- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹ വാഗ്ദാനം നല്‍കി യൂറോപ്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഒരു ലക്ഷം യൂറോ തട്ടി; യുവാവിനും അമ്മക്കും ശിക്ഷ വിധിച്ച് കോടതി; ചതിക്കപ്പെട്ടത് ആത്മീയ കാര്യങ്ങള്‍ക്കായി ഹോളണ്ടില്‍ നിന്നും മഥുരയില്‍ എത്തിയ യുവതി
വിവാഹ വാഗ്ദാനം നല്‍കി യൂറോപ്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഒരു ലക്ഷം യൂറോ തട്ടി
മഥുര: വിവാഹ വാഗ്ദാനം നല്‍കി യൂറോപ്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത് കേസില്‍ പ്രതികളെ ശിക്ഷിച്ചു കോടതി. യുവതിയില്‍ നിന്നും ഒരു ലക്ഷം യൂറോ തട്ടിയെടുത്ത കേസില്‍ യുവാവിനും അമ്മക്കുമാണ് ശിക്ഷ വിധിച്ചിരിക്കുന്ത്. മഥുര പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി (ഫാസ്റ്റ് ട്രാക്ക് കോടതി-സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍) സുശീല്‍ കുമാറാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.
യുവാവിന് 10 വര്‍ഷം കഠിന തടവും കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് യുവാവിന്റെ അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവും, ഇരുവര്‍ക്കും യഥാക്രമം 7.90 ലക്ഷം രൂപയും 5.90 ലക്ഷം രൂപയും പിഴയുമാണ് കോടതി വിധിച്ചത്. ആത്മീയ കാര്യങ്ങള്‍ക്കായാണ് 2009ല്‍ വളര്‍ത്തു സഹോദരന്‍ സരബ്ജിത് മംഗു സിങ്ങിനൊപ്പം ഹോളണ്ടില്‍ നിന്ന് യുവതി മഥുരയില്‍ എത്തുന്നത്. പിന്നീട് അവള്‍ ഹരേന്ദ്ര കുമാറുമായി പരിചയത്തിലായി. എന്നാല്‍ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തി.
തന്റെ വീട്ടില്‍ ഒരു പ്രതീകാത്മക വിവാഹ ചടങ്ങ് നടത്തി അവളെ കബളിപ്പിച്ചു, പിന്നീട് യുവതിയില്‍ നിന്ന് എടിഎം ഇടപാടുകളിലൂടെയും വ്യാജ നിക്ഷേപ രേഖകള്‍ കാണിച്ചും ഏകദേശം ഒരു ലക്ഷം യൂറോ തട്ടിയെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഹരേന്ദ്ര വിവാഹിതനാണെന്നും കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ പ്രവൃത്തികളെ പിന്തുണച്ചിരുന്നുവെന്നും തെളിഞ്ഞു.
ഗോവിന്ദ് നഗര്‍ നിവാസിയായ ഹരേന്ദ്ര കുമാര്‍, മാതാപിതാക്കളായ വിക്രം സിംഗ്, ലീലാ ദേവി എന്ന നീലം, ഭാര്യ മംത രാഘവ്, സുഹൃത്ത് സരബ്ജിത് മംഗു സിംഗ് എന്നിവര്‍ ചേര്‍ന്ന് തന്നെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് യുവതി മഥുരയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.
വിചാരണ വേളയില്‍, വിക്രം സിങ്ങും മംത രാഘവും കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ഹരേന്ദ്ര കുമാറിനും അമ്മയ്ക്കുമെതിരായ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റി. തുടര്‍ന്ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ലീലാ ദേവിയുടെ നേരത്തെ അനുവദിച്ച ജാമ്യം റദ്ദാക്കിയ കോടതി ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചു.