- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്ത്രീധനത്തിന്റെ പേരില്‍ തുടങ്ങിയ പീഡനം; ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ടതോടെ വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞു, മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം വെറും 21 കിലോ മാത്രമായി ചുരുങ്ങി; ആമാശയത്തില്‍ ഭക്ഷണത്തിന്റ അംശം പോലുമില്ലായിരുന്നു; പൂയപ്പള്ളിയില്‍ തുഷാര മരിച്ചത് നേരിട്ടത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയ്ക്ക് ഇരയായി
സ്ത്രീധനത്തിന്റെ പേരില്‍ തുടങ്ങിയ പീഡനം
കൊല്ലം: കരുനാഗപ്പള്ളിയ്ക്ക് സമീപം പൂയപ്പള്ളിയില്‍ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ ഇന്ന് ശിക്ഷ വിധിക്കാനിരിക്കിടെ പ്രതികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തമാണ്. അത്രയ്ക്കും കൊടിയ പീഡനങ്ങളാണ് തുഷാര(27)യെന്ന സാധു സ്ത്രീ നേരിടേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരില്‍ തുടങ്ങിയ പീഡനങ്ങള്‍ അവരുടെ മരണത്തിലേക്ക് എത്തുകയായിരുന്നു. കേസില്‍ പ്രതികളായ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി വിധിച്ചിരുന്നു.
സ്ത്രീധനത്തിന്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ തുഷാരയ്ക്ക് മരിക്കുമ്പോള്‍ 20 കിലോഗ്രാം മാത്രമാണ് ഭാരമുണ്ടായിരുന്നത്. യുവതിയെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും ഭക്ഷണമായി അരി കുതിര്‍ത്തതും പഞ്ചസാര വെള്ളവും മാത്രമാണ് നല്‍കിയിരുന്നതെന്നുമാണ് പോലീസ് കണ്ടെത്തിയത്. ആഹാരം ലഭിക്കാതെ ഒടുവില്‍ ന്യൂമോണിയ ബാധിച്ചാണ് യുവതി മരിച്ചതെന്ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയാണ് നടന്നത്. 2019 മാര്‍ച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. രാത്രി ഒരു മണിക്ക് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ തുഷാരയുടെ അച്ഛനും അമ്മയും, സഹോദരനും, ബന്ധുക്കളും കണ്ടത് ശോഷിച്ച മൃതദേഹമായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ആമാശയത്തില്‍ ഭക്ഷണത്തിന്റ അംശം പോലുമില്ല. വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം വെറും 21 കിലോ മാത്രമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുഷാരയെ ഭര്‍ത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേര്‍ന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.
2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിന്റെയും വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ മൂന്നാം മാസം മുതല്‍ തുഷാരയെയും കുടുംബത്തെയും ഭര്‍ത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആ പീഡനം അവസാനിച്ചത് തുഷാരയുടെ മരണത്തിലായിരുന്നു. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാന്‍ പ്രതികള്‍ സമ്മതിച്ചിരുന്നില്ല. തുഷാരയ്ക്ക് 2 പെണ്‍കുട്ടികള്‍ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാന്‍ അനുവദിച്ചിരുന്നില്ല. അമ്മ കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭര്‍ത്താവും ഭര്‍തൃമാതാവും വിലക്കി.
കുട്ടിയെ നഴ്‌സറിയില്‍ ചേര്‍ത്തപ്പോള്‍ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് തുഷാര കിടപ്പു രോഗിയാണെന്ന് പ്രതികള്‍ ധരിപ്പിച്ചു. മാത്രമല്ല അമ്മയുടെ പേര് രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണെന്നും അധ്യാപികയെ വിശ്വസിപ്പിച്ചു. ശാസ്ത്രീയമായ തെളിവുകള്‍ക്ക് ഒപ്പം അയല്‍ക്കാരുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതില്‍ നിര്‍ണായകമായത്.
