താമരശ്ശേരി: കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാനായി 'കൂടോത്ര' സാധനങ്ങൾ മറ്റൊരു വീട്ടിൽ നിക്ഷേപിച്ച മന്ത്രവാദി പോലീസിന്റെ പിടിയിൽ. താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റിനുസമീപം ബുധനാഴ്ച വൈകീട്ടാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ, തെറ്റിദ്ധരിച്ച് മറ്റൊരു വീട്ടിലെത്തിയതാണെന്ന് ഇയാൾ സമ്മതിച്ചു. ചുടലമുക്ക് സ്വദേശിയായ ഒരു യുവാവാണ് തന്റെ കുടുംബ പ്രശ്‌നങ്ങൾ തീർക്കാൻ ഈങ്ങാപ്പുഴ കരികുളം സ്വദേശി സുനിൽ എന്നയാളെ 'കൂടോത്ര'ത്തിനായി സമീപിച്ചത്.

ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നിർമിച്ച വീടും സ്വത്തുമെല്ലാം ഭാര്യ തന്റെ പേരിലാക്കുകയും, ഗാർഹികാതിക്രമത്തിന് പരാതി നൽകുകയും ചെയ്തതോടെ വീട്ടിൽ പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയിലായ യുവാവാണ് ഈ തീരുമാനമെടുത്തത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് മന്ത്രവാദം ചെയ്യാനായി സുനിൽ ഉദ്ദേശിച്ച വീട്ടിലെത്താതെ ചുങ്കം മുട്ടുകടവിലുള്ള മറ്റൊരു പ്രവാസിയുടെ വീട്ടിൽ കയറിയത്.

ഈ സമയം വീട്ടുടമയുടെ ഭാര്യയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറ്റത്ത് ആളനക്കമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ചാരിയിട്ട ഗേറ്റ് തുറന്ന് അകത്തുകടന്ന സുനിൽ സമീപത്തെ തെങ്ങിൻതൈയുടെ ചുവട്ടിലെത്തി. കൈവശമുണ്ടായിരുന്ന കടലാസിൽ നിന്ന് ചില പൊടികളും മറ്റ് വസ്തുക്കളും തെങ്ങിൻതടത്തിലേക്ക് വിതറി ധൃതിയിൽ മടങ്ങുകയായിരുന്നു.എന്നാൽ, വീടിനകത്തുണ്ടായിരുന്ന വീട്ടുടമയുടെ മകൾ സിസിടിവി ക്യാമറയിൽ നിന്നുള്ള മുന്നറിയിപ്പ് ശബ്ദം കേട്ട് സ്ക്രീൻ പരിശോധിച്ചപ്പോൾ നീല ഷർട്ടും വെള്ളമുണ്ടും ധരിച്ച് തോളിലൊരു ബാഗുമായി വീട്ടുമുറ്റത്ത് ഒരാൾ ഈ പ്രവൃത്തികൾ ചെയ്യുന്നത് കണ്ടു.

ഉടൻ തന്നെ പെൺകുട്ടി അമ്മയെ വിവരമറിയിച്ചു. കൂടോത്രമോ മറ്റോ ആണെന്ന് സംശയം തോന്നിയ വീട്ടമ്മയും മകളും ചേർന്ന് സ്കൂട്ടറിൽ സുനിലിനെ പിന്തുടർന്നു. ചുങ്കത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന സുനിലിനെ ഇരുവരും നാട്ടുകാരെ വിളിച്ചുകൂട്ടി തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ താമരശ്ശേരി പോലീസ് സുനിലിനെ കസ്റ്റഡിയിലെടുത്തു. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് വീടുമാറിപ്പോയതാണെന്ന് സുനിൽ സമ്മതിച്ചത്. ഇതേത്തുടർന്ന് സുനിലിനെ 'കൂടോത്ര'ത്തിന് ഏൽപ്പിച്ച യുവാവിനെയും പോലീസ് വിളിച്ചുവരുത്തി. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത ശേഷം താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.