ലുധിയാന: 71 കാരിയായ ഇന്ത്യൻ വംശജയുടെ കൊലപാതകത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം. യുകെയിൽ താമസമാക്കിയ 75 കാരനെ വിവാഹം കഴിക്കാനായി യുഎസിൽ നിന്നെത്തിയ രൂപീന്ദർ കൗർ പാണ്ഡെറെ കൊന്ന് മൃതദേഹം കത്തിക്കുകയായിരുന്നു. കഴിഞ്ഞ ജൂലായിൽ നടന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പോലീസ് ബുധനാഴ്ചയാണ് പുറത്തുവിട്ടത്. സിയാറ്റിലിൽ നിന്നെത്തിയ യുഎസ് പൗരയായ കാണാതായതിനെ തുടർന്നുണ്ടായ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

ലുധിയാന സ്വദേശിയും യുകെ പ്രവാസിയുമായ ചരൺജിത് സിംഗ് ഗ്രെവാളിൻ്റെ ക്ഷണപ്രകാരമാണ് രൂപീന്ദർ കൗർ ഇന്ത്യയിലെത്തിയത്. ഗ്രെവാൾ മറ്റൊരു വ്യക്തിയെ ഉപയോഗിച്ച് രൂപീന്ദറെ കൊലപ്പെടുത്തുകയായിരുന്നു. മൽഹ പട്ടി സ്വദേശിയായ സുഖ്ജീത് സിംഗ് സോനു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രൂപീന്ദറെ തൻ്റെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്റ്റോർ റൂമിലിട്ട് കത്തിച്ചതായി സോനു സമ്മതിച്ചതായി പോലീസ് അറിയിച്ചു. രൂപീന്ദറെ കൊലപ്പെടുത്താൻ ഗ്രെവാൾ സോനുവിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും പോലീസ് കണ്ടെത്തി.

ജൂലൈ 24ന് രൂപീന്ദറിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് സഹോദരി കമൽ കൗർ ഖൈറയ്ക്ക് സംശയം തോന്നി. തുടർന്ന് ജൂലൈ 28ന് ഖൈറ ന്യൂഡൽഹിയിലെ യുഎസ് എംബസിയെ വിവരം അറിയിക്കുകയും അവർ പോലീസിന് കൈമാറുകയുമായിരുന്നു. സന്ദർശനത്തിന് മുമ്പ് രൂപീന്ദർ വലിയൊരു തുക ഗ്രെവാളിന് കൈമാറിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം നേരിട്ട് നടത്തുന്നതിനിടെ ഒളിവിലുള്ള ഗ്രെവാളിനെ കേസിലെ പ്രതിയാക്കിയതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ലുധിയാന പോലീസ് റേഞ്ച്) സതീന്ദർ സിംഗ് സ്ഥിരീകരിച്ചു. സോനുവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രൂപീന്ദറിൻ്റെ അസ്ഥികൂടവും മറ്റ് തെളിവുകളും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.