ജയ്പൂർ: ഓൺലൈൻ ഗെയിമിംഗിലൂടെയുണ്ടായ സാമ്പത്തിക ബാധ്യത തീർക്കാൻ ഗുണ്ടയുടെ പേരിൽ വ്യാപാരികളിൽ നിന്ന് കോടികൾ തട്ടാൻ ശ്രമിച്ച സർക്കാർ സ്കൂൾ അധ്യാപകൻ പിടിയിൽ. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലാണ് സംഭവം. സർക്കാർ സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായ വികാസ് കുമാർ കമോലാണ് പോലീസിന്റെ പിടിയിലായത്. രണ്ട് പ്രമുഖ ബിസിനസുകാരെ ഭീഷണിപ്പെടുത്തി 1.40 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്.

ഓൺലൈൻ ഗെയിമിംഗിന് അടിമയായ വികാസ് കുമാറിന് വൻതുക ലോട്ടറി പോലെ നഷ്ടമാവുകയും വലിയ സാമ്പത്തിക കടക്കെണിയിൽ അകപ്പെടുകയുമായിരുന്നു. ഈ ബാധ്യതകളിൽ നിന്ന് രക്ഷപെടാനാണ് അധ്യാപകൻ ക്രിമിനൽ ബുദ്ധി പ്രയോഗിച്ചത്. താനൊരു കുപ്രസിദ്ധ ഗുണ്ടാതലവനാണെന്ന് വരുത്തിത്തീർത്ത് ഇയാൾ രണ്ട് വ്യാപാരികൾക്കും ഭീഷണി കത്തുകൾ നൽകി. കഴിഞ്ഞ മാർച്ച് 30-നാണ് സംഭവം. ഒരു വ്യാപാരിയുടെ കടയുടെ ഷട്ടറിനിടയിലൂടെയും മറ്റൊരു വ്യാപാരിയുടെ ഫാം ഹൗസിലെ ജീവനക്കാരൻ വഴിയുമാണ് ഭീഷണി കത്തുകൾ കൈമാറിയത്.

ഒരാളോട് 90 ലക്ഷം രൂപയും രണ്ടാമത്തയാളോട് 50 ലക്ഷം രൂപയുമാണ് വികാസ് ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നായിരുന്നു ഭീഷണി. ഈ വിവരം വ്യാപാരിമാർ പോലീസിന് കൈമാറിയിരുന്നു. തുടർന്ന് ബൻസ്വാര എസ്പി സുധീർ ജോഷിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ മുന്നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ച പോലീസ് സംഘം പ്രതിയെ തിരിച്ചറിയുകയായിരുന്നു.

ഭോയൻ ഘാട്ടിയിലെ വിജനമായ സ്ഥലത്ത് പണം എത്തിക്കണമെന്നായിരുന്നു പ്രതിയുടെ നിർദ്ദേശം. കൃത്യമായ പ്ലാനിംഗിലൂടെ രക്ഷപെടാൻ ഇയാൾ പഴുതുകൾ ഒരുക്കിയിരുന്നു. എന്നാൽ പണം കൈപ്പറ്റുന്നതിന് തൊട്ടുമുമ്പ് പോലീസ് സംഘം ഇയാളെ വളയുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളും പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ കടം വീട്ടാനാണ് താൻ ഈ വഴി തിരഞ്ഞെടുത്തതെന്ന് വികാസ് കുമാർ പോലീസിനോട് സമ്മതിച്ചു.