- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തൃശൂര്‍ പൂരത്തില്‍ എഫ് ഐ ആര്‍ ഇടുന്നതില്‍ ആശയക്കുഴപ്പം; അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടും; അന്വേഷണ സംഘത്തില്‍ അവ്യക്തത തുടരുന്നു; അതിവേഗ തീരുമാനത്തിന് സിപിഎം ഇടപെടും
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രതിസന്ധിയില്‍. ഈ മാസം 5ന് മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഉത്തരവിറങ്ങിയെങ്കിലും പ്രത്യേക സംഘത്തെ തീരുമാനിച്ചില്ല. അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തന്നെ ചില ഉദ്യോഗസ്ഥരെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തൃശൂര്‍ പൂരം അട്ടിമറിയില്‍ എങ്ങനെ കേസെടുക്കുമെന്ന സംശയവും പോലീസിനുള്ളില്‍ ഉണ്ടെന്നാണ് സൂചന.
പൂരം അട്ടിമറിയില്‍ കേസെടുത്ത് അന്വേഷിക്കുന്നതിലും ആശയക്കുഴപ്പം പ്രകടമാണ്. പൂരം കലക്കലില്‍ തൃതല അന്വേഷണത്തിനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കുമെന്നായിരുന്നു. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കുമെന്നും മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇന്റലിജന്‍സ് എഡിജിപി അന്വേഷിക്കുമെന്നുമായിരുന്നു വിശദീകരണം. തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ അന്വേഷണം നടത്തിയിരുന്നു.
മന്ത്രിസഭാ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങള്‍ ആരൊക്കെയെന്ന കാര്യത്തില്‍ തീരുമാനിക്കാന്‍ ഡിജിപിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതില്‍ പ്രതിസന്ധികള്‍ ഏറെയുണ്ട്. ഇതിനൊപ്പം കേസെടുക്കുന്നതില്‍ നിയമോപദേശം വേണമെന്നാണ് പോലീസ് മേധാവിയുടെ നിലപാട്. അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പരിമിതിയുണ്ടെന്നാണ് വിലയിരുത്തല്‍.
അജിത് കുമാറിന്റെ റിപ്പോര്‍ട്ട് വിശദ നിയമോപദേശത്തിനായി നല്‍കും. അതിലെ തീരുമാനം അറിഞ്ഞ ശേഷമേ പോലീസ് തൃശൂര്‍ പൂരത്തില്‍ എഫ് ഐ ആര്‍ ഇടൂ. അതിനിടെ ക്രിമിനല്‍ അന്വേഷണം നയപരമായ സര്‍ക്കാര്‍ തീരുമാനമാണെന്നും അത് പോലീസ് അനുസരിക്കുമെന്നും സിപിഎം നേതാക്കളും പറയുന്നു. ഏതായാലും ഉടന്‍ കേസെടുക്കുന്നതില്‍ പോലീസ് തീരുമാനം എടുക്കും. തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസാണെന്ന പരാമര്‍ശത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി ആര്‍എസ്എസ് നടപടികളിലേക്ക് കടന്നിട്ടുണ്ട്.
നിയമസഭയില്‍ നടത്തിയ ആരോപണങ്ങളിലാണ് നടപടി. മന്ത്രി, എംഎല്‍എ, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരിക്കുന്ന ആളുകള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമാണെന്നാണ് ഉത്തര കേരള പ്രാന്ത കാര്യവാഹ് പി എന്‍ ഈശ്വരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. വിഷയത്തില്‍ ഗവര്‍ണറെയും സ്പീക്കറെയും കാണാനാണ് തീരുമാനം. രാഷ്ട്രീയ നേട്ടത്തിന് ആര്‍എസ്എസിന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും പ്രസ്താവനയില്‍ പറയുന്നു. ഉത്സവങ്ങളെ സംഘര്‍ഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിത്. എന്ത് അറിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആര്‍എസ്എസ് ചോദിക്കുന്നു.
ആര്‍എസ്എസിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം ദുരുദ്ദേശ്യത്തോടെയാണ്. പൂരം സംബന്ധിച്ച വിവാദങ്ങളില്‍ സംഘത്തിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. ഇത്തരം വിവാദങ്ങളില്‍ ഇടപെടാന്‍ ആര്‍എസ്എസിന് സമയമില്ല. വിവാദങ്ങള്‍ക്ക് താല്‍പര്യവുമില്ലെന്നും പി എന്‍ ഈശ്വരന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.