ബുലന്ദ്‌ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിൽ യുവതിയെ കൊലപ്പെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബബ്ലി എന്ന യുവതിയെ ലിവ്-ഇൻ പങ്കാളിയായ വികാസാണ് കൊലപ്പെടുത്തിയത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതാണ് ക്രൂരതയിലേക്ക് നയിച്ചത്. കേസിൽ പ്രതികളായ വികാസിനെയും ബന്ധുവായ അമനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തിൽ പങ്കാളിയായ മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളിൽ നിന്ന് രണ്ട് തോക്കുകളും ഒരു മോട്ടോർ സൈക്കിളും പൊലീസ് പിടിച്ചെടുത്തു.

ഭർത്താവിന്റെ മരണശേഷം ദീർഘകാലമായി ബബ്ലിയും വികാസും ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണമായത്. നർസേന ഗ്രാമത്തിൽ തലയറുത്ത നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയുന്നതിനായി പോലീസ് യുവതിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ബബ്ലിയുടെ അമ്മയും മകളും സഹോദരീഭർത്താവുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ബബ്ലിയുടെ ഭർത്താവ് അജയ് ക്യാൻസർ ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് ഇവർ വികാസുമായി പ്രണയത്തിലായതും ലിവിങ് ടുഗദർ ബന്ധം തുടങ്ങിയതും. കഴിഞ്ഞ ഡിസംബറിൽ വികാസിന്റെ വിവാഹം മറ്റൊരു യുവതിയുമായി വീട്ടുകാർ നിശ്ചയിച്ചിരുന്നു. ഇതോടെയാണ് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ബബ്ലി വികാസിന് മേൽ സമ്മർദ്ദം ചെലുത്തി തുടങ്ങിയത്.

ഇരുവരും തമ്മിലുള്ള തർക്കങ്ങൾക്കും ഇത് കാരണമായി. "തങ്ങൾ ഒരുമിച്ച് താമസിക്കുന്നവരായതുകൊണ്ട് മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതിന് പകരം തന്നെ വിവാഹം കഴിക്കണമെന്ന് ബബ്ലി ആവശ്യപ്പെട്ടു," പൊലീസ് പറഞ്ഞു. ബബ്ലിയുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദം വർധിച്ചതോടെ വികാസ് അവരെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തന്റെ സഹോദരന്റെയും സഹോദരീഭർത്താവ് അമന്റെയും സഹായത്തോടെയാണ് വികാസ് കൊലപാതകം ആസൂത്രണം ചെയ്തത്.

ക്രൂരമായ രീതിയിലായിരുന്നു കൊലപാതകം. ബബ്ലിയുടെ കഴുത്തറുത്ത് തല ഉടലിൽ നിന്ന് വേർപെടുത്തിയ നിലയിലായിരുന്നു. കൊല്ലപ്പെട്ട ബബ്ലിയുടെ ഭർത്താവ് അജയും പ്രതികളായ വികാസും അമനും ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സഹപ്രവർത്തകരായിരുന്നു. അവിടെ വെച്ചുള്ള പരിചയമാണ് ഭർത്താവിന്റെ മരണശേഷം വികാസും ബബ്ലിയും തമ്മിലുള്ള പ്രണയത്തിലേക്ക് നയിച്ചത്.