- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ലോക്കറിൽ നിന്ന് പണയം വച്ച സ്വർണം മാറ്റി മുക്കുപണ്ടം തിരുകി; തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപ; തുടർന്ന് സുഖമില്ലെന്ന് പറഞ്ഞ് അവധിയെടുത്ത് വിദേശത്തേക്ക് കടന്ന യുവതി അടക്കം രണ്ടു ജീവനക്കാരികൾ അറസ്റ്റിൽ; വാർത്ത മാധ്യമങ്ങൾക്ക് നൽകാതെ പൊലീസ് ഒളിച്ചു കളിച്ചെന്നും ആക്ഷേപം
പന്തളം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച സ്വർണത്തിനു പകരം ലോക്കറിൽ മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തുകയും 40 ലക്ഷത്തോളം രൂപ കൈക്കലാക്കിയ ശേഷം വിദേശത്തേക്ക് കടക്കുകയും ചെയ്ത യുവതിയടക്കം രണ്ടു ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റും റിമാൻഡും കഴിഞ്ഞ് ദിവസങ്ങളായിട്ടും വിവരം മാധ്യമങ്ങൾക്ക് നൽകാതെ ഒളിച്ചു കളിച്ച് പത്തനംതിട്ട പൊലീസ്. വിവരം ജനങ്ങളെ അറിയിക്കുന്നതിന് വേണ്ടി ധനകാര്യ സ്ഥാപന ഉടമകൾ പത്രസമ്മേളനം വിളിച്ചു ചേർത്തു. ചെറിയ അടിപിടി നടന്നാൽ പോലും പ്രതികളുടെ ഫോട്ടോ സഹിതം മാധ്യമങ്ങൾക്ക് നൽകുന്ന പൊലീസിന്റെ ഇരട്ടത്താപ്പ്് വെളിയിൽ വരുന്നതാണ് സംഭവം.
പത്തനംതിട്ട കോളജ് ജങ്ഷനിൽ പ്രവർത്തിക്കുന്ന മണിമുറ്റത്ത് നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജർ ആയിരുന്ന കൊടുമൺ ഇടത്തിട്ട ദേവരാഗത്തിൽ എൽ. ശ്രീലത(50), സ്ഥാപനത്തിലെ ജോയിന്റ് കസ്റ്റോഡിയൻ ആയിരുന്ന ഓമല്ലൂർ സ്വദേശിയും ചിറ്റാർ വയ്യാറ്റുപുഴ മീൻകുഴി കോട്ടയിൽ വീട്ടിൽ താമസമാക്കുകയും ചെയ്ത ആതിര ആർ. നായർ (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് വിവരം പൊലീസ് മാധ്യമങ്ങളിൽ നിന്ന് മറച്ചു. ഈ വിവരം അറിഞ്ഞ് പൊലീസിൽ അന്വേഷിച്ചെങ്കിലും വിശദമായ വിവരമോ പ്രതികളുടെ ചിത്രമോ നൽകാൻ പൊലീസ് ഇൻസ്പെക്ടർ തയാറായില്ല. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് അടക്കം മാധ്യമങ്ങൾക്ക് മുന്നിൽ കൈമലർത്തി. തങ്ങൾക്ക് വിവരം കിട്ടിയിട്ടില്ല എന്നായിരുന്നു ഇവരുടെ നിലപാട്.
ആതിരയും ശ്രീലതയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് മണി മുറ്റത്ത് നിധി ലിമിറ്റഡ് ജനറൽ മാനേജർ കെ.ബി. ബൈജു , ഹെഡ് ആഡിറ്റർ മനോജ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രണയ വിവാഹിതയായ ആതിര ഭർത്താവിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും സ്വർണം പണയം വച്ച് സ്ഥാപനത്തിൽ നിന്ന് 21 ലക്ഷത്തിനു മുകളിൽ തുക എടുത്തിരുന്നു. സ്ഥാപനത്തിലെ മറ്റ് ജീവനക്കാർ അറിയാതെ ലോക്കൽ തുറന്ന് ഈ സ്വർണം തിരികെ എടുത്ത ശേഷം പകരം മുക്കുപണ്ടങ്ങൾ വയ്ക്കുകയായിരുന്നു. പലപ്പോഴായി കൃത്യം നടത്തിയ ശേഷം ആതിര തനിക്ക് അസുഖം ആണെന്നും ഓഫീസിൽ വരാൻ കഴിയില്ലെന്നും അറിയിച്ചു. ഇതിനിടെ ഇവർ വിദേശത്തേക്ക് കടക്കുകയും ചെയ്തു.
തട്ടിയെടുത്ത പണം കൊണ്ട് ആതിര വീടു വയ്ക്കുകയും കാർ വാങ്ങുകയും ചെയ്തതായും പറയുന്നു. തട്ടിപ്പ് മനസിലാക്കിയ ബാങ്ക് അധികൃതർ പത്തനംതിട്ട ഡിവൈ.എസ്പിക്ക് പരാതി നൽകി. നഷ്ടപ്പെട്ട സ്വർണവും പണവും പലിശയും തിരികെ നൽകിയാൽ കേസിൽ നിന്നൊഴിവാക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന് കഴിയാതെ വന്നതോടെ ആതിരയെ വിദേശത്ത് നിന്നും നാട്ടിലെത്തിച്ചു. തുടർന്ന് ശ്രീലതയെയും ആതിരയെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഓഗസ്റ്റ് 24 ന് പത്തനംതിട്ട ഡി.വൈഎസ്പിക്ക് നൽകിയ പരാതിയിൽ സെപ്റ്റംബർ 13 നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വിവരം രഹസ്യമാക്കിയതിന് പിന്നിൽ പൊലീസിന്റെ സ്ഥാപിത താൽപര്യം കടന്നു കൂടിയിട്ടുണ്ടെന്നും പറയുന്നു.