തൃശൂര്‍: തൃശൂര്‍ എടത്തിരുത്തി കിസാന്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ 18 തവണയായി 315 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി 14 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതികള്‍ പിടിയില്‍. സംഘത്തിലെ മൂന്ന് പേരെയാണ് കയ്പമംഗലത്ത് വച്ച് പോലീസ് പിടികൂടുന്നത്. കേസില്‍ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റ് മൂന്ന് പേര്‍ കൂടി പിടിയിലായത്. ശ്രീനാരായണപുരം ആമണ്ടൂര്‍ സ്വദേശി കാട്ടകത്ത് ബഷീര്‍ ബാബു (49), പറവൂര്‍ ചേന്നമംഗലം സ്വദേശി ചെട്ടി പറമ്പില്‍ ഗോപകുമാര്‍ (54), കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വാലത്തറ വീട്ടില്‍ രാജേഷ് (47) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ എടത്തിരുത്തി കുട്ടമംഗലം സ്വദേശി പോക്കാക്കില്ലത്ത് ബഷീര്‍ (47) നെയാണ് നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ തുടര്‍ന്ന് ഏഴോളം ധനകാര്യ സ്ഥാപനങ്ങള്‍ കൂടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പെരുമ്പാവൂര്‍, മൂവാറ്റുപ്പുഴ ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്ന വ്യാജ സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ പണയപ്പെടുത്തിയിരുന്നത്. ഒരു പവന്‍ തൂക്കം വരുന്ന വള പന്ത്രണ്ടായിരം രൂപ വില കൊടുത്താണ് ഇവര്‍ വാങ്ങുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച് ഒരു കോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. ഇത്തരത്തില്‍ തട്ടിയെടുത്ത പണം ഇവര്‍ ചീട്ടുകളിക്കും മറ്റുമായി ഉപയോഗിച്ചു.

വ്യാജ സ്വര്‍ണം നിര്‍മ്മിക്കുന്ന സംഘത്തെ കുറിച്ച് അറിവ് ലഭിച്ചിട്ടുണ്ടെന്നും, ഇവര്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പറഞ്ഞു. രാജേഷിന് വിവിധ സ്റ്റേഷനുകളിലായി പതിമൂന്നോളം കേസുകള്‍ ഉണ്ട്. ബഷീര്‍ ബാബുവിനെതിരെയും സമാന കേസ് നിലവിലുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കൊടുങ്ങല്ലൂര്‍ ഡി വൈ എസ് പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ കയ്പമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ എം ഷാജഹാന്‍, എസ് ഐമാരായ കെ എസ് സൂരജ്, ഹരിഹരന്‍, എ എസ് ഐ മുഹമ്മദ് റാഫി, സീനിയര്‍ സി പി ഒ സുനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.