തിരുവനന്തപുരം: ബിജെപിയുടെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ സഹകരണ സംഘത്തിന്റെ തകരപ്പറമ്പ് ശാഖയിലെ തട്ടിപ്പ് ഗൗരവത്തോടെ കണ്ട് നടപടികളിലേക്ക് സര്‍ക്കാര്‍. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ അധികൃതര്‍ കൈമലര്‍ത്തി. ഇതോടെ നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. രേഖകള്‍ ഇല്ലാതെ ലക്ഷങ്ങള്‍ വായ്പ നല്‍കിയതാണ് പ്രതിസന്ധിയിലായത്. 2004ല്‍ ആണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. മണക്കാട്, ശാസ്തമംഗലം, കണ്ണമ്മൂല എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. നിക്ഷേപകരില്‍ പലരും ബിജെപി പ്രവര്‍ത്തകരാണെങ്കിലും പണം തിരികെ കിട്ടാതെ വലയുകയാണ്.

ബിജെപിയിലെ ചില ഭരണസമിതി അംഗങ്ങളുടെ പേര് ഒഴിവാക്കിയാണ് 7 കേസുകളിലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിജെപി നേതാവായ സംഘം പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കി മുന്‍ ഭരണസമിതിയിലെ 11 പേര്‍ക്ക് എതിരെയാണ് കേസ്. ബിജെപി നേതാവ് എം.എസ്.കുമാര്‍ (പ്രസി), മുന്‍ കൗണ്‍സിലര്‍ ജി.മാണിക്യം (വൈസ് പ്രസി), എം.ശശിധരന്‍, എസ്.ഗോപകുമാര്‍, കെ.ആര്‍.സത്യചന്ദ്രന്‍, എസ്.ഗണപതി പോറ്റി, ജി.ബിനുലാല്‍, സി.എസ്.ചന്ദ്രപ്രകാശ്, ടി.ദീപ, കെ.എസ്.രാജേശ്വരി, ചന്ദ്രിക നായര്‍ എന്നിവരാണു മുന്‍ ഭരണസമിതി അംഗങ്ങള്‍.

കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ് സൊസൈറ്റി. തട്ടിപ്പിന്റെ വ്യാപ്തി കൂടിയതിനെത്തുടര്‍ന്നു അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറും. 3 കോടി രൂപയില്‍ കൂടുതലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. എംഎസ് കുമാര്‍ ഒരു കാലത്ത് ബിജെപിയുടെ പ്രധാന നേതാവായിരുന്നു. സംസ്ഥാന സെക്രട്ടറിയുമായി. പഴവങ്ങാടി ശശിയും സത്യചന്ദ്രനും ബിജെപിയുടെ മുന്‍ ജില്ലാ പ്രസിഡന്റുമാരാണ്. ആര്‍ എസ് എസിനോട് കലഹിച്ചാണ് ഇവര്‍ ഈ ബാങ്ക് തുടങ്ങിയതെന്നതാണ് വസ്തുത. ആര്‍ എസ് എസ് നിയനന്ത്രണത്തിലുള്ള അനന്തപുരം സര്‍വ്വീസ് സഹകരണ ബാങ്കിലെ പ്രശ്‌നങ്ങളായിരുന്നു പുതിയ ബാങ്കിന്റെ രൂപീകരണത്തിലേക്ക് വഴി തെളിച്ചത്. അതിവേഗം കുമാറിന്റെ നേതൃത്വത്തിലെ ബാങ്ക് ലാഭത്തിലെത്തി. എന്നാല്‍ കോവിഡിന് ശേഷം നഷ്ടക്കണക്കിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ് പൊലീസ്. ഇതുവരെ 7 കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തു നിലവില്‍ 85 പേരാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 50 ലക്ഷം രൂപ മുതല്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഭരണസമിതി അംഗങ്ങള്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വരുത്തിയ ഗുരുതര വീഴ്ച കാരണം സംഘത്തിന് 32 കോടിരൂപ സാമ്പത്തിക നഷ്ടമുണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടം ബന്ധപ്പെട്ട കാലയളവിലെ ഭരണസമിതി അംഗങ്ങളില്‍ നിന്നു പലിശസഹിതം ഈടാക്കണമെന്നും സഹകരണ അസി.റജിസ്ട്രാര്‍ ഓഫിസിലെ ഇന്‍സ്പെക്ടര്‍ എം.എസ്.ദേവസേനന്‍ നായര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഷ്ടമുള്ളവര്‍ക്കെല്ലാം ലോണ്‍ നല്‍കിയതാണ് എല്ലാ പ്രതിസന്ധിക്കും കാരണം.

ജീവനക്കാരുടെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംഘത്തിലെ ധൂര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയുമാണ് പ്രതിസന്ധികള്‍ക്കു കാരണം. നിക്ഷേപകരുടെ പരാതിയില്‍ സൊസൈറ്റി പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കിയാണ് ഫോര്‍ട്ട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സഹകരണ വകുപ്പും അന്വേഷണം ആരംഭിച്ചു. ബാങ്കിലെ നിക്ഷേപകരില്‍ പ്രമുഖ വ്യവസായികള്‍ അടക്കമുണ്ട്. സിപിഎം നേതാക്കള്‍ക്ക് അടക്കം ഈ ബാങ്കുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെ നിയമിച്ച കലക്ഷന്‍ ഏജന്റുമാര്‍ക്കു 2011 മുതല്‍ 2023 വരെ കമ്മിഷനായി നല്‍കിയതു മാത്രം 4.11 കോടി രൂപയെന്നു റിപ്പോര്‍ട്ട്. 3.22 കോടിരൂപ ഹെഡ് ഓഫിസും 16.86 ലക്ഷം രൂപ ശാസ്തമംഗലം ശാഖയും 15 ലക്ഷം രൂപ കണ്ണമ്മൂല ശാഖയും 56 ലക്ഷം രൂപ മണക്കാട് ശാഖയും ചെലവഴിച്ചു. വകുപ്പിന്റെ അനുമതി ഇല്ലാതെ ഹെഡ് ഓഫിസിലും ശാഖകളിലും ക്രമവിരുദ്ധമായിട്ടാണ് കലക്ഷന്‍ ഏജന്റുമാരെ നിയോഗിച്ചത്.