കൊല്ലം: മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ശേഷം യുവാവിന്റെ മാതാപിതാക്കളില്‍ നിന്നും പണവും സ്വര്‍ണവും കൈക്കലാക്കിയ യുവതി അറസ്റ്റില്‍. കൊല്ലത്തെ യുവാവിന്റെ പ്രായമായ മാതാപിതാക്കളെ കബളിപ്പിച്ച് പണവും സ്വര്‍ണവും കൈക്കലാക്കിയ കൊല്ലം പെരിനാട് സ്വദേശി ബിന്‍സി (43)യും, സുഹൃത്ത് കണ്ണൂര്‍ സ്വദേശി അശ്വിന്‍ കുമാര്‍ (32) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പരാതിക്കാരിയുടെ മകനുമായി മാട്രിമോണിയല്‍ വഴിയാണ് ബിന്‍സി പരിചയത്തിലായത്. തുടര്‍ന്ന് വീടിനെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും മനസ്സിലാക്കി. യുവാവിന്റെ അച്ഛനെ പരിചരിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ ബിന്‍സിയും അശ്വിനും കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു. തന്റെ സഹോദരനെന്നാണ് അശ്വിനെ ബിന്‍സി പരിചയപ്പെടുത്തിയത്. പിതാവിനെ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ച ശേഷമാണ് തട്ടിപ്പ് ആരംഭിച്ചത്. ആശുപത്രി ചെലവിനെന്ന വ്യാജേന മാലയും കമ്മലും ആദ്യം പണയം വെപ്പിച്ചു.

പിന്നീട് യുവാവിന്റെ അമ്മയെ കൊല്ലത്ത് എത്തിച്ച ശേഷം ബാങ്കില്‍ പണയത്തിലായിരുന്ന 12 പവന്‍ സ്വര്‍ണം എടുക്കുകയും വില്‍പ്പന നടത്തുകയും ചെയ്തു.പലതവണകളായി ഗൂഗിള്‍പേയില്‍ അഞ്ച് ലക്ഷം രൂപ കൈമാറ്റം ചെയ്യുകയും 18.5 പവന്‍ സ്വര്‍ണം കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്നാണ് വീട്ടുകാര്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി പരാതി നല്‍കിയത്. കുണ്ടറ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ബിന്‍സിയും അശ്വിനും സഹോദരങ്ങള്‍ അല്ലെന്ന് പൊലീസ് പറഞ്ഞു.കണ്ണൂര്‍ സ്വദേശിയായ അശിന്‍ കൊല്ലത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിന്‍സിയെ പരിചയപ്പെട്ടത്. ഇതിനിടെ സൗഹൃദത്തിലായ ഇവര്‍ ഒരുമിച്ചായിരുന്നു താമസമെന്നും പൊലീസ് പറയുന്നു.