- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭര്‍ത്താവിന്റെ വീടിന് അടുത്തുള്ള യുവാവും കുടുംബവും ജസീലയ്‌ക്കെതിരെ ഉന്നയിച്ചത് സ്വര്‍ണ്ണം മോഷ്ടിച്ചു എന്ന വ്യാജ ആരോപണം; സാമൂഹ്യ മാധ്യമ അധിക്ഷേപം അടക്കം താങ്ങാനാവാതെ വിഷം കഴിഞ്ഞു; ജസീലയുടെ മരണത്തിന് ഉത്തരവാദി ആര്? വിദ്യാനഗര്‍ പോലീസ് അന്വേഷണത്തില്‍

കാസര്‍കോട്: മോഷണക്കുറ്റം ആരോപിച്ച് അയല്‍വാസികളും പൊലീസും ചേര്‍ന്ന് നടത്തിയ മാനസിക പീഡനത്തില്‍ മനംനൊന്ത് കാസര്‍കോട് സ്വദേശിനിയായ യുവതി ജീവനൊടുക്കിയത് വിവാദത്തില്‍. നാലത്തടുക്ക സ്വദേശിനി ജസീല (24) ആണ് മരിച്ചത്. വിഷം കഴിച്ച് ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മരിക്കുന്നതിന് മുന്‍പ് മജിസ്ട്രേറ്റിന് നല്‍കിയ മരണമൊഴിയിലും തന്നെ ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ അപമാനിച്ചതിലുള്ള മനോവിഷമം ജസീല പങ്കുവെച്ചിരുന്നു. ഭര്‍ത്താവിന്റെ വീടിന് അടുത്തുള്ള യുവാവും കുടുംബവും ജസീലയ്‌ക്കെതിരെ സ്വര്‍ണ്ണം മോഷ്ടിച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ ബോധപൂര്‍വ്വം സ്വഭാവഹത്യ നടത്താനും ശ്രമം നടന്നു.
ആദൂര്‍ പൊലീസില്‍ നിന്നും കടുത്ത മാനസിക പീഡനമാണ് ജസീലയ്ക്ക് നേരിടേണ്ടി വന്നതെന്ന് കുടുംബം ആരോപിക്കുന്നു. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ പോലീസ് ജസീലയെ മാനസികമായി തളര്‍ത്തുന്ന രീതിയിലാണ് പെരുമാറിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ട സംഭവത്തില്‍ ജസീലയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തുകയും പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്യാതിട്ടില്ലെന്നും പോലീസ് പറയുന്നു.
പക്ഷേ, ഇല്ലാത്ത കുറ്റം സമൂഹമധ്യത്തില്‍ ചര്‍ച്ചയായതും പരസ്യമായ ആക്ഷേപങ്ങളും രണ്ട് കുട്ടികളുടെ അമ്മയായ ജസീലയെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. വിദ്യാനഗര്‍ പോലീസ് നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമീറാണ് ജസീലയുടെ ഭര്‍ത്താവ്. മഹ്‌സൂക്, ഐസാന്‍ എന്നിവര്‍ മക്കളാണ്. പിതാവ്: ജസീല്‍. മാതാവ്: മുംതാസ്. സഹോദരങ്ങള്‍: അനസ്, ജാസിറ.


