കോട്ടയം: വാഴൂരില്‍ രണ്ടിടങ്ങളിലായി ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശികളായ ടാര്‍സണ്‍ എന്ന മനീഷ് എം.എം. (40), ഭാര്യ ജോസ്ന വിഎ. (39) എന്നിവരാണ് പെരുമ്പാവൂരില്‍ നിന്ന് മണിമല പൊലീസ് പിടികൂടിയത്. രണ്ട് പ്രതികളും നിലവില്‍ ഇടുക്കി ജില്ലയിലെ അടിമാലിയിലാണ് താമസിച്ചിരുന്നത്.

വാഴൂര്‍ ഗ്രാമം പരിധിയിലുണ്ടായിരുന്ന രണ്ടു മോഷണക്കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവരുടെ അറസ്റ്റ്. ജൂലൈ 28, 29 തീയതികളിലായിരുന്നു രണ്ട് വീടുകളില്‍ മോഷണം നടന്നത്. ചെങ്കല്ലേല്‍ പള്ളിക്ക് സമീപം മഞ്ചികപ്പള്ളി വീട്ടില്‍ കയറി മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയും, അരപവന്‍ മോതിരവും പ്രതികള്‍ മോഷ്ടിച്ചിരുന്നു. മറ്റൊരു വീട്ടില്‍ നിന്ന് രണ്ടേകാല്‍ പവന്റെ കൊലുസുകള്‍, വെള്ളികൊലുസ്, പാന്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, രൂപ 2000 അടങ്ങുന്ന ഏകദേശം ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന സാമഗ്രികളുമാണ് കവര്‍ന്നത്.

കേസുകള്‍ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. മണിമല എസ്.ഐ. ജയപ്രകാശ് വി.കെ., എസ്.ഐ. ജയപ്രസാദ് വി., സി.പി.ഒ.മാരായ ജിമ്മി ജേക്കബ്, സെല്‍വരാജ്, അഭിലാഷ്, ശ്രീജിത്ത്, നിതിന്‍ പ്രകാശ്, ശ്രീജിത്ത് ബി., ജോബി ജോസഫ്, വിമല്‍, ശ്രീജിത്ത് അനൂപ് എം.എസ്., രഞ്ജിത്ത് സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ മോഷണങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.