- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നിയ ഇഷ്ടം; ഇടയ്ക്ക് ബന്ധത്തിൽ വിള്ളൽ വീണതോടെ പ്രണയം പകയായി മാറി; കലി കയറി തിരുവല്ല ജംഗ്ഷനിലിട്ട് തീകൊളുത്തി അരുംകൊല; ഒടുവിൽ നാടിനെ നടുക്കിയ ആ സംഭവത്തിൽ നീതി; പ്രതി അജിന് റെജി മാത്യുവിന് ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ച് കോടതി
പത്തനംതിട്ട: തിരുവല്ലയിൽ പ്രണയപ്പകയിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ പ്രതി അജിൻ റെജി മാത്യുവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12ന് നടന്ന ക്രൂരമായ കൊലപാതകത്തിൽ, സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് പ്രേരിപ്പിച്ചത്.
2019 മാർച്ച് 12 ന് തിരുവല്ലയിലെ ചിലങ്ക ജംഗ്ഷനിൽ വെച്ചാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഹയർ സെക്കൻഡറി വിദ്യാഭ്യാസം മുതൽ പ്രണയത്തിലായിരുന്ന കവിതയും പ്രതി അജിനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതിനെ തുടർന്ന്, അജിൻ കവിതയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. കവിത റോഡിലൂടെ നടന്നു വരികയായിരുന്നപ്പോൾ അജിൻ അവരെ തടഞ്ഞു നിർത്തി സംസാരിക്കുന്നതിനിടയിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തി വീഴ്ത്തി. തുടർന്ന്, ബാഗിലുണ്ടായിരുന്ന പെട്രോൾ കവിതയുടെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കവിതയുടെ ദേഹമാസകലം തീ പടർന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി തീയണച്ച് കവിതയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ഗുരുതരമായി പൊള്ളലേറ്റ കവിത ചികിത്സയിലിരിക്കെ പിറ്റേദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
കേസിൽ പ്രോസിക്യൂഷന് ശക്തമായ സാക്ഷിമൊഴികളും തെളിവുകളും സമർപ്പിക്കാൻ സാധിച്ചിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമായി. ദൃശ്യങ്ങളിൽ കവിതയെ തടഞ്ഞുനിർത്തി ആക്രമിക്കുന്നതും പെട്രോളൊഴിച്ച് തീകൊളുത്തുന്നതും വ്യക്തമായി പതിഞ്ഞിരുന്നു. പ്രതിയുടെ മൊഴികളും സാഹചര്യ തെളിവുകളും കോടതിയിൽ സമർപ്പിക്കപ്പെട്ടതോടെ അജിൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
കവിതയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പ്രതി അജിന്റെ ഉദ്ദേശ്യമെന്ന് സൂചനകളുണ്ട്. കൊലപാതകത്തിന് ആവശ്യമായ കത്തിയും പെട്രോളും കയറും പ്രതി കയ്യിൽ കരുതിയിരുന്നു. പ്രണയബന്ധത്തിൽ നിന്ന് കവിത പിന്മാറിയെന്ന സംശയമാണ് ഈ ക്രൂര കൃത്യത്തിലേക്ക് അജിനെ നയിച്ചതെന്നായിരുന്നു പ്രാഥമിക വിവരങ്ങൾ.
വിധി പ്രസ്താവനത്തിനിടെ, കേസിൽ നിർണായകമായ അന്വേഷണം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥനെയും ശക്തമായി വാദിച്ച പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ ആവർത്തിക്കാതിരിക്കാൻ ഇത്തരം ശിക്ഷകൾക്ക് പ്രാധാന്യമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.




