- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഷ്‌കറെ തോയിബയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് നേപ്പാളില്‍ വിനോദ് കുമാര്‍ എന്ന പേരില്‍ കഴിയവേ; ഹാഫിസ് സയീദുമായി അടുത്ത ബന്ധം; ഇന്ത്യന്‍ ഏജന്‍സികള്‍ വലവിരിച്ചതോടെ പാക്കിസ്ഥാനിലേക്ക് മുങ്ങി; ലഷ്‌കറിനായി ഫണ്ട് സ്വരൂപിക്കുന്ന ഭീകരന്; സൈഫുള്ള ഖാലിദ് വെടിയേറ്റ് വീണത് മത്‌ലിയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങവേ
സൈഫുള്ള ഖാലിദ് വെടിയേറ്റ് വീണത് മത്‌ലിയിലെ വീട്ടില്‍നിന്ന് പുറത്തിറങ്ങവേ
ന്യൂഡല്‍ഹി: ഭീകരതക്കെതിരെ ഇന്ത്യ നടപടികള്‍ ശക്തമാക്കവേയാണ് റസുള്ള നിസാനി ഖാലിദ് എന്ന അബു സൈഫുള്ള ഖാലിദ് പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയില്‍ വെച്ച് കൊല്ലപ്പെടുന്നത്. അജ്ഞാതരായ മൂന്ന് തോക്കുധാരികളെത്തി ഖാലിദിനെ കൊലപ്പെടുത്തി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നടന്ന മൂന്ന് ഭീകരാക്രമണങ്ങളിലെ സൂത്രധാരനാണ ഖാലിദ് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
2005-ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും 2006-ല്‍ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തും നടന്ന ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനും ലഷ്‌കറെ തോയ്ബ ഭീകരനുമായ അബു സൈഫുള്ള ഖാലിദ് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഖാലിദിന് സുരക്ഷയൊരുക്കിയിരുന്നു. 2000-ത്തിന്റെ തുടക്കത്തില്‍ നേപ്പാളില്‍ നിന്നാണ് ലഷ്‌കറെ തൊയ്ബയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഖാലിദ് നേതൃത്വംനല്‍കിയിരുന്നത്. വിനോദ് കുമാര്‍, മുഹമ്മദ് സലിം, റസുള്ള തുടങ്ങിയ പേരുകളും ഇയാള്‍ക്കുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് സിന്ധിലെ ബദ്നിയില്‍വെച്ച് അജ്ഞാതര്‍ വെടിവെക്കുകയായിരുന്നു. മത്‌ലിയിലെ വീട്ടില്‍നിന്ന് ഇറങ്ങി ബദ്‌നിയിലെ ക്രോസിങ്ങില്‍ എത്തിയപ്പോഴാണ് സംഭവം. 2001-ല്‍ രാംപുരിലെ സിആര്‍പിഎഫ് ക്യാമ്പിലെ ഭീകരാക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആക്രമണത്തില്‍ പ്രധാന പങ്കുണ്ടായിരുന്ന ലഷ്‌കര്‍ ഭീകരസംഘടനയിലെ അബു അനസിന്റെ അടുത്ത അനുയായിയായിരുന്നു ഖാലിദ്. അനസ് ഇപ്പോഴും ഒളിവിലാണ്.
ലഷ്‌കറിനായി ഫണ്ട് സ്വരൂപിക്കുന്ന ഭീകരനാണ് ഇയാള്‍. ലഷ്‌കറെ തൊയ്ബ സഹസ്ഥാപകന്‍ ഹാഫിസ് സയീദുമായി റസുള്ള നിസാനി ഖാലിദിന് ബന്ധമുണ്ട്. നേപ്പാളില്‍നിന്ന് ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട്ചെയ്യുന്നതില്‍ പങ്കാളിയായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭീകരസംഘടനയിലെ അസം ചീമ എന്ന ബാബാജി, യാക്കൂബ് എന്നിവരുമായി ഖാലിദ് അടുത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നേപ്പാളില്‍ ഖാലിദിനായി വലവിരിച്ചതോടെ പാക്കിസ്ഥാനിലേക്ക് പോയി. പാക്കിസ്ഥാനില്‍ യൂസഫ് മുസമ്മില്‍ ഉള്‍പ്പെടെ ലഷ്‌കറെ തൊയ്ബയുടെയും ജമാഅത്ത് ഉദ്ദവയുടെയും ഒട്ടേറെ നേതാക്കളുമായി അടുത്തുപ്രവര്‍ത്തിച്ചു.
പാകിസ്താന്‍പ്രവിശ്യയിലുള്ള സിന്ധിലെ ബാദിന്‍, ഹൈദരാബാദ് ജില്ലകളില്‍നിന്ന് റിക്രൂട്ട്‌ചെയ്യുന്നതിനും ഫണ്ട് ശേഖരിക്കുന്നതിനുമായി ഭീകരസംഘടന ഖാലിദിനെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്‌കറെ കമാന്‍ഡര്‍ ഷാഹിദ് കുട്ടെയുള്‍പ്പെടെ ആറ്് ഭീകരരെ വധിച്ചിരുന്നു.
ജമ്മു-കശ്മീരിലെ പൂഞ്ചിലെ ഭീകരശൃംഖലകള്‍ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ഇരുപതോളമിടങ്ങളില്‍ പോലീസ് പരിശോധന നടത്തി. പ്രധാനമായും ഭൂഗര്‍ഭത്തൊഴിലാളികള്‍, പാകിസ്താന്‍-പാക്കധീന കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍, അവരുടെ ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഒട്ടേറെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
2000ത്തിന്റെ തുടക്കത്തില്‍ നേപ്പാളില്‍ ലശ്കറിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇയാള്‍ പലതരത്തിലുള്ള ഓപ്പറേഷനുകളാണ് നയിച്ചത്. കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിലും സാമ്പത്തിക-ലോജിസ്റ്റിക് പിന്തുണ ഉറപ്പാക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചിരുന്നു. സിന്ധ് പ്രവിശ്യയില്‍ തീവ്രവാദി റിക്രൂട്ട്‌മെന്റിനും സാമ്പത്തിക സമാഹരണത്തിനും നേതൃത്വം വഹിച്ചുവരുകയായിരുന്നു. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടില്ല.