തിരുവനന്തപുരം: മുൻ ഡിഐജി വീട്ടിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘത്തെ പൊലീസ് പിടികൂടിയത് സാഹസികമായി. രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. മോഷണത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് കടന്ന മോഷ്ടാക്കളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് പൊലീസ് വലയിലാക്കിയത്. ഇതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും തെളിയിക്കപ്പെടാതെ കിടന്ന നിരവധി കേസുകളിലാണ് തുമ്പുണ്ടായത്. ക്രിസ്മസ് തലേന്നാണ് മുൻ ഡിഐജി സന്തോഷിൻെറ വീട്ടിൽ മോഷണം നടന്നത്. സ്വർണവും ആറൻമുള കണ്ണാടി ഉള്‍പ്പെടെ ഡിഐജിക്ക് ലഭിച്ച ഉപഹാരങ്ങളുമാണ് മോഷണം പോയത്. കരമന പൊലീസാണ് അന്വേഷണം തുടങ്ങിയത്. വിരൽ അടയാള പരിശോധനയിൽ ഉള്‍പ്പെടെ പ്രതികളെ കുറിച്ച് ഒരു തുമ്പും പൊലീസിന് ആദ്യം ലഭിച്ചില്ല.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് അന്വേഷണം രണ്ടുപേരിലേക്ക് എത്തി. ഇവർ താമസിച്ച ലോഡ്ജ് പൊലീസ് കണ്ടെത്തി. മോഷണം നടന്നതിന് തൊട്ടടുത്ത ദിവസം ഇവർ ലോഡ്ജ് വിട്ടുപോയതോടെ സംശയം വർദ്ധിച്ചു. ഇവർ താമസിച്ച ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ആധാർ കാർഡ് കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. യുപി സ്വദേശിയുടെ ആധാർ കാ‍ർഡാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു മൊബൈൽ പൊലീസിന് ലഭിച്ചു. ദില്ലിയിലായിരുന്നു ടവർ ലൊക്കേഷൻ കാണിച്ചത്. ഈ നമ്പർ പരിശോധിച്ചു വരുമ്പോഴാണ് ഇതേ സംഘം കേരളത്തിലേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടത്.


മോഷ്ടാക്കള്‍ വരുന്ന ട്രെയിൽ മനസിലാക്കിയ പൊലീസ് വർക്കലയിൽ നിന്നും ട്രെയിൻ കയറാൻ തയ്യാറാടുത്തെങ്കിലും ട്രെയിനിൽ സഞ്ചരിച്ചിരുന്നു മനോജ്, വിജയ് കുമാർ എന്നിവർ തിരുവല്ലയിലിറങ്ങി. തിരുല്ലയിൽ കണ്ടുവച്ചിരുന്ന ഒരു വീടായിരുന്നു പ്രതികളുടെ അടുത്ത ലക്ഷ്യം. ഇവർ തിരുവല്ലയിൽ ലോഡ്ജിൽ മുറിയെടുത്തതായും പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് രാത്രി തന്നെ തിരുവല്ലയിലെത്തിയ പൊലീസ് സംഘം ലോഡ്ജിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട്ടിലും ആന്ധ്രയിലും ഉൾപ്പെടെ ഇവർ നടത്തിയ മോഷണങ്ങളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.


അന്തർസംസ്ഥാന മോഷണ സംഘത്തിലെ കണ്ണികളാണിവർ എന്ന് പൊലീസിന് വ്യക്തമായി. നിരവധി കേസിലെ പ്രതികളാണ് തിരുവനന്തപുരത്ത് പിടിലായതെന്നതിറഞ്ഞതോടെ പ്രതികളെ കസ്റ്റഡിൽ വാങ്ങാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പൊലീസ് എത്തുന്നുണ്ട്. പകൽ കറങ്ങി നടന്ന് വീട് കണ്ടുവച്ച ശേഷം പുലർച്ചതോടെ മോഷണം നടത്തിയ അടുത്ത ട്രെയിനിൽ രക്ഷപ്പെടുകയാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറയുന്നു. മോഷ്ടാക്കളിലേക്കെത്തുന്ന തെളിവുകളൊന്നും ബാക്കിവയ്ക്കാതെ മോഷണം നടത്തുന്നതിലാണ് പ്രതികളെ പിടികൂടാൻ പൊലീസിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.