ചേര്‍ത്തല: തണ്ണീര്‍മുക്കത്ത് അടച്ചിട്ട വീട്ടില്‍നിന്ന് 53 പവന്‍ സ്വര്‍ണവും 4000 രൂപയും കവര്‍ന്നു. തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് ആറാംവാര്‍ഡില്‍ റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ വാഴക്കല്‍ കെ. ഷാജിയുടെ വീട്ടിലാണ് വീടു കുത്തിത്തുറന്ന് മോഷണം നടത്തിയത്. മോഷണ സംഘം വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകടക്കുക ആയിരുന്നു. വീട്ടിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

യുവാക്കളടങ്ങിയ മൂന്നംഗ സംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പ്രാഥമികനിഗമനം. അപൂര്‍വം ദിവസങ്ങളില്‍ മാത്രമാണ് ഈ വീട്ടില്‍ താമസമുണ്ടായിരുന്നത്. ഇതു മനസ്സിലാക്കിയാണ് മോഷ്ടാക്കള്‍ എത്തിയതെന്നാണ് പോലിസിന്റെ നിഗമനം. മുന്‍വാതിലിന്റെ പൂട്ടുകള്‍ കമ്പിപ്പാരയടക്കമുള്ള ആയുധങ്ങള്‍കൊണ്ടു തകര്‍ത്താണ് കവര്‍ച്ചക്കാര്‍ അകത്തുകടന്നത്. ഷാജിയും കുടുംബവും കോട്ടയത്താണ് താമസം.

27-നു വൈകീട്ട് ആറോടെയാണ് വീടുപൂട്ടി ഷാജി കോട്ടയത്തേക്കു പോയത്. അന്നു രാത്രി 11.30-നുശേഷം കവര്‍ച്ച നടന്നതായാണ് കണക്കാക്കുന്നത്. 28-നു രാവിലെ 9.30 -ഓടെ ഷാജി തിരികെ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിയുന്നത്. ഷാജിയുടെ മകന്റെ മുറിയിലെ പഠനമേശയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു കവര്‍ന്നത്. പലമുറികളിലെയും അലമാരയടക്കം കുത്തിത്തുറന്നു പരിശോധിച്ചിട്ടുണ്ട്. എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.

ഷാജി വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുഹമ്മ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുത്തു. വീട്ടിലെ സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 27-നു രാത്രി 11.30-ന് വീടിന്റെ പിന്നിലൂടെ മൂന്നുപേര്‍ എത്തിയതായി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. രാത്രി 12-നുശേഷം വീടിനുമുന്നിലെ ക്യാമറയിലും സംഘത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. യുവാക്കളായ സംഘമാണ് പിന്നിലെന്നാണു സൂചന.

മുഹമ്മ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല എ.എസ്.പി.യുടെ കീഴിലുള്ള പ്രത്യേക അംഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.