ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റിലെ ദൗരാല, ഭരാല മേഖലകളില്‍ സ്ത്രീകളെ ഭീതിയിലാഴ്ത്തി 'ന്യൂഡ് ഗാങ്' ആക്രമണം. പൂര്‍ണ നഗ്‌നരായി എത്തുന്ന സംഘം സ്ത്രീകളെ ലക്ഷ്യമിട്ട് നടത്തുന്ന അതിക്രമങ്ങള്‍ തുടര്‍ച്ചയായ നാലാം തവണയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംഭവങ്ങള്‍ക്കുശേഷം പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ വിന്യസിച്ച് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചു. വനിതാ പോലീസുകാരെ ഉള്‍പ്പെടുന്ന പ്രത്യേക പട്രോളിംഗ് സംഘവും വിന്യസിച്ചിട്ടുണ്ട്.

സമീപകാലത്ത് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ യുവതിയെ അക്രമികള്‍ പിടികൂടി സമീപത്തെ വയലിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ബഹളംവെച്ചതിനെ തുടര്‍ന്ന് യുവതിക്ക് രക്ഷപ്പെടാനായെങ്കിലും അക്രമികളെ പിടികൂടാന്‍ സാധിച്ചില്ല. അക്രമികള്‍ പൂര്‍ണ നഗ്‌നരായിരുന്നുവെന്നാണ് യുവതി പോലീസില്‍ മൊഴി നല്‍കിയത്. നാണക്കേട് കാരണം മുമ്പുണ്ടായ സമാന സംഭവങ്ങളില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. മുന്‍പ് മൂന്ന് തവണയും ഇത്തരത്തില്‍ സംഭവിച്ചിരുന്നു. എന്നാല്‍ ആരും പരാതിപ്പെടാന്‍ ഉള്ള ധൈര്യം കാണിച്ചിരുന്നില്ല.

എന്നാല്‍, ആക്രമണം ആവര്‍ത്തിച്ചതോടെ നാട്ടുകാര്‍ തന്നെ ഇടപെട്ട് പോലീസിനെ വിവരം അറിയിച്ചതാണ് നടപടിക്ക് കാരണമായത്. അതേസമയം, 'ന്യൂഡ് ഗാങ്' സംഭവങ്ങള്‍ വെറും പ്രചാരണമാത്രമാണെന്നും, പോലീസിന്റെയും ഭരണകൂടത്തിന്റെയും പ്രതിച്ഛായ മോശമാക്കാനുള്ള ശ്രമമാണെന്നും ചില ഗ്രാമവാസികള്‍ ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.