- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജൗരിയില്‍ ശൗര്യചക്ര ജേതാവിനെ ലക്ഷ്യമിട്ട് ഭീകരാക്രമണം; തടയാന്‍ ശ്രമിച്ച സൈനികര്‍ക്ക് നേരെ വെടിവയ്പ്; ഒരു സൈനികന് പരിക്കേറ്റു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ ശൗര്യചക്ര ജേതാവ് പര്‍ഷോതം കുമാറിന്റെ വസതി ലക്ഷ്യമിട്ട് ഭീകരാക്രമണം. തടയാന്‍ ശ്രമിച്ച സൈനികര്‍ക്കെതിരെയും വെടിവെപ്പുണ്ടായി. പര്‍ഷോതം കുമാറിന്റെ വസതിയ്ക്ക് നേരെയും സെക്യൂരിറ്റി പോസ്റ്റിന് നേരെയുമായിരുന്നു ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമണം. ഭീകരാക്രമണത്തില്‍ ഒരു കരസേനാംഗത്തിന് പരിക്കേറ്റു.
ഭീകരര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആക്രമണം നടത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു സംഘം സെക്യൂരിറ്റി പോസ്റ്റിന് നേരെ ആക്രമിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ മറ്റൊരു സംഘത്തിന്റെ ആക്രമണം പര്‍ഷോതം കുമാറിന്റെ വസതിക്ക് നേരെയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോട് കൂടെയായിരുന്നു ആക്രമണം.
പുലര്‍ച്ചെ സൈനികന്റെ വീടിന് നേരെ ഗ്രനേഡ് എറിഞ്ഞതിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന സൈനിക ചെക്ക് പോസ്റ്റിന് നേരെയും വെടിയുതിര്‍ത്തത്. നുഴഞ്ഞു കയറിയെത്തിയ ഒരു ഭീകരനെ വധിച്ചതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു കഴിഞ്ഞ വര്‍ഷം ശൗര്യചക്ര പുരസ്കാരം നല്കി ആദരിച്ച വില്ലേജ് ഡിഫന്‍സ് കൗണ്‍സില്‍ അംഗമാണ് പര്‍ഷോതം കുമാര്‍.
സേന ശക്തമായി തിരിച്ചടിച്ചതോടെ സൈനികര്‍ വനത്തിലേക്ക് പിന്‍വാങ്ങി. പര്‍ഷോതം കുമാറിന് നേരെ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍, സുരക്ഷാ സേനയും ജാഗ്രതരായിരുന്നു. ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളില്‍ വ്യാപകമായി ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ സൈന്യം ഭീകരര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് പുതിയ ആക്രമണം.
ഭീകരാക്രമണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കരസേനാ മേധാവി ജമ്മുവിലെത്തി കഴിഞ്ഞ ദിവസം സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ബിഎസ്എഫും ഇന്നലെ യോഗം ചേര്‍ന്നു. അതിര്‍ത്തിവഴി നുഴഞ്ഞു കയറുന്ന ഭീകരരെ തുരത്താന്‍ ജമ്മു കശ്മീര്‍ പോലീസ് സൈന്യവുമായി ഏകോപിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.