തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തിരുവനന്തപുരത്ത് എത്തിച്ചു. ക്രൈംബ്രാഞ്ചിന്റെ ഈഞ്ചക്കല്‍ ക്യാമ്പ് ഓഫീസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉന്നത ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു തെളിവെടുപ്പ്.

ഉണ്ണികൃഷ്ണന്‍ പോറ്റി ബംഗളൂരുവില്‍ നടത്തിയത് കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ബംഗളുരുവില്‍ മാത്രം നടത്തിയ ഇടപാടുകള്‍ വളരെ വലുതാണ്. വമ്പന്‍ ഇടപാടുകള്‍ നടത്താന്‍ പോറ്റിക്ക് എവിടെ നിന്നും പണം ലഭിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി നിലനില്‍ക്കുകയാണ്. ബംഗളുരുവിലും ചെന്നൈയിലും അടക്കം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉന്നതരുമായി ബന്ധമുണ്ട്. സിനിമ രംഗത്തുള്ളവരും വ്യവസായികളും എല്ലാം ഇക്കൂട്ടത്തില്‍ വരും.

അതേസമയം, ഇന്നലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കര്‍ണാടകയിലെ ശ്രീറാംപുര വീട്ടില്‍ നിന്ന് 176 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തതായാണ് വിവരം. അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരു ശ്രീറാംപുരത്തെ ഫ്‌ലാറ്റില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പുളിമാത്തെ വീട്ടില്‍ നിന്നും സ്വര്‍ണ നാണയങ്ങളും രണ്ട് ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.

ബംഗലുരു കേന്ദ്രീകരിച്ച് പോറ്റി നടത്തിയ കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടിന്റെ രേഖകളും കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. ബെള്ളാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്‍ അടക്കമുള്ളവരെ കേന്ദ്രീകരിച്ചാണ് എസ്.ഐ.ടി അന്വേഷണം നീണ്ടത്. മൂന്ന് ദിവസമായി ബംഗലുരു ചെന്നൈ, അടക്കം കേന്രീകരിച്ചായിരുന്നു പ്രത്യേക സംഘത്തിന്റെ ചുമതലയുള്ള എസ്.പി ശശിധരന്റെ നേതൃത്വത്തില്‍ അന്വേഷണം. റോഡ് മാര്‍ഗമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈയിലെത്തിച്ചത്.

ഗൂഢാലോചനയിലെ പ്രധാന കേന്ദ്രമായ സ്മാര്‍ട്ട് ക്രിയേഷന്‍സിലടക്കം ചെന്നൈയില്‍ മൂന്നിടങ്ങളില്‍ പോറ്റിയുമായി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രത്യേക സംഘത്തിലെ ഒരു ടീം ബെള്ളാരിയിലെത്തി സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധനനെ ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയില്ലാതെയായിരുന്നു ബെല്ലാരിയിലെ തെളിവെടുപ്പ്. പോറ്റിയുമായി ഗോവര്‍ദ്ധന്‍ നടത്തിയ പണമിടപാടുകളുടെ രേഖകളും കസ്റ്റഡിയിലെടുത്തു. മറ്റൊരു സംഘം ബംഗലുരുവിലെ പോറ്റിയുടെ വീട്ടിലും പരിശോധനയക്ക് നേതൃത്വം കൊടുത്തു.

വീട്ടില്‍ നിന്നാണ് 176 ഗ്രാം സ്വര്‍ണാഭരണങ്ങളും നാണയങ്ങളും കസ്റ്റഡിയിലെടുത്തത്. പോറ്റിയും അദ്ദേഹത്തിന്റെ സഹ സ്‌പോണ്‍സര്‍ ആയിരുന്ന രമേഷ് റാവുവും ഗോവര്‍ദ്ധനനും അനന്തസുബ്രഹമണ്യവും ചേര്‍ന്ന് കെട്ടിടങ്ങളും ഭൂമിയും വാങ്ങി കൂട്ടിയതിന്റെ രേഖകള്‍ കസ്റ്റഡിയിലെടുത്തു. ബംഗലുരുവിലെ ഈ അഞ്ചംഗ സംഘത്തിനെ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന.

ദ്വാരപാലക പാളികള്‍ കൊണ്ടുപോയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയെന്നാണ് വിവരം. വൈകിട്ട് നാലരയോടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സംഘം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. കസ്റ്റഡിയിലെടുത്ത് സ്വര്‍ണമടക്കം ഓഫീസിലെത്തിച്ചു. അടുത്ത് ദിവസം തന്നെ ഇവ കോടതിയില്‍ ഹാജരാക്കും.

ചെന്നൈയില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന് വിറ്റുവെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഗോവര്‍ധന്‍ എസ്ഐടിക്കു മൊഴി നല്‍കി. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ച് പാളികളില്‍നിന്ന് വേര്‍തിരിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റുവെന്നാണ് ഗോവര്‍ധനന്റെ മൊഴി. ഗോവര്‍ധനും വില്‍പന സ്ഥിരീകരിച്ചിരുന്നു.

മഹാരാഷ്ട്രയില്‍നിന്നു വിദഗ്ധനെ എത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചുവെന്നും പൂശലിനു ശേഷം ബാക്കിവന്ന സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിക്കു നല്‍കിയെന്നും സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് സ്വര്‍ണം വിറ്റുവെന്ന് കണ്ടെത്തിയത്. ഇതുവഴി നേടിയ പണം ഉണ്ണികൃഷ്ണന്‍ പോറ്റി എങ്ങനെയാണു ചെലവഴിച്ചതെന്ന വിവരവും എസ്ഐടിക്കു ലഭിച്ചിട്ടുണ്ട്. പോറ്റിയുടെ വീട്ടില്‍നിന്ന് ബാങ്ക് രേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തിരുന്നു. ഗോവര്‍ധനുമായി പോറ്റിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.