- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാറിന് മുന്നിലേക്ക് ചാടിയ പര്‍ദ്ദയിട്ട യുവതിയും, മുകളുപൊടി ആക്രമണവുമെല്ലാം കള്ളക്കഥ; കൊയിലാണ്ടിയിലെ മോഷണത്തില്‍ വാദി പ്രതിയായി; എ.ടി.എമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം; പൊളിഞ്ഞത് പണം അടിച്ചുമാറ്റാന്‍ സുഹൈലും സുഹൃത്തുക്കളും നടത്തിയ തന്ത്രം
കാറിന് മുന്നിലേക്ക് ചാടിയ പര്‍ദ്ദയിട്ട യുവതിയും, മുകളുപൊടി ആക്രമണവുമെല്ലാം കള്ളക്കഥ;
കോഴിക്കോട്: കൊയിലാണ്ടിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യുവാവില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്തെന്ന കേസ് വ്യാജം. പണം അടിച്ചുമാറ്റാന്‍ വേണ്ടി യുവാവും സുഹൃത്തുക്കളും നടത്തിയ നാടകമാണ് ഇതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായ വിവരം. എ.ടി.എമ്മില്‍ നിറക്കാന്‍ കൊണ്ടുപോകുകയായിരുന്ന പണം യുവാവിനെ ആക്രമിച്ച് കവര്‍ന്നുവെന്ന പരാതിയാണ് പോലീസ് പൊളിച്ചത്. സംഭവത്തില്‍ പരാതിക്കാരനും സുഹൃത്തുക്കളും കസ്റ്റഡിയിലാണ്. പയ്യോളി സ്വദേശി സുഹൈല്‍, സുഹൃത്ത് താഹ, യാസിര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
എടിഎമ്മില്‍ നിറക്കാനുള്ള പണം തട്ടാനായി നടത്തിയ നാടകമാണ് കവര്‍ച്ചയെന്ന് പൊലീസ് വ്യക്തമാക്കി. മുളകുപൊടി വിതറി കാറില്‍ ബന്ദിയാക്കിയ ശേഷം 25 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ പ്രതി പരാതിക്കാരന്‍ തന്നെയെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് കാട്ടില്‍ പീടികയില്‍ ശനിയാഴ്ച ഉച്ചയോടെ നടന്ന സംഭവത്തില്‍ പരാതിക്കാരനായ തിക്കോടി ആവിക്കല്‍ റോഡ് സുഹാന മന്‍സിലില്‍ സുഹൈല്‍ (25) സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ആസൂത്രണം ചെയ്ത തട്ടിപ്പാണ് മോഷണ പരാതിയെന്ന് പൊലീസ് വ്യക്തമാക്കി.
സുഹൈല്‍ സംഭവത്തെക്കുറിച്ച് നല്‍കിയ മൊഴികളിലെ പൊരുത്തമില്ലായ്മയാണ് കേസില്‍ പ്രധാന വഴിത്തിരിവായത്. 25 ലക്ഷം രൂപ നഷ്ടമായെന്നാണ് സുഹൈല്‍ ആദ്യം പറഞ്ഞത്. അജ്ഞാതരായ രണ്ടുപേര്‍ തന്നെ ബന്ദിയാക്കിയ ശേഷം 72.40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ പരാതിയിലുള്ളത്. എടിഎമ്മില്‍ നിറയ്ക്കാനുള്ളതായിരുന്നു ഈ പണം.
