കാസര്‍ഗോഡ്: കാസര്‍കോഡ് ജില്ലയില്‍ പൊലീസിന്റെ ശക്തമായ മയക്കുമരുന്ന് വേട്ട തുടരുന്നു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ 34.31 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സന്തോഷ് നഗര്‍ സ്വദേശി മുഹമ്മദ് അന്‍ഷീദ് (26), ചെങ്ങള സ്വദേശി മുഹമ്മദ് അബൂബക്കര്‍ (23) എന്നിവരാണ് പിടിയിലായത്

മുട്ടത്തൊടി ഗ്രാമത്തിലെ സിറ്റിസണ്‍ നഗര്‍ പ്രദേശത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ വിദ്യാനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സഫ്വാന്‍ പി.യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്റ്റേഷന്‍ പരിധിയില്‍ പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കിയിരുന്നു. രാത്രി ഏകദേശം 8.30 മണിയോടെ സിറ്റിസണ്‍ നഗര്‍ ഭാഗത്ത് അഹമ്മദ് ഹാജി റോഡിന് സമീപം റോഡരികില്‍ നിര്‍ത്തിയിരുന്ന വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പോലീസ് വാഹനം അടുത്തെത്തിയതോടെ കാറിന് പുറത്തുനിന്നിരുന്ന യുവാവ് പെട്ടെന്ന് വാഹനത്തില്‍ കയറി അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ, സംശയം തോന്നിയ പോലീസ് വാഹനം തടഞ്ഞ് പരിശോധന നടത്തി.

കാറിന്റെ ഡാഷ്‌ബോര്‍ഡ് പരിശോധിച്ചപ്പോള്‍ സിപ്പ് കവറില്‍ സൂക്ഷിച്ച നിലയില്‍ വെളുത്ത ക്രിസ്റ്റല്‍ രൂപത്തിലുള്ള പദാര്‍ത്ഥം കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ അത് മാരക മയക്കുമരുന്നായ എം.ഡി.എം.എ ആണെന്ന് വ്യക്തമായി.ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യത്തില്‍ നടത്തിയ ദേഹപരിശോധനയില്‍ പ്രതികളുടെ കൈവശത്തുനിന്നും കൂടി എം.ഡി.എം.എ കണ്ടെത്തി. ഇലക്ട്രോണിക് തൂക്കക്കല്ല് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ വാഹനത്തില്‍ നിന്നു 4.7 ഗ്രാം, മുഹമ്മദ് അബൂബക്കറിന്റെ കൈവശം 15.37 ഗ്രാം, മുഹമ്മദ് അന്‍ഷീദിന്റെ കൈവശം 16.78 ഗ്രാം എന്നിങ്ങനെ ആകെ 34.31 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

പ്രതികളെ സ്ഥലത്തുവച്ച് തന്നെ അറസ്റ്റ് ചെയ്ത് അവര്‍ ഉപയോഗിച്ചിരുന്ന കാര്‍ ഉള്‍പ്പെടെ തെളിവുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികളെ വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. സംഭവത്തില്‍ NDPS ആക്ട് 22(C) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സഫ്വാന്‍ പി., സിപിഒ നിധീഷ് സി. ഡാന്‍സാഫ് അംഗങ്ങള്‍ ആയ

നിജിന് കുമാര്‍ രജീഷ് കാട്ടാമ്പള്ളി റിതേഷ് അനീഷ്, ഭക്ത ഷൈവല്‍, സുരേഷ്, ജയേഷ്, രാഹുല്‍ ഉള്‍പ്പെടെയുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. മയക്കുമരുന്ന് വിതരണ ശൃംഖലയെക്കുറിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.