിയ ഇനത്തിൽ 1.1 ലക്ഷം രൂപ തിരിച്ചടയ്ക്കാനും ബോർഡ് ചെയർമാൻ നിർദ്ദേശിച്ചിരുന്നു. ഡെപ്യൂട്ടേഷനിൽ പുതിയ സ്ഥലത്ത് ചേരുമ്പോൾ 3 മാസത്തിനകം പേ സ്ലിപ് ഹാജരാക്കണമെന്ന ചട്ടം ലംഘിച്ചെന്നും ആരോപണമുണ്ട്. സിഇഒയുടെ അധിക ശമ്പളം കണ്ടെത്തിയ, ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ ചാർജുണ്ടായിരുന്ന ക്യാപ്റ്റൻ ഹരി അച്യുതവാരിയരെ കൊല്ലം പോർട്ട് ഓഫിസറായി സ്ഥലം മാറ്റി പ്രതികാരം ചെയ്തുവെന്നും ആരോപണമുണ്ട്.
സിഇഒയുടെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടികൊടുക്കുന്നതും നടപടികൾ ഒന്നും തന്നെ സ്വീകരിക്കാത്തതും സർക്കാരിന്റെ മുഖച്ഛായക്ക് കോട്ടം തട്ടും എന്നതു കൊണ്ടാണെന്നാണ് അടക്കം പറച്ചിൽ. ഇത്തരത്തിൽ ഗുരുതരമായ കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥനെ സർക്കാർ സംരക്ഷിക്കുന്നതിൽ ജീവനക്കാർക്കിടയിലും വലിയ അമർഷമാണ്. മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ ഉള്ളതിനാൽ വകുപ്പ് മന്ത്രിക്കും നടപടി എടുക്കാൻ കഴിയുന്നില്ല. സലീംകുമാർ മാരിടൈം ബോർഡിൽ തുടർന്നാൽ ഇനിയും വലിയ ദുരന്തങ്ങൾ കാണാൻ ഇടയാകുമെന്നും മാരിടൈംബോർഡിലെ ഉദ്യോഗസ്ഥർ പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.