അമ്പലപ്പുഴ: ആലപ്പുഴയില്‍ ഗൃഹനാഥനെ അക്വേറിയത്തില്‍ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തനിച്ച് താമസിക്കുന്ന തോണ്ടന്‍കുളങ്ങര സ്വദേശി കബീറിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കബീറിനെ കഴിഞ്ഞദിവസം വീട്ടിലെ അക്വേറിയത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുഞ്ഞുമോന്‍, നവാസ് എന്നിവരാണ് പിടിയിലായത്. ഇവരാണ് കബീര്‍ ചോര വാര്‍ന്നു കിടക്കുന്നതായി പോലിസില്‍ അറിയിച്ചതും.

തോണ്ടന്‍കുളങ്ങരയിലെ വീട്ടില്‍ കബീര്‍ തനിച്ചാണ് താമസം. കൊല്ലപ്പെട്ട ദിവസം പ്രതികള്‍ കബീറിന്റെ വീട്ടിലെത്തി മദ്യപിച്ചു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ട് കബീറിന്റെ വീട്ടില്‍ വച്ച് കുഞ്ഞുമോനും നവാസും ചേര്‍ന്ന് മദ്യപിച്ചു. തന്റെ ബൈക്ക് കുഞ്ഞുമോനു വില്‍ക്കാനായി കബീര്‍ മുന്‍പ് 2,000 രൂപ വാങ്ങിയിരുന്നു. എന്നാല്‍, കബീര്‍ വണ്ടി മറ്റൊരാള്‍ക്കു നല്‍കി.

മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടാകുകയും കുഞ്ഞുമോന്‍ കബീറിനെ തള്ളുകയും ചെയ്തു. സമീപത്തെ അക്വേറിയത്തില്‍ തലയിടിച്ച് കബീര്‍ വീഴുകയും തലയില്‍ ആഴത്തിലുള്ള മുറിവുണ്ടാവുകയും ചെയ്തു. രക്തം വാര്‍ന്നാണ് മരിച്ചത്. ഇതിനിടെ കബീര്‍ ചോരവാര്‍ന്നു കിടക്കുന്നതായി ഇരുവരും പോലീസില്‍ അറിയിച്ചു. പൊലീസെത്തി നിര്‍ദേശിച്ച പ്രകാരം കബീറിനെ ജനറല്‍ ആശുപത്രിയിലെത്തിചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജികുമാറിന്റെ നേതൃത്വത്തില്‍ കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്തു കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊല നടത്തിയതായി ഇരുവരും സമ്മതിച്ചത്. കുഞ്ഞുമോനെയും നവാസിനെയും റിമാന്റ് ചെയ്തു.