- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നാടുകടത്തിയ ഇന്ത്യക്കാരുടെ കൂട്ടത്തില്‍ കൊലപാതകകേസ് പ്രതികളുമുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം; യു എസ് സൈനിക വിമാനം അമൃത്സറില് പറന്നിറങ്ങിയതിന് പിന്നാലെ അറസ്റ്റ്; കൃത്യമായ ജാഗ്രതയോടെ പഞ്ചാബ് പൊലീസിന്റെ ഇടപ്പെടല്‍
അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേര്‍ കൊലക്കേസ് പ്രതികള്‍
അമൃത്സര്‍: അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച് പിടിയിലായതിനെ തുടര്‍ന്ന് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരില്‍ രണ്ടുപേരെ കൊലപാതക കേസില്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്ക രണ്ടാം ഘട്ടത്തില്‍ നാടുകടത്തിയ രണ്ട് ഇന്ത്യന്‍ യുവാക്കളെയാണ് കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി അമൃത്സര്‍ വിമാനത്താവളത്തില്‍ അമേരിക്കയുടെ സി17 സൈനിക വിമാനത്തില്‍ എത്തിയ പ്രതികളാണ് പിടിയിലായത്. സൈനിക വിമാനത്തിലെത്തിച്ച 116 പേരില്‍ പട്യാല ജില്ലയിലെ രാജ്പുരയില്‍ നിന്നുള്ള രണ്ട് യുവാക്കളെയാണ് പോലീസ് പിടികൂടിയത്.
2023 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസില്‍ പ്രതികളായ സണ്ണി എന്ന സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) നാനക് സിങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്പുര പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അമൃത്സര്‍ വിമാനത്താവളത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
നാടുകടത്തപ്പെട്ട് അമൃത്സറിലെത്തുന്ന ഇന്ത്യക്കാരില്‍ കൊലപാതകകേസില്‍ ഉള്‍പ്പെട്ടവരുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കൃത്യമായ ജാഗ്രതയോടെ നടത്തിയ ഇടപ്പെടലില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി.
2023 ജൂണിലാണ് സന്ദീപിനും മറ്റ് നാല് പേര്‍ക്കുമെതിരെ രാജ്പുര പോലീസ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് നടന്ന അന്വേഷണത്തില്‍ സന്ദീപിനും കേസില്‍ പങ്കുണ്ടെന്ന് വ്യക്തമാകുകയും എഫ്‌ഐആറില്‍ പേര് ചേര്‍ക്കുകയുമായിരുന്നു.
ശനിയാഴ്ച രാത്രി 11.40 ഓടെയാണ് അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ ഇന്ത്യക്കാരെ അമൃത്സര്‍ വിമാനത്താവളത്തിലെത്തിച്ചത്. കൈവിലങ്ങണിയിച്ചും കാലില്‍ ചങ്ങലകൊണ്ട് ബന്ധിച്ചുമാണ് ഇത്തവണയും അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതെന്നാണ് വിവരം.
പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഗോവ, യു.പി, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഈ ആഴ്ചതന്നെ മൂന്ന് വിമാനങ്ങളിലായി കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.