75 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് എടിഎം കമ്പനി സ്ഥിരീകരിച്ചതോടെ പൊലീസ് പ്രത്യേകം അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. റൂറല്‍ എസ്പി നിധിന്‍ രാജിന്റെ നേതൃത്വത്തിലായിരുന്നു സ്‌ക്വാഡ്. ശനിയാഴ്ച രാത്രിതന്നെ സുഹൈലിനെ പൊലീസ് ചോദ്യം ചെയ്തു. പിന്നീട് സുഹൈലിന്റെ സുഹൃത്ത് താഹയില്‍ നിന്ന് 37 ലക്ഷം രൂപ പ്രത്യേക സ്‌ക്വാഡ് കണ്ടെത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ കൊയിലാണ്ടി പൊലീസ് സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ത്യ വണ്‍ എ.ടി.എമ്മില്‍ പണംനിറയ്ക്കുന്ന ഏജന്‍സിയില്‍ ജീവനക്കാരനാണ് സുഹൈല്‍.
പയ്യോളി സ്വദേശിയായ മുഹമ്മദിനാണ് ഇത്തരത്തില്‍ പണം നിറയ്ക്കാന്‍ കരാറുള്ളത്. കെ.എല്‍ 56 ഡബ്‌ളിയു 3723 നമ്പര്‍ കാറില്‍ കൊയിലാണ്ടിയില്‍ നിന്ന് അരിക്കുളം കുരുടിമുക്ക് ഭാഗത്തേക്ക് സുഹൈല്‍ പോയി. അരിക്കുളം പഞ്ചായത്ത് ഓഫീസ് കഴിഞ്ഞുള്ള കയറ്റത്തില്‍ വച്ച് പര്‍ദ്ദ ധരിച്ച് യുവതി കൈകാണിച്ചെന്നും പിന്നാലെ രണ്ടുപേരില്‍ ഒരാള്‍ കാറിന്റെ ബോണറ്റില്‍ വീണെന്നും കാര്‍ നിര്‍ത്തിയപ്പോള്‍ രണ്ടാമത്തെയാള്‍ ചില്ലിനിടയിലൂടെ തന്റെ വായും മൂക്കും പൊത്തിപ്പിടിച്ചെന്നും ഇതിനിടെ മറ്റേയാള്‍ കാറിന്റെ പിറകില്‍ കയറി ആക്രമിച്ചെന്നാണ് പരാതി.
പിന്‍സീറ്റിലേക്ക് തന്നെ വലിച്ചിട്ട് കൈകാലുകള്‍ കെട്ടി ദേഹമാകെ മുളകുപൊടി വിതറിയെന്നും ഇതിനിടെ ബോധരഹിതനായ സമയത്ത് ഇവര്‍ കാറോടിച്ച് പോയി കാട്ടിലപ്പീടികയില്‍ തന്നെ ഉപേക്ഷിച്ചെന്നുമായിരുന്നു സുഹൈല്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നത്. തലക്കടിയേറ്റ് ബോധമറ്റനിലയിലായെന്നും ബോധം വന്നപ്പോഴാണ് കാട്ടിലപ്പീടികയില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കിടക്കുകയാണെന്ന് മനസ്സിലായതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
സുഹൈലിനെ താലൂക്കാശുപത്രിയില്‍ കൊണ്ടുവന്ന് വൈദ്യപരിശോധന നടത്തുകയും പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസിന് കാര്യമായ സംശയങ്ങളുണ്ടായിരുന്നു. ആളുകളേറെയുള്ള അങ്ങാടിക്ക് സമീപമാണ് ഇയാളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്നുള്ളതും ദേഹത്താകെ മുളകുപൊടിയുണ്ടായെങ്കിലും കണ്ണിലും മുഖത്തും കാര്യമായി മുളകുപൊടിയില്ലാത്തതും സംശയമായി.
തന്റെ ബോധം പോയെന്ന് സുഹൈല്‍ പറഞ്ഞിരുന്നു. എന്നാല്‍, ബോധം പോകുന്ന സാഹചര്യമുണ്ടായില്ലെന്നാണ് വൈദ്യപരിശോധനയില്‍ തെളിഞ്ഞത്. തുടര്‍ന്ന്, സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് പണം തട്ടാനായി നടത്തിയ നാടകമാണ് കവര്‍ച്ചയെന്ന് വ്യക്തമായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.