ബെംഗളൂരു: കുഞ്ഞിന് ചില ടെസ്റ്റുകള്‍ നടത്താനുണ്ടെന്ന് പറഞ്ഞ് ഡോക്ടറുടെയും നഴ്‌സിന്റെയും വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടിപോയി. കര്‍ണാടകയിലെ കലബുറഗിയില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മുഖത്ത് മാസ്‌ക് ധരിച്ചാണ് ഇരുവരും എത്തിയത്. രണ്ട് യുവതികളായിരുന്നു. ഇവര്‍ കുഞ്ഞിനെ എടുത്ത് കൊണ്ട് പോകുകയായിരുന്നു. ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കുഞ്ഞിനെ തട്ടികൊണ്ട് പോയി 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ പോലീസ് കണ്ടെത്തി. ആശുപത്രിയിലെയും പുറത്തുള്ള ചില കടകളിലെയും സിസിടിവി ദൃശ്യങ്ങളാണ് കുഞ്ഞിനെ കണ്ടെത്താന്‍ നിര്‍ണായകമായത്. ടെസ്റ്റ് ഉണ്ടെന്ന് പറഞ്ഞ് കൊണ്ടുപോയ കുഞ്ഞിനെ തിരികെ എത്തിക്കാതെ വന്നപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്. പരിഭ്രാന്തിയിലായ അമ്മയും വീട്ടുകാരും ഉടന്‍ ആശുപത്രി അധികൃതരെയും പോലീസിലും അറിയിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോയ സംഘത്തില്‍ പെട്ട മൂന്നു സ്ത്രീകളെ പോലീസ് പിടികൂടി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ പുറത്ത് നിന്ന് സഹായം നല്‍കിയ സ്ത്രീയെ അടക്കമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ മനുഷ്യ കടത്ത് മാഫിയയുടെ ഭാഗമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്നും കലബുറഗി പൊലീസ് അറിയിച്ചു.