- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീടിന് പുറത്ത് ശബ്ദം; പരിശോധിക്കാൻ ഇറങ്ങിയപ്പോൾ മുഖംമൂടി ധരിച്ച യുവാവ്; പിടികൂടാൻ ശ്രമിച്ചപ്പോൾ ദേഹത്ത് പെട്രോൾ ഒഴിച്ച് രക്ഷപ്പെട്ട് കള്ളൻ; ബൈക്ക് മോഷ്ടാവെന്ന് പ്രാഥമിക നിഗമനം; ഒരു മാസത്തിനിടെ ഉണ്ടായത് ഒൻപത് മോഷണങ്ങൾ; നാട്ടുകാർ ഭീതിയിൽ
കൊച്ചി: ആലുവ ആലങ്ങാട് മോഷണശ്രമം. ആലങ്ങാട് മാളികംപീടിക ചെങ്ങണിക്കുടത്ത് വീട്ടിൽ നാസറിന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മോഷണ ശ്രമത്തിനിടെ ഗൃഹനാഥന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് വർധിച്ചുവരുന്ന മോഷണങ്ങളിൽ കടുത്ത ഭീതിയിലാണ് നാട്ടുകാർ.
മകളെ ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ നാസർ, വാഹനം നിർത്തി അകത്തേക്ക് കയറാൻ ഒരുങ്ങുമ്പോഴാണ് വീടിന്റെ പുറകിൽ നിന്ന് ശബ്ദം കേട്ടത്. ഇത് പരിശോധിക്കാൻ ഇറങ്ങിയപ്പോൾ മുഖംമൂടി ധരിച്ച ഒരു യുവാവ് നിൽക്കുന്നത് കണ്ടു. മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചതോടെ, കൈയ്യിൽ കരുതിയിരുന്ന പെട്രോൾ നാസറിന്റെ ദേഹത്തേക്ക് ഒഴിച്ച് അക്രമം നടത്തിയ ശേഷം സമീപത്തുണ്ടായിരുന്ന ബൈക്ക് തള്ളിയിട്ട് മോഷ്ടാവ് ഇരുട്ടിലേക്ക് ഓടിമറയുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഉടൻതന്നെ നാസർ ആലങ്ങാട് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പുലർച്ചെ ആറ് മണിവരെ നാട്ടുകാരുമായി ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. എങ്കിലും നാസറിന്റെ അടുത്തുള്ള ഒരു വീട്ടിലെ ബൈക്കിൽ വെച്ചിരുന്ന ഹെൽമെറ്റ് മോഷണം പോയതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ബൈക്ക് മോഷ്ടാവാണ് ഈ സംഭവത്തിന് പിന്നിലെതെന്ന അനുമാനത്തിലാണ് പോലീസ്.
കഴിഞ്ഞ ദിവസങ്ങളിൽ തൊട്ടടുത്ത പ്രദേശങ്ങളായ കോട്ടപ്പുറം കൊല്ലംപറമ്പ് ക്ഷേത്രത്തിലും കരുമാലൂർ ചെട്ടിക്കാട് മേഖലയിലെ വീടുകളിലും സമാനമായ മോഷണങ്ങൾ നടന്നിരുന്നു. ഒരു മാസത്തിനിടെ നടക്കുന്ന ഒമ്പതാമത്തെ മോഷണശ്രമമാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കരുമാലൂർ-ആലങ്ങാട് മേഖലയിൽ അൻപതിലേറെ മോഷണങ്ങളാണ് നടന്നിട്ടുള്ളതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ക്രമാതീതമായി വർധിച്ചുവരുന്ന മോഷണങ്ങളിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. മോഷ്ടാക്കളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ പോലീസിനോട് ആവശ്യപ്പെട്ടു.




