ജയ്പുര്‍: ആഡംബരജീവിതം ആഗ്രഹിച്ച ഭാര്യയ്ക്കായി സ്വകാര്യകമ്പനിയിലെ ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങിയ യുവാവിനെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. ജയ്‌പൂർ ജാംവരാംഗഡ് സ്വദേശിയാണ് പോലീസിന്റെ പിടിയിലായത്. വിവാഹംകഴിഞ്ഞ് ഒരുമാസത്തിനുള്ളിലാണ് തരുൺ മോഷണത്തിനിറങ്ങിയത്. സ്ത്രീയുടെ മാലപൊട്ടിച്ച കേസിലായിരുന്നു അറസ്റ്റ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള പണംകണ്ടെത്താനായണ് താന്‍ മോഷണത്തിനിറങ്ങിയതെന്നായിരുന്നു ഇയാൾ പോലീസിന് നൽകിയ മൊഴി.

ഒരുമാസം മുന്‍പായിരുന്നു തരുണിന്റെ വിവാഹം. കൂടുതല്‍പണവും ആഡംബരജീവിതവുമായിരുന്നു ഭാര്യയുടെ ആഗ്രഹം. ബിബിഎ ബിരുദധാരിയായ ഇയാള്‍ ഒരു സ്വകാര്യകമ്പനിയിലെ എക്‌സിക്യൂട്ടിവായാണ് ജോലിചെയ്തിരുന്നത്. എന്നാല്‍, ജോലിയിൽ നിന്നും അധിക വരുമാനം ലഭിച്ചിരുന്നില്ല. ഇതോടെ ഭാര്യയുടെ ആഡംബരജീവിതത്തിന് തരുണിന്റെ കയ്യിൽ പണമില്ലാതെയായി. ഇതോടെ ഭാര്യ തരുണിനെ സമ്മര്‍ദത്തിലാക്കാനും തുടങ്ങി. ഓരോദിവസവും ഏറെ പണച്ചെലവുള്ള ആവശ്യങ്ങളും ആഗ്രഹങ്ങളുമാണ് ഭാര്യ തരുണിനോട് പറഞ്ഞിരുന്നത്. തുടർന്ന് ഭാര്യയുടെ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനായി ജോലിവിട്ട് താന്‍ മോഷണത്തിനിറങ്ങിയതെന്നായിരുന്നു പ്രതിയുടെ മൊഴി.

ജയ്പുരിലെ ട്രാന്‍സ്‌പോര്‍ട്ട് നഗര്‍ മേഖലയില്‍ പട്ടാപ്പകല്‍ വയോധികയുടെ മാലപൊട്ടിച്ച് തരുൺ കടന്നു കളഞ്ഞു. ഈ സംഭവം പ്രദേശത്ത് ആകെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഗ്രാമത്തില്‍നിന്ന് ജയ്പുരിലെത്തി മോഷണം നടത്തിയശേഷം തിരികെമടങ്ങുന്നതായിരുന്നു ഇയാളുടെരീതി. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാള്‍ ജയ്പുരിലേക്കും തിരിച്ചും യാത്രനടത്തുന്നുണ്ടെന്നും വ്യക്തമായി. തുടര്‍ന്ന് വെള്ളിയാഴ്ച ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, പ്രതി ഇതുവരെ എത്രമോഷണം നടത്തിയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്ക് ഇയാളുടെ മോഷണത്തെക്കുറിച്ച് അറിവുണ്ടോ, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ തുടങ്ങിയകാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.