പിലിഭിത്ത്: 13കാരിയായ മകളെ സ്‌കൂളിന് പുറത്ത് വച്ച് വിഷം നിര്‍ബന്ധിച്ച് കഴിപ്പിച്ച അജ്ഞാതര്‍ക്കെതിരെ കേസ്. ബന്ധുക്കളുമായി കുട്ടിയുടെ പിതാവിന് സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഈ സംഭവം അരങ്ങേറിയത്. ഉത്തര്‍ പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. സ്‌കൂളിന് പുറത്ത് വച്ചാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഗജ്‌റൌല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേവിപുര ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന് പിന്നില്‍ കുട്ടിയുടെ പിതാവിന്റെ സഹോദരനെന്ന ആരോപണവുമായി കുട്ടിയുടെ അമ്മാവന്‍

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അവശ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ അധ്യാപകരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്യ സമയത്ത് ചികിത്സ ലഭ്യമായതോടെ 13വയസുകാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംഭവങ്ങള്‍ പെണ്‍കുട്ടി വിശദമാക്കിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ അജ്ഞാതരായ മൂന്ന് പുരുഷന്മാര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് സംഭവത്തിന് പിന്നിലെന്നാണ് കുട്ടിയുടെ അമ്മാവന്‍ ആരോപിക്കുന്നത്. കൃഷി സ്ഥലത്തേച്ചൊല്ലി സഹോദരങ്ങള്‍ക്കിടയില്‍ തര്‍ക്കം നില നിന്നിരുന്നുവെന്നാണ് കുട്ടിയുടെ അമ്മാവന്‍ ആരോപിക്കുന്നത്. സംഭവത്തില്‍ നാലംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്‌കൂള്‍ പരിസരത്തെ സിസിടിവികള്‍ അടക്കമുള്ളവ ശേഖരിച്ചാണ് അന്വേഷണം.