- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തോ ശബ്ദം കേട്ടുണർപ്പോൾ മകനെ മുഖംമൂടിയിട്ട രണ്ടുപേർ ബലമായി പിടിച്ചിറക്കി കൊണ്ടുപോകുന്നു; രണ്ടുദിവസമായി ഒരുവിവരവുമില്ല; തട്ടിക്കൊണ്ടുപോകലിന് പിന്നിൽ മകന്റെ സുഹൃത്തും ഭാര്യയും; കോതമംഗലത്ത് പരാതിയുമായി യുവാവിന്റെ അമ്മ ഫിലോമിന
കോതമംഗലം: പാതിരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി തന്റെ മകനെ മുഖം മൂടി അണിഞ്ഞെത്തിയ രണ്ട് പേർ തട്ടിക്കൊണ്ടുപോയെന്ന് അമ്മയുടെ പരാതി. മകൻ ബൈജുവിനെ ബലമായി വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്കൊണ്ടുപോയതിന് പിന്നിൽ മകന്റെ സുഹൃത്തും അടുപ്പക്കാരുമാണെന്ന് സംശയമുണ്ടെന്നും അമ്മ ആരോപിച്ചു. കോതമംഗലം നെല്ലിമറ്റം അറയ്ക്കൽ ജോസഫിന്റെ ഭാര്യ ഫിലോമിനയാണ് മറുനാടന് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയത്. 48 കാരനായ മകൻ ബൈജുവിനെ കാണാനില്ലെന്ന് കാണിച്ച് ഊന്നുകൽ പൊലീസിൽ ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇതുപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
തിങ്കളാഴ്ച വൈകിട്ട് ആലുവയിൽ നിന്നും രണ്ട് പൊലീസുകാർ എത്തി, ഒരു കേസുമായി ബന്ധപ്പെട്ട വിവരം ചോദിക്കാനാണെന്നും പറഞ്ഞ് മകന്റെ മുറിയിൽ കയറി ഏറെ നേരം ചെലവഴിച്ചിരുന്നു. രാത്രി 8.30 തോടെ അവന്റെ ഫോണും വാങ്ങിയാണ് അവർ തിരികെ പോയത്. ഫോൺ പൊലീസുകാർ കൊണ്ടുപോയതിൽ അവന് വല്ലാത്ത വിഷമമായി. കുറച്ചുനേരം കഴിഞ്ഞ് അവനും ഞാനും കിടന്നു. എന്തോ ശബ്ദം കേട്ട് ഞാൻ ഉണർന്നപ്പോൾ കാണുന്നത് അവനെ രണ്ടു പേർ ചേർന്ന് വീട്ടിൽ നിന്നും പിടിച്ചിറക്കി കൊണ്ടുപോകുന്നതാണ്. ഇത് കണ്ട് അവനെ കൊണ്ടുപോകല്ലെ എന്നും പറഞ്ഞ് ഞാൻ മുറ്റത്തേക്കിറങ്ങി. മുറ്റം വിട്ട് വഴിയിലേയ്ക്ക് ഇറങ്ങിയതോടെ തലകറങ്ങി വീണു.മണിക്കൂറുകൾ ആ കിടപ്പ് കിടന്നു.
ബോധം വീണപ്പോൾ എന്താ ചെയ്യേണ്ടത് എന്നറിയില്ലാത്ത അവസ്ഥയിലായിരുന്നു. ആരോടാ പറയേണ്ടത് എന്താ പറയേണ്ടത് എന്നൊന്നും ഒരു എത്തുംപിടിയും ഇല്ലായിരുന്നു. മകൾ പറഞ്ഞത് പ്രകാരം വാർഡ് മെമ്പറെ വിവരം അറയിച്ചു. തുടർന്നാണ് പൊലീസ് ഇടപെടൽ ഉണ്ടായിട്ടുള്ളത്, 74 കാരിയായ ഫിലോമിന വിശദമാക്കി.
വീടിനടുത്ത് താമസിക്കുന്ന മകന്റെ സുഹൃത്തും ഭാര്യയും വീട്ടിലെ നിത്യസന്ദർശകരായിരുന്നു. മക്കൾക്കൊപ്പം ഇവർ വീട്ടിലെത്തിയാൽ രാത്രി വൈകിയാണ് മടങ്ങിപ്പോയിരുന്നത്. വർഷങ്ങളായി ഇതാണ് സ്ഥിതി. സുഹൃത്തിന്റെ വീട്ടിലെ എന്ത് ആവശ്യത്തിനും ബൈജുവും പോയിരുന്നു.അടുത്തകാലത്ത് ഇവരുമായി എന്തോ കാരണത്തിന്റെ പേരിൽ മകൻ അകന്നു. ഇപ്പോൾ ബൈജു 65000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അവർ പൊലീസിൽ കേസ് നൽകിയതായി അറിഞ്ഞു.
ഈ കേസിനെക്കുറിച്ച് ചോദിക്കാനാണ് വന്നതെന്നാണ് പൊലീസുകാർ പറഞ്ഞത്. സുഹൃത്തും ഇയാളുടെ കൂട്ടാളിയും കൂടി ഒന്ന് രണ്ട് വട്ടം വീട്ടിലെത്തി ബൈജുവിനോട് ഒന്നും രണ്ടും പറഞ്ഞ് തട്ടിക്കയറിയിരുന്നു. എന്താണ് പ്രശ്നമെന്ന് കൃത്യമായി മനസ്സിലായില്ല, അവർ കൂട്ടിച്ചേർത്തു.
മകന്റെ മുറിയിൽ നിന്നും ഒരു കുറിപ്പ് ലഭിച്ചിരുന്നെന്നും തന്റെ തിരോധാനത്തിന് കാരണം സുഹൃത്തും ഭാര്യയുമാണെന്ന് ഇതിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും ഇത് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും മാതാവ് പറഞ്ഞു.
ഞങ്ങളെ നോക്കാൻ മറ്റാരുമില്ല, അവൻ എത്രയും വേഗം വീട്ടിലേയ്ക്ക് തിരിച്ചുവരണമെ എന്ന പ്രാർത്ഥനയിലാണ് കഴിഞ്ഞുകൂടുന്നത്, വിതുമ്പലോടെ ഫിലോമിന വാക്കുകൾ ചുരുക്കി. കാഴ്ച നഷ്ടപ്പെട്ട, കിടപ്പ് രോഗിയായ ഭർത്താവും ഫിലോമിനയും ബൈജുവും മാത്രമാണ് വീട്ടിൽ താമസിച്ചുവന്നിരുന്നത്. ബൈജുവിനെ കൂടാതെ ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. ഇവരെ വിവാഹം കഴിച്ചയച്ചു. ബൈജു കൊച്ചി കടവന്ത്രയിലെ സ്ഥാപനത്തിൽ കമ്പ്യൂട്ടർ മെക്കാനിക് ആയി ജോലി ചെയ്ത് വരികയായിരുന്നെന്നാണ് ഫിലോമിനയുടെ വിവരണത്തിൽ നിന്നും വ്യക്തമാവുന്നത്. മകനെ കാണാനില്ലന്ന് വ്യക്തമാക്കിയിരുന്നെന്നും തട്ടിക്കൊണ്ടുപോകലിനെ സംമ്പന്ധിച്ച് ഫിലോമിന വിവരമൊന്നും നൽകിയിരുന്നില്ലന്നുമാണ് സംഭവത്തെക്കുറിച്ച് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
മറുനാടന് മലയാളി ലേഖകന്.