- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് യാത്രക്കാരെ കൊല്ലാൻ ശ്രമിച്ചുവെന്ന് എഫ്.ഐ.ആർ; കേസെടുത്തത് അക്രമത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിയുടെ ഭാര്യയുടെ പരാതിയിൽ; മരിച്ചവർക്ക് ശരീരത്തിൽ പൊള്ളലേറ്റിട്ടില്ല; തലയ്ക്ക് സാരമായ പരിക്കെന്ന് പോസ്റ്റുമോർട്ടം റിപ്പോട്ട്; രക്ഷപെടാൻ ശ്രമിച്ചപ്പോൾ അപകടത്തിൽ പെട്ടെന്ന് നിഗമനം
കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണ തുടങ്ങിയിരിക്കയാണ്. എഫ്.ഐ.ആർ ഇട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അക്രമത്തിൽ പരിക്കേറ്റ കണ്ണൂർ കതിരൂർ സ്വദേശി അനിൽകുമാറിന്റെ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് യാത്രക്കാരെ കൊല്ലാൻ ശ്രമിച്ചുവെന്നാണ് റെയിൽവേ പൊലീസിന്റെ എഫ്ഐആറിലുള്ളത്.
ട്രെയിനിലെ അക്രമത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കണ്ണൂർ കതിരൂർ സ്വദേശി അനിൽകുമാറിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 35 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാളുടെ കഴുത്തിലുണ്ടായ പൊള്ളലാണ് ഗുരുതരം. ഭാര്യക്കും കുട്ടിക്കും ആക്രമണത്തിൽ പൊള്ളലേറ്റിരുന്നുവെന്നും ഇവരുടെ സ്ഥിതി ഗുരുതരമായിരുന്നില്ല.
അതേസമയം മെഡിക്കൽ കോളേജിലെ ബേൺ ഐസിയുവിലുള്ള അദ്വൈതിന്റെയും അശ്വതിയുടെയും ആരോഗ്യ നില മെച്ചപ്പെട്ടതായും ഡോക്ടർമാർ അറിയിച്ചു. ഇവരടക്കം എട്ടു പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിനിടെ അജ്ഞാതൻ ട്രെയിനിന് തീകൊളുത്തിയ സംഭവത്തിൽ മരിച്ച മൂന്ന് പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ റഹ്മത്ത്, സഹറ, നൗഫീഖ് എന്നിവരാണ് മരിച്ചത്. ഇവരുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളില്ല. ട്രെയിനിൽ നിന്ന് ചാടിയ സമയത്ത് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. രക്ഷപെടാൻ ശ്രമിച്ചപ്പോൾ ട്രെയിനിൽ നിന്ന് ചാടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ തലയ്ക്ക് പിന്നിൽ ആഴത്തിലുള്ള മുറിവുകളുണ്ട്.
എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് മട്ടന്നൂർ സ്വദേശി റഹ്മത്തിന്റേയും സഹോദരിയുടെ മകൾ രണ്ട് വയസുകാരി സഹറയുടേയും മൃതദേഹങ്ങൾ കിട്ടിയത്. പെട്രോൾ ആക്രമണം ഭയന്ന് ട്രെയിനിൽ നിന്ന് റഹ്മത്തും കുഞ്ഞും എടുത്ത് ചാടിയെന്നാണ് യാത്രക്കാർ പറയുന്നത്. മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ കിടക്കുന്ന മൂന്ന് മൃതദേഹങ്ങൾ കണ്ടത്. ഇദ്ദേഹം ഉടൻ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു.
ഇന്നലെ രാത്രി 9 മണിയോടെയാണ് ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ അജ്ഞാതൻ തീവച്ചത്. സംഭവത്തിൽ ഒൻപത് പേർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിൻസ് എന്നയാളെ ബേബി മെമോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവർ കോഴിക്കോട് മെഡിക്കൽ കോളജിലാണ്.
ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പൊലീസ് പുറത്തിവിട്ടു. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതി ഇതര സംസ്ഥാന തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ ട്രെയിനിന് തീ കൊളുത്തിയെന്ന് കരുതുന്ന പ്രതിയുടെ രേഖാചിത്രം റെയിൽവേ പൊലീസ് പുറത്തുവിട്ടു. തലയിൽ തൊപ്പിവച്ച, താടിയുള്ള ആളാണ് രേഖാചിത്രത്തിൽ കാണാൻ സാധിക്കുന്നത്. എലത്തൂർ പൊലീസ് സ്റ്റേഷനിൽ വച്ചാണ് രേഖാചിത്രം വരച്ചത്. പ്രതിയെ നേരിട്ടു കണ്ട റാസിഖ് എന്നായാളുടെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. രേഖാചിത്രത്തിന് പ്രതിയുമായി ഏറെ സാമ്യമുണ്ടെന്ന് റാസിഖ് പൊലീസിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതിനിടെ പ്രതിയുടേതെന്ന് കരുതുന്ന ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിന്റെ നമ്പറും പൊലീസിന് ലഭിച്ചു. മാർച്ച് 30നാണ് ഈ ഫോൺ അവസാനം ഉപയോഗിച്ചിരിക്കുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കോരപ്പുഴ പാലത്തിനും എലത്തൂർ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിനിൽ തീ വെച്ചപ്പോൾ പരിഭ്രാന്തരായി ഇവർ താഴേക്ക് ചാടിയതാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റു. ഇതിൽ എട്ടുപേർ ചികിത്സയിലാണ്. അഞ്ചുപേർ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അക്രമിയുടെ കാലിനും പൊള്ളലേറ്റതായി ദൃക്സാക്ഷി പറഞ്ഞു. തീയിട്ടശേഷം ചങ്ങലെ വലിച്ച് ട്രെയിൻ നിർത്തി അക്രമി ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
മറുനാടന് മലയാളി ബ്യൂറോ