- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു; പിണങ്ങി മുകളിലേക്ക് പോയ നിഷയെ കാണാനില്ലെന്ന് മനസ്സിലായത് രണ്ട് മണിയോടെ; തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത് ടെറസിൽ തുണികൾ ഉണക്കാനിട്ടിരുന്ന ഭാഗത്ത്; പൊലീസ് അറിഞ്ഞത് മൃതദേഹം ആശുപത്രിയിൽ എത്തിയ ശേഷം; ഉല്ലാസിന് ആശ്വാസമായി അമ്മായി അച്ഛന്റെ പരസ്യ നിലപാട്; പന്തളത്തേത് ആത്മഹത്യ തന്നെ
പത്തനംതിട്ട: നടൻ ഉല്ലാസ് പന്തളവും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദൻ പറയുമ്പോഴും പൊലീസ് അന്വേഷണത്തിന്. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകൾ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും ആശയുടെ അച്ഛൻ ശിവാന്ദൻ പറഞ്ഞിരുന്നു. ആശയെന്നാണ് ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടുകാർ വിളിക്കുന്നത്. നിഷയെന്നതാണ് യഥാർത്ഥ പേര്. ചൊവ്വാഴ്ച പുലർച്ചെയാണ് നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ വീടിന്റെ ടെറസിൽ ഉണങ്ങാനിട്ടിരുന്ന തുണികൾക്കിടയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ അറിയിച്ചെന്ന തരത്തിൽ പ്രചരണമുണ്ട്. എന്നാൽ അത്തരൊരു പരാതിയും പൊലീസിന് കിട്ടിയിരുന്നില്ല. ഉല്ലാസിന്റെ ചില അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. ഉല്ലാസും അവിടെയുണ്ട്. ഇതിനിടെയുണ്ടായ എന്തോ തർക്കത്തിന്റെ പേരിൽ നിഷയുമായി പ്രശ്‌നമുണ്ടായി. ഇതിന് ശേഷം നിഷ പിണങ്ങി പോയെന്നാണ് സൂചന. നിഷയെ കാണാതായതോടെ ഉല്ലാസും ബന്ധുക്കളും അന്വേഷിച്ചിറങ്ങി. ഇതിനിടെയാണ് ടെറസിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. കുട്ടികളുടെ നിലവിളി കേട്ട് അയൽക്കാരെത്തി. അയൽക്കാരും ബന്ധുക്കളും ഉല്ലാസും ചേർന്ന് നിഷയെ കുരുക്കഴിച്ച് താഴെ ഇറക്കി ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ മരണം സ്ഥിരീകരിച്ചു.
ഇതിന് ശേഷമാണ് പൊലീസ് എത്തിയത്. ഇൻക്വസ്റ്റും തയ്യാറാക്കി. അതിന് ശേഷം അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രാഥമികമായി ആത്മഹത്യയാണ് നടന്നതെന്നാണ് പൊലീസ് വിലയിരുത്തൽ. വീട്ടിലുണ്ടായ പിണക്കത്തിന്റെ പേരിൽ പെട്ടെന്നെടുത്ത തീരുമാനമാണ് ആത്മഹത്യയെന്നും പൊലീസ് കരുതുന്നു. തിങ്കളാഴ്ച രാത്രി ഉല്ലാസ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കമുണ്ടായെന്നാണ് വിവരം. ഇതിനുശേഷം ആശ മക്കൾക്കൊപ്പം മുകൾനിലയിലെ മുറിയിൽ കിടക്കാൻ പോയെന്നാണ് ഉല്ലാസ് കരുതിയിരുന്നത്.
എന്നാൽ അല്പസമയത്തിന് ശേഷം ഉല്ലാസ് മുകൾനിലയിലെ മുറിയിൽ എത്തിയപ്പോൾ ഭാര്യയെ കുഞ്ഞുങ്ങൾക്കൊപ്പം കണ്ടില്ല. തുടർന്ന് വീട്ടിലെ മറ്റുമുറികളും പരിസരവും പരിശോധിച്ചു. ഇതിനിടെയാണ് മൃതദേഹം കണ്ടത്. ഒന്നാംനിലയിലെ ടെറസിൽ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിനിൽക്കുന്ന നിലയിൽ ആശയെ കണ്ടെത്തുകയായിരുന്നു. ഉണങ്ങാനിട്ട തുണികൾക്കിടയിലാണ് ആശ തൂങ്ങിമരിച്ചതെന്നാണ് വിവരം. ഇതുകാരണമാകാം ആദ്യപരിശോധനയിൽ ശ്രദ്ധയിൽപ്പെടാതിരുന്നതെന്നും കരുതുന്നു. ആശയെന്ന നിഷയുടെ കുടുംബാംഗങ്ങൾക്ക് പരാതിയില്ലാത്തതു കൊണ്ടു തന്നെ ഇതൊരു ആത്മഹത്യാക്കേസായി എഴുതി തള്ളും.
അതിനിടെ, തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണിൽ സംസാരിച്ചിരുന്നതായി ആശയുടെ പിതാവ് ശിവാനന്ദൻ പറഞ്ഞു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നതായി മകൾ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മിൽ കുടുംബപ്രശ്നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. ഏതാനുംദിവസങ്ങൾക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാൾ അടുത്തിടെയായിരുന്നു. അന്ന് പിറന്നാൾ ആഘോഷം നടത്താൻ കഴിയാത്തതിനാൽ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു-ഇതാണ് ശിവാനന്ദന്റെ പ്രതികരണം.
ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ പ്രശ്നങ്ങളൊക്കെ അവർക്കിടയിലുണ്ടായിരുന്നുള്ളൂ. അതെല്ലാം അവർ രാവിലെ തന്നെ പരിഹരിക്കും. ഉല്ലാസിനെതിരേ തനിക്കോ തന്റെ കുടുംബത്തിനോ ഒന്നും പറയാനില്ലെന്നും അച്ഛൻ ശിവാനന്ദൻ പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്