തിരുവനന്തപുരം: മണ്ഡപത്തിന്‍കടവ് പൂഴനാട് നവജാത ശിശു മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ ഷംന (21) നിലവില്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴി വിശദമായി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും മുറിവുകള്‍ കണ്ടെത്തിയതാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ നയിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. ഇറച്ചിക്കട തൊഴിലാളിയായ ഭര്‍ത്താവ് അല്‍ത്താഫ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഷംന അവശ നിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഷംനയെ ഓട്ടോറിക്ഷയില്‍ കയറ്റി. ഇതിനിടെ ചെരിപ്പെടുക്കാനായി മുറിയില്‍ കയറിയ അല്‍ത്താഫ് കട്ടിലിനടിയില്‍ രക്തം പുരണ്ട തുണിക്കെട്ട് കാണുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുഞ്ഞിനെയും ഷംനയെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഷംന ഗര്‍ഭിണിയാണെന്ന വിവരം താനോ വീട്ടുകാരോ അറിഞ്ഞിരുന്നില്ലെന്നാണ് അല്‍ത്താഫ് പൊലീസിന് നല്‍കിയ മൊഴി. മൂന്ന് വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് രണ്ട് വയസ്സുള്ള മറ്റൊരു കുട്ടി കൂടിയുണ്ട്. രണ്ടാമതും ഗര്‍ഭിണിയായ വിവരം ഷംന എന്തിന് മറച്ചുവെച്ചു എന്നതിലും കുഞ്ഞിനെ അപായപ്പെടുത്താന്‍ പ്രേരിപ്പിച്ച സാഹചര്യം എന്താണെന്നതിലും ദുരൂഹത തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും ഷംനയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. അല്‍ത്താഫിന്റെ മൊഴിയും പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.

ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറംലോകമറിയുന്നത്. പ്രസവം നടന്ന സാഹചര്യവും കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകളും കൊലപാതക സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.