- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എന്തെങ്കിലും ഹെൽപ്പ് വേണോ..സർ..!!; സോഷ്യൽ മീഡിയ വഴി മാത്രം ബന്ധപ്പെടും; പരിചയം മുതലെടുത്ത് കെണിയിൽ വീഴ്ത്താൻ മിടുക്കി; ചാറ്റ് ചെയ്ത് കൂടുതൽ അടുത്തതും കൊടുംചതി; 33 കാരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ വൻതുക തട്ടിയെടുത്ത കേസിൽ തിരുവനന്തപുരം സ്വദേശിനിയായ 33-കാരിയെ ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തിരുമല പുത്തേരിൽ വീട്ടിൽ ആര്യ ദാസാണ് (33) അറസ്റ്റിലായത്. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ ഒരാളിൽ നിന്ന് വ്യാജ ആപ്ലിക്കേഷൻ ഉപയോഗിച്ച് 16.6 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് നടപടി. ഈ തട്ടിപ്പിന് പിന്നിൽ രാജ്യവ്യാപകമായ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ആര്യ ദാസിനെ കോടതി റിമാൻഡ് ചെയ്തു.
പരാതിക്കാരനെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ബന്ധപ്പെട്ടാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. ഒരു സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വിശ്വാസം നേടിയെടുത്ത ശേഷമാണ് ആര്യ ദാസും സംഘവും ഇരയെ കെണിയിലാക്കിയത്. ലാഭകരമായ ഷെയർ ട്രേഡിംഗ് അവസരങ്ങൾ വാഗ്ദാനം ചെയ്ത്, പരാതിക്കാരന്റെ ഫോണിൽ ഒരു വ്യാജ ഷെയർ ട്രേഡിംഗ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു.
ഈ വ്യാജ ആപ്പിലൂടെ പ്രതികൾ നിർദേശിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ടു മാസത്തിനുള്ളിൽ 16.6 ലക്ഷം രൂപയാണ് പരാതിക്കാരൻ നിക്ഷേപിച്ചത്. താൻ നിക്ഷേപിച്ച തുകയ്ക്ക് പുറമെ വലിയ ലാഭവും ഈ വ്യാജ ആപ്പിൽ 'പ്രത്യക്ഷപ്പെട്ട'തോടെ പരാതിക്കാരൻ സന്തോഷത്തിലായിരുന്നു. എന്നാൽ, ഈ പണം തിരികെ പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി ഇദ്ദേഹം തിരിച്ചറിഞ്ഞത്. ആപ്പിൽ കാണിച്ചിരുന്ന ലാഭക്കണക്കുകൾ യഥാർത്ഥത്തിൽ ഒരു തട്ടിപ്പ് മാത്രമായിരുന്നു.
താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ പരാതിക്കാരൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ നവംബർ 10-ന് കേസ് രജിസ്റ്റർ ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി. ജോർജ്ജിന്റെ നേതൃത്വത്തിൽ അന്വേഷണം ഉടൻ ആരംഭിച്ചു.
അന്വേഷണത്തിൽ, പരാതിക്കാരൻ നഷ്ടപ്പെട്ട പണം അറസ്റ്റിലായ ആര്യ ദാസിന്റെ പേരിലുള്ള ഇൻഡസ് ഇൻഡ് ബാങ്കിന്റെ തിരുവനന്തപുരം ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് അയച്ചു നൽകിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡി.സി.ആർ.ബി. ഡിവൈ.എസ്.പി സന്തോഷ് എം.എസ്സിന്റെ മേൽനോട്ടത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആര്യ ദാസിനെ അറസ്റ്റ് ചെയ്തത്.
ഇവരുടെ തട്ടിപ്പ് കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കേരളത്തിൽ എറണാകുളം സിറ്റിയിൽ കൂടാതെ, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി ആര്യ ദാസിനും ഇവരുടെ സംഘാംഗങ്ങൾക്കുമെതിരെ നിലവിൽ 28-ഓളം തട്ടിപ്പ് പരാതികൾ നിലവിലുണ്ട്.
അറസ്റ്റിന് പിന്നാലെ ആര്യ ദാസ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നവംബർ 18-ന് അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ്ബ് മെഡിക്കൽ കോളേജിൽ എത്തി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി, പരാതിക്കാരന് നഷ്ടമായ തുകയിൽ നിന്ന് 4.5 ലക്ഷം രൂപ എൻ.സി.ആർ.പി. പോർട്ടൽ വഴി മരവിപ്പിക്കാനും അത് തിരികെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും പോലീസിന് സാധിച്ചിട്ടുണ്ട്. ഐ.പി. അഡ്രസ്സുകൾ കേന്ദ്രീകരിച്ചും മറ്റ് ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷിച്ചും കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു. രാജ്യവ്യാപകമായി നടക്കുന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ ഒരു കണ്ണിയാണ് ആര്യ ദാസ് എന്നും, കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നുമാണ് പോലീസ് പ്രതീക്ഷിക്കുന്നത്.




