മാള: പുത്തൻചിറയിൽ വയോധികയുടെ മാല കവർന്ന കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. പൊലീസിനെ കബളിപ്പിക്കാനായി സ്വയം വിളിച്ച് മോഷണവിവരം അറിയിച്ച പ്രതിയുടെ നീക്കം അന്വേഷണത്തിലൂടെ പൊലീസ് പൊളിച്ചടുക്കി. പുത്തൻചിറ സ്വദേശി ആദിത്യനെയാണ് (20) മാള പൊലീസ് പിടികൂടിയത്. പുത്തൻചിറ കൊല്ലപ്പറമ്പ് വീട്ടിൽ ജയശ്രീ ടീച്ചറുടെ (77) വീട്ടിൽ അതിക്രമിച്ച് കയറി അഞ്ചുപവനോളം തൂക്കം വരുന്ന സ്വർണമാലയാണ് ഇയാൾ കവർന്നത്.

ടീച്ചറുമായും കുടുംബവുമായും അടുപ്പമുണ്ടായിരുന്ന പ്രതി, അവരുടെ വീട്ടിൽ പഠനസഹായം കൈപ്പറ്റിയിരുന്നയാളാണ്. ഭർത്താവിന്റെ വാർദ്ധക്യവും മക്കൾ ദൂരെ താമസിക്കുന്നു എന്നതും മനസ്സിലാക്കിയാണ് മോഷ്ടാവ് ഈ കൃത്യം ആസൂത്രണം ചെയ്തത്. ഇരുട്ടിൽ പതിയെ വീട്ടിനകത്ത് കടന്ന ഇയാൾ പിന്നിലൂടെയെത്തി ടീച്ചറെ ആക്രമിക്കുകയായിരുന്നു. കഴുത്തിൽ ബലമായി പിടിമുറുക്കിയപ്പോൾ ശ്വാസംമുട്ടിയ ടീച്ചർ മാലയിൽ പിടിച്ചു വലിച്ചതോടെ ഒരു ഭാഗം പൊട്ടി ടീച്ചറുടെ കയ്യിൽ കിട്ടി.

മോഷ്ടാവായ ആദിത്യൻ പിന്നീട് ഈ മാല മലപ്പുറം തിരൂരങ്ങാടിയിലെ ഒരു ജ്വല്ലറിയിൽ വെച്ച് ഉരുക്കി സ്വർണക്കട്ടികളാക്കി 4.5 ലക്ഷം രൂപയ്ക്ക് വിൽക്കുകയായിരുന്നു. ഓൺലൈൻ ട്രേഡിങ്ങിലുണ്ടായ കടബാധ്യത തീർക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് മനസ്സിലാക്കിയ ആദിത്യൻ, നാട്ടിൽ മറ്റാരോ കള്ളൻമാരുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു.

സ്വന്തം വീട്ടിൽ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് തീയിടാൻ ശ്രമിച്ചെന്നും, മറ്റൊരിക്കൽ അജ്ഞാതൻ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നും തുടങ്ങി നിരവധി കഥകൾ പ്രചരിപ്പിച്ച് പൊലീസിൽ വിളിച്ചറിയിച്ചു. എന്നാൽ, ശാസ്ത്രീയമായ തെളിവുകളുടെയും അന്വേഷണത്തിന്റെയും പിൻബലത്തിൽ പൊലീസ് പ്രതിയിലേക്ക് എത്തുകയായിരുന്നു. മാള സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.