- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരന്; കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും മര്‍ദിച്ചു; മകനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ആക്രമണമാണ് നടന്നതെന്ന് പിതാവ്; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പലവട്ടം അടികൂടിയെന്ന് ദൃക്സാക്ഷിയും; താമരശ്ശേരി മര്‍ദ്ദനം നടുക്കുന്നത്
മകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരന്
താമരശ്ശേരി: മകനെ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ക്രൂരമായി മര്‍ദിച്ചെന്ന് കോഴിക്കോട് താമരശ്ശേരിയില്‍ ഫെയര്‍വെല്‍ പരിപാടിക്കിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതില്‍ ഗുരുതര പരിക്കേറ്റ് അതിതീവ്ര വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ പിതാവ്. പൊലീസ് സംഭവം നിഷ്പക്ഷമായി അന്വേഷിക്കണമെന്നും നീതി ലഭിക്കണമെന്നും ഇനിയൊരു കുട്ടിക്കും ഈ അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരം 4.30ഓടെ മകനെ വിളിച്ചുകൊണ്ടുപോയി രണ്ട് സ്ഥലത്തുവെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മകനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടിയുള്ള ആക്രമണമാണ് നടത്തിയത്. മകനെ തല്ലിച്ചതച്ചെന്ന് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. മകനെ ഈ അവസ്ഥയിലാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. മകനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടന്നത്. മുതിര്‍ന്നവര്‍ മര്‍ദിക്കാതെ ഇങ്ങനെ പരിക്കേല്‍ക്കില്ല. വലിയ ആളുകള്‍ മര്‍ദിച്ചെന്നാണ് മനസിലാക്കുന്നത്. അവനെ തല്ലിച്ചതയ്ക്കുകയായിരുന്നു. മാരകമായ പരിക്കാണ് മകനുണ്ടായത്. മുമ്പ് ഒരു സംഘര്‍ഷത്തിലും ഉള്‍പ്പെടാത്ത കുട്ടി ആണ് മകന്‍. കേസ് സ്വാധീനം ചെലുത്തി ഇല്ലാതാക്കരുത്.- പിതാവ് പറഞ്ഞു.
വൈകിട്ട് നാലര മണിക്കാണ് അടുത്ത കൂട്ടുകാരില്‍ ഒരാള്‍ മകനെ വിളച്ചിറക്കി കൊണ്ടുപോയത്. രാത്രി ഏഴുമണിക്കാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഒന്നും സംസാരിക്കാതെ മുറിയില്‍ പോയി കിടക്കുകയായിരുന്നു. പിന്നീട് ഛര്‍ദ്ദിയും മറ്റും വന്നപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അതേസമയം താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി ദൃകസാക്ഷി. വിദ്യാര്‍ഥികള്‍ തമ്മില്‍ പലവട്ടം അടി നടന്നതായി ദൃക്സാക്ഷി സാലിയും രംഗത്തുവന്നു.
വിദ്യാര്‍ഥികള്‍ നേരത്തെ സംഘം ചേര്‍ന്ന് സ്ഥലത്ത് നില്‍പുണ്ടായിരുന്നു. സമീപത്തെ കച്ചവടക്കാര്‍ ഇടപെട്ടപ്പോള്‍ വിദ്യാര്‍ഥികള്‍ സ്ഥലത്തു നിന്നും മാറി. റോഡില്‍ വെച്ചും പിന്നീട് സംഘര്‍ഷമുണ്ടായി. സംഘര്‍ഷമുണ്ടായ സമയത്ത് തന്നെ ട്യൂഷന്‍ സെന്റര്‍ അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്നും സാലി പറഞ്ഞു.
ഇന്നലെയാണ് എളേറ്റില്‍ വട്ടോളി എം.ജെ.എച്ച്.എസ്.എസ് വിദ്യാര്‍ഥികളും താമരശ്ശേരി കോരങ്ങാട് സ്‌കൂളിലെ വിദ്യാര്‍ഥികളും സ്വകാര്യ ട്യൂഷന്‍ കേന്ദ്രത്തിലെ ഫെയര്‍വെല്‍ പരിപാടിക്കിടെ ഏറ്റുമുട്ടിയത്. കഴിഞ്ഞ ഞായറാഴ്ച ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയില്‍ എളേറ്റില്‍ വട്ടോളി സ്‌കൂളിലെ വിദ്യാര്‍ഥിയുടെ ഡാന്‍സിനിടെ പാട്ട് നിന്നുപോയപ്പോള്‍ താമരശ്ശേരി സ്‌കൂളിലെ ഏതാനും കുട്ടികള്‍ കൂകി വിളിച്ചു. ഇതോടെ, തര്‍ക്കമായി. പരസ്പരം കലഹിച്ച് വാക്കേറ്റം നടത്തിയ കുട്ടികളെ അധ്യാപകര്‍ ഇടപെട്ട് സമാധാനിപ്പിച്ചിരുന്നു.
എന്നാല്‍ പിന്നീട് വാട്‌സാപ്പ് ഗ്രൂപ്പിലൂടെയും മറ്റും ഇരുസംഘവും പ്രകോപനം തുടര്‍ന്നു. ഒടുവില്‍ ഇന്നലെ വ്യാഴാഴ്ച വൈകീട്ട് ട്യൂഷന്‍ സെന്ററിന് സമീപം സംഘടിച്ചെത്തി ഏറ്റുമുട്ടുകയായിരുന്നു. എളേറ്റില്‍ വട്ടോളി സ്‌കൂളിലെ ചുങ്കം പാലോറക്കുന്ന് സ്വദേശിയായ പത്താംക്ലാസുകാരന് തലക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.