നാട്ടുകാരില്‍ നിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന വീട്ടിലെ വിവരങ്ങള്‍ അധികമാര്‍ക്കും അറിയുമായിരുന്നില്ല. എങ്കിലും മിക്ക ദിവസങ്ങളിലും കൊല്ലപ്പെട്ട യുവതിയുടെ നിലവിളിയും കരച്ചിലും വീട്ടില്‍ നിന്ന് കേട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഒരു വര്‍ഷമായി തുഷാരയുടെ അമ്മയ്ക്കും ചന്തുലാലിന്റെ വീട്ടുകാര്‍ സന്ദര്‍ശനം അനുവദിച്ചിരുന്നില്ല. അഞ്ച് വര്‍ഷത്തിനിടെ സ്ത്രീധനമായി നല്‍കാമെന്നു പറഞ്ഞിരുന്ന തുക അടുത്താഴ്ച ബന്ധുക്കള്‍ ഭര്‍തൃവീട്ടില്‍ എത്തിക്കാനിരിക്കെയാണു തുഷാരയുടെ മരണം സംഭവിച്ചതും. രണ്ടു ലക്ഷം രൂപയാണ് സ്ത്രീധനം പറഞ്ഞിരുന്നതെങ്കിലും ഇതു നല്‍കാന്‍ വൈകിയതിനാല്‍ മൂന്നുലക്ഷം നല്‍കാനായിരുന്നു വീട്ടുകാരുടെ തീരുമാനം. ഇതിനായി ബാങ്ക് വായ്പയും കുടുംബം തരപ്പെടുത്തിയിരുന്നു.
വിവാഹം കഴിഞ്ഞുള്ള 5 വര്‍ഷത്തിനിടെ 3 തവണ മാത്രമാണു തുഷാര സ്വന്തം വീട്ടില്‍ എത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നഗരസഭയില്‍ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ എത്തിയപ്പോള്‍ താലിമാല മാറിയതു ബന്ധുക്കള്‍ ശ്രദ്ധിച്ചിരുന്നു. അന്വേഷണത്തില്‍ വീട്ടുകാര്‍ നല്‍കിയ 20 പവന്‍ സ്വര്‍ണം മാറ്റി ഭര്‍തൃവീട്ടുകാര്‍ അതേ രീതിയിലുള്ള മുക്കുപണ്ടം തുഷാരയ്ക്കു നല്‍കിയതായി മനസ്സിലായി. വിവാഹത്തിന്റെ കടങ്ങള്‍ മൂലമാണെന്ന ധാരണയില്‍ തുഷാരയുടെ വീട്ടുകാര്‍ കുടുതല്‍ അന്വേഷിച്ചില്ല.
രണ്ടു കുട്ടികളുടെ പ്രസവത്തിനു വിളിക്കാന്‍ ചെന്നപ്പോഴും തുഷാരയെ വീട്ടിലേക്ക് അയയ്ക്കാന്‍ ഭര്‍തൃവീട്ടുകാര്‍ തയാറായില്ല. ഭര്‍തൃവീട്ടില്‍ കൊടിയപീഡനങ്ങളായിരുന്നെന്ന ഒരു സൂചനയും തുഷാരയും വീട്ടുകാര്‍ക്കു നല്‍കിയിരുന്നില്ല. തനിക്കു സുഖമാണെന്നും നിങ്ങളാരും വിളിക്കുകയോ വരുകയോ ചെയ്യാതിരിക്കുന്നതാണു നല്ലതെന്നുമാണു അറിയിച്ചിരുന്നത്. ഇടയ്ക്കിടെ ഭര്‍ത്താവ് ഭാര്യാവീട്ടില്‍ വിളിച്ച് സ്ത്രീധനത്തുക ആവശ്യപ്പെടുമായിരുന്നെന്നു തുഷാരയുടെ മാതാപിതാക്കള്‍ വ്യക്തമാക്കിയിരുന്നു.