പത്തനംതിട്ട: വീട്ടമ്മയെ ഭീഷണിപ്പെടുത്തി 49 ലക്ഷം രൂപ തട്ടിയെടുത്ത മലയാളികളായ രണ്ട് യുവതികളെ പോലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. സിബിഐയില്‍ നിന്നെന്ന് പറഞ്ഞ് ഫോണ്‍ ചെയ്ത തട്ടിപ്പു സംഘം ഭീഷണിപ്പെടുത്തി പണം തട്ടുക ആയിരുന്നു. വീട്ടമ്മയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ 49 ലക്ഷം രൂപ തട്ടിയെടുക്കുക ആയിരുന്നു.

സംഭവം തട്ടിപ്പെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടമ്മ പോലിസില്‍ പരാതി നല്‍കി. കേസില്‍ രണ്ട് സ്ത്രീകളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കോളത്തറ കുന്നത്ത് കരുന്തയില്‍ ശാരദാമന്ദിരത്തില്‍ പ്രജിത (41), കൊണ്ടോട്ടി ഐക്കരപ്പടി നീലിപ്പറമ്പ് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബാലുശേരി പുതിയേടത്ത് വീട്ടില്‍ സനൗസി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വെണ്ണിക്കുളം വെള്ളാറ സ്വദേശിയായ വീട്ടമ്മയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ക്രിമിനലുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നതെന്നും പറഞ്ഞാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ലക്‌നൗ പൊലീസ് ആണെന്നും സിബിഐ ആണെന്നും പരിചയപ്പെടുത്തി. ഹിന്ദി ഭാഷയിലാണ് സംസാരിച്ചത്. വീട്ടമ്മയ്ക്ക് യാതൊരു വിധ സംശയവും തോന്നാത്ത വിധമായിരുന്നു സംസാരം.

വീട്ടമ്മയുടെ പേരിലുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. വീണ്ടും ഫോണില്‍ വിളിച്ച് അക്കൗണ്ടുകളില്‍ സംശയകരമായി പണം കാണുന്നുണ്ടെന്നു പറഞ്ഞ് ഭയപ്പെടുത്തി. അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുക തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ട് നമ്പറിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഭയന്നുപോയ വീട്ടമ്മ പലതവണയായി തുക അയയ്ക്കുകയായിരുന്നു.