- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മിഥുന്‍ റോയിക്കെതിരായ അക്രമത്തില്‍ പോലീസ് സേനയില്‍ രോഷം ഇരമ്പുന്നു; രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു; അസോസിയേഷനും ശക്തമായി രംഗത്തുവന്നതോടെ പോലീസുകാരനെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിന്‍വലിക്കും; പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തല്‍; കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും; വിവാദം പ്രതിച്ഛായ നഷ്ടമെന്ന വിലയിരുത്തി സര്‍ക്കാര്‍
പോലീസുകാരനെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിന്‍വലിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാളില്‍ വെച്ച് പോലീസുകാരനെ പിന്‍തുടര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ പോലീസ് സേനക്കുള്ളില്‍ പ്രതിഷേധം ഇരമ്പുകയാണ്. ഈ സംഭവം പോലീസുകാരുടെ ആത്മവീര്യം തകര്‍ക്കുന്നതാണെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. സംഭവം പോലീസിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന വികാരവും ശക്തമാണ്. ഇതോടെ അപകടം മണത്ത അഭ്യന്തര വകുപ്പും തെറ്റുതിരുത്തല്‍ നടപടിയുമായി മുന്നോട്ടു പോകുകയാണ്. പോലീസുകാരനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. വിനയ് പ്രകാശ്, സുര്‍ജിത് എന്നിവരാണ് അറസ്റ്റിലായത്. പോലീസുകാരനായ മിഥുന്‍ റോയിക്കെതിരെ പരാതി നല്‍കിയ ആളാണ് വിനയ് പ്രകാശ്.
അതേസമയം, പോലീസുകാരനെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിന്‍വലിക്കാനും തീരുമാനമായി. എസ്എഫ്‌ഐക്കാര്‍ നല്‍കിയ പരാതിയില്‍ കാര്യമില്ലെന്നാണ് വിലയിരുത്തല്‍. സേനാംഗങ്ങളുടെ എതിര്‍പ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് പിന്‍വലിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ നല്‍കും.
ശനിയാഴ്ച ഉച്ചയ്ക്ക് മാള്‍ ഓഫ് ട്രാന്‍വന്‍കൂറിലായിരുന്നു സംഭവമുണ്ടായത്. കഴിഞ്ഞ പുതുവത്സര ആഘോഷത്തിനിടയില്‍ ശംഖുമുഖത്തെ മര്‍ദനത്തിന്റെ പ്രതികാരമായാണ് നന്ദാവനം എആര്‍ ക്യാംപിലെ സിപിഒ ആയ മിഥുന്‍ റോയിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ പിന്തുടര്‍ന്നെത്തി ആക്രമിച്ചത്.
സംഭവത്തില്‍ എസ്എഫ്‌ഐക്കാര്‍ക്കെതിരെ പേട്ട പൊലീസ് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതും മിഥുനും യുവതിക്കുമെതിരെ വഞ്ചയൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതും സേനയില്‍ കടുത്ത അമര്‍ഷത്തിന് വഴിവെച്ചിരിക്കുകയാണ്. നാളെ നടക്കുന്ന പൊലീസ് ജില്ലാ സമ്മേളനത്തിലും 21ന് നടക്കുന്ന ഓഫീസേഴ്‌സ് ജില്ലാ സമ്മേളനത്തിലും വിഷയം ഉയര്‍ത്താനാണ് ആലോചന നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കേസ് പിന്‍വലിക്കാനുള്ള നീക്കം.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പോലീസ് അധികാരികള്‍ക്കും സര്‍ക്കാരിനും പരാതി നല്‍കാനും സാധ്യതയുണ്ട്. എന്നാല്‍ മിഥുന്‍ റോയിക്കെതിരെ കേസ് എടുത്തതില്‍ പൊലീസ് അസോസിയേഷന്‍ പ്രതിഷേധിച്ചതോടെ നടപടി പുനഃരാലോചിക്കുയാണ് ഡിപ്പാര്‍ട്ട്‌മെന്റ്. പോലീസുകാരന് എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതില്‍ എസിപിയോട് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇരുകൂട്ടരില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനെന്ന് പരിശോധിക്കുമെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് അറിയിച്ചു.
ശംഖുമുഖത്തിന്റെ ചുമതലയുഉള ഫോര്‍ട്ട് എസിപിക്കായിരുന്നു അന്വേഷണ ചുമതല. എസ്എഫ്‌ഐക്കാരുടെ പരാതിയില്‍ കഴമ്പില്ലെന്നും പ്രതിരോധം മാത്രമാണ് ഉണ്ടായതെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. ഫോര്‍ട്ട് എസിപി സമാനമായ അന്വേഷണ റിപോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കി. ഈ റിപ്പോര്‍ടട് അനുസരിച്ചാണ് ജാമ്യമില്ലാ കേസ് പിന്‍വലിക്കാന്‍ നീക്കം നടക്കുന്നത്.
അതേസമയം, സംഭവത്തില്‍ വിവാദങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ പൊലിസിനെ തല്ലിയാലും കേസില്ലെന്നും ഇത് സിപിഐഎമ്മിന്റെ ക്രിമിനല്‍ നയത്തിന്റെ ഭാഗമാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. കേരളത്തില്‍ പൊലീസുകാര്‍ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. അക്രമികള്‍ സിപിഐഎം പ്രവര്‍ത്തകരോ എസ്എഫ്‌ഐ പ്രവര്‍ത്തകരോ ആണെങ്കില്‍ സര്‍ക്കാര്‍ തന്നെ സഹായം ചെയ്യും.
തിരുവനന്തപുരത്തെ സംഭവം ഒറ്റപ്പെട്ടതല്ലെന്നും സര്‍വ മേഖലയിലും ഇതാണ് സംഭവിക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിനിടെ എസ്എഫ്‌ഐക്കാര്‍ പൊലീസുകാരനെ മര്‍ദിച്ചതിനെ പിന്തുണച്ച് കെഎസ്യു വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പൊലീസിലെ ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണമെന്നും കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടുമെന്ന് അരുണ്‍ രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം വിവാദം പ്രതിച്ഛായ നഷ്ടമെന്ന വിലയിരുത്തിയിരിക്കയാണ് സര്‍ക്കാര്‍. ആഭ്യന്തരവകുപ്പിന് ഈ വിവാദം ക്ഷീണമായിട്ടുണ്ട്. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പില്‍ അദ്ദേഹത്തിന് നിയന്ത്രണം ഇല്ലെന്ന പ്രതിച്ഛായാണ് ഉണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തില്‍ വിവാദം എത്രയും വേഗം അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ നീക്കം.


