കൊല്ലം: ആ വീട്ടിലേക്ക് തേജസ് രാജ് വന്നത് പെട്രോളുമായി മാത്രം. തന്റെ പ്രണയം നിരസിച്ച യുവതിയെ കൊല്ലുകയായിരുന്നു ലക്ഷ്യം. മൂന്ന് ബോട്ടിലുകളില്‍ പെട്രോള്‍ വാങ്ങി. അതിലൊന്ന് കാറില്‍ സൂക്ഷിച്ചു. കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ് കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ആണ് മരിച്ചത്. പ്രതി തേജസ് രാജ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയിരുന്നു.

ഫെബിന്‍ ജോര്‍ജിനെ കൊന്ന് ജീവനൊടുക്കിയ തേജസ് രാജ് ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ് ഗോമസിന്റെ സഹോദരി ഫ്ലോറിയെയാണ്. കൊലയ്ക്ക് ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ തേജസ് രാജും ഫ്ലോറിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ വിവാഹത്തില്‍നിന്ന് ഫ്ലോറിയയും കുടുംബും പിന്‍മാറിയത് പകയ്ക്ക് കാരണമായി. തേജസ് പെട്രോളുമായി വീട്ടിലെത്തിയത് ഫ്ലോറിയയെ ലക്ഷ്യമിട്ടെന്ന് കരുതുന്നു. വീട്ടിനുള്ളില്‍ പെട്രോള്‍ ഒഴിച്ചെങ്കിലും കത്തിച്ചില്ല. തേജസ് വീട്ടിലെത്തുമ്പോള്‍ പേരയ്ക്ക് അരിയുകയായിരുന്ന ഫെബിന്റെ അച്ഛന്റെ കൈയില്‍ കത്തിയുണ്ടായിരുന്നു. ഈ കത്തിയെടുത്താണ് തേജസ് ഫെബിനെ കുത്തിയത്.

ഇതിനു പിന്നാലെ നഗരത്തിനടുത്ത് ചെമ്മാന്‍മുക്കില്‍ തീവണ്ടിക്കു മുന്നില്‍ ചാടി തേജസ് ആത്മഹത്യ ചെയ്യുകയായിരുന്നു. കുത്തുകൊണ്ട് ഫെബിന്‍ റോഡിലേക്ക് ഓടിവന്നു വീണപ്പോഴാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജോര്‍ജിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സംഭവസമയം യുവതി വീട്ടിലുണ്ടായിരുന്നില്ല. തേജസ് രാജ് വീട്ടിലേക്ക് എത്തിയത് പര്‍ദ ധരിച്ചെന്ന് കൊല്ലപ്പെട്ട ഫെബിന്റെ അമ്മ ഡെയ്‌സിയും വെളിപ്പെടുത്തി. കോളിംഗ് ബെല്‍ അടിച്ച് വാതില്‍ തുറന്ന ഉടനെ തേജസ് വീടിനുള്ളിലേക്ക് ഓടിക്കയറി. കറുത്ത തുണി മാറിയപ്പോള്‍ മുഖം വ്യക്തമായി തന്നെ കണ്ടു. കയ്യിലുണ്ടായിരുന്ന പെട്രോള്‍ തേജസ് വീടിനുള്ളില്‍ ഒഴിച്ചു. തുടര്‍ന്നായിരുന്നു ആക്രമണമെന്നും അമ്മ ഡെയ്‌സി പറഞ്ഞു. ആക്രമണത്തിന് ശേഷം കൂസലില്ലാതെ തേജസ് നടന്നുപോയെന്നും അമ്മ ഡെയ്‌സി കൂട്ടിച്ചേര്‍ത്തു.

അതേ സമയം തേജസിനെക്കുറിച്ച് മോശം അഭിപ്രായം നാട്ടുകാരോ ബന്ധുക്കളോ പറയുന്നില്ല, ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അയല്‍വാസികളുമായും നല്ല ബന്ധത്തിലായിരുന്നു. തേജസും ഫെബിന്റെ സഹോദരിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് ഇതില്‍ നിന്ന് പിന്‍മാറിയതാണ് തേജസിന് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതിന് ശേഷം യുവതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു. യുവതിയെയും മാതാപിതാക്കളെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് തേജസ് എത്തിയതെന്നും പൊലീസ് പറഞ്ഞു.

കാറിലെത്തിയ ആളാണ് ആക്രമിച്ചതെന്നും ഇയാള്‍ പര്‍ദയാണ് ധരിച്ചിരുന്നത് എന്നുമാണ് ഫെറിന്റെ പിതാവ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രതി തേജസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തിലെ ദുരൂഹതകളെല്ലാം നീങ്ങുകയും ചെയ്തു. ആ കാറില്‍ തേജസ് രാജ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വ്യക്തമായി. തേജസ് രാജിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഫെബിന്റെ പിതാവ് ജോര്‍ജ് ഗോമസ് ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് കൊല്ലം നഗരത്തെ നടുക്കിയ സംഭവം നടന്നത്.

കൊല്ലപ്പെട്ട ഫെബിന്റെ സഹോദരിയുമായി പ്രതി തേജസ് രാജ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും എന്‍ജിനിയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. യുവതിക്ക് മാത്രമേ ബാങ്കില്‍ ജോലി കിട്ടിയുള്ളൂ. തേജസ് സിവില്‍ പോലീസ് ഓഫിസര്‍ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു. കാലക്രമേണ യുവതി ബന്ധത്തില്‍ നിന്ന് പിന്മാറിയത് പ്രതിയെ പ്രകോപിപ്പിച്ചു.

തേജസ് രാജിന്റെ ശല്യം തുടര്‍ന്നതോടെ വീട്ടുകാര്‍ വിലക്കുകയും ചെയ്തു. പലപ്രാവശ്യം ഇതേച്ചൊല്ലി തേജസ് ഫെബിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നെന്ന് പൊലീസ് പറയുന്നു. സിറ്റി പൊലീസ് കമീഷണര്‍ കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി.