കോഴിക്കോട് : വടകര കരിമ്പനപാലത്ത് റോഡരികില്‍ നിറുത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വിഷ പുക ശ്വസിച്ചെന്ന് സൂചന. എസിയില്‍ നിന്നുള്ള ഗ്യാസ് ലീക്ക് ആകാം മരണകാരണമായതെന്നാണ് നിഗമനം. കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യമാകും മരണ കാരണമെന്നാണ് വിലയിരുത്തല്‍. എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്നാണ് സംശയം. എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.

മലപ്പുറം എടപ്പാളിലെ ലൈഫ്ലൈന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയിലെ ജീവനക്കാരായ മനോജ്, ജോയല്‍ എന്നിവരാണ് മരിച്ചത്. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശിയാണ് മനോജ്. ജോയല്‍ കണ്ണൂര്‍ പറശേരി സ്വദേശിയും. കുന്നംകുളത്തുകാരായ ഒരു കുടുംബത്തെ ഞായറാഴ്ച ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നതിലേക്കായി കാരവാനില്‍ കണ്ണൂരിലെത്തിച്ചിരുന്നു. ശേഷം അന്നുരാത്രി പതിനൊന്നരയോടെ ജോയലും മനോജും കണ്ണൂരില്‍ നിന്ന് തിരിക്കുകയും ചെയ്തു. പന്ത്രണ്ടരയോടെയാണ് കരിമ്പനപാലത്ത് റോഡരികില്‍ വാഹനം നിറുത്തിയിട്ടത്. തിങ്കളാഴ്ച ഉച്ചയോടെ വാഹനം മലപ്പുറത്ത് എത്തേണ്ടതായിരുന്നു. കാരവാന്‍ എത്താത്തതിനെത്തുടര്‍ന്ന് കമ്പനി നടത്തിയ അന്വേഷണത്തിലാണ് കരിമ്പനപാലത്ത് നിര്‍ത്തിയിട്ടിരിക്കുന്നതായി ജിപിഎസിന്റെ സഹായത്തോടെ കണ്ടെത്തിയത്.

പിന്നാലെ പ്രദേശവാസികളില്‍ ഒരാളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. കാരവാന്റെ പുറകിലായി പുതച്ച നിലയിലായിരുന്നു ജോയലിന്റെ മൃതദേഹം. കാരവാനില്‍ വാതിലിനോട് ചേര്‍ത്തായിരുന്നു മനോജിന്റെ മൃതദേഹം കിടന്നിരുന്നത്. മനോജിന്റെ കയ്യില്‍ വണ്ടിയുടെ താക്കോല്‍ ഉണ്ടായിരുന്നു.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെ.ടി.ഡി.സി. റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തില്‍ത്തന്നെയാണ് വണ്ടി നിര്‍ത്തിയത്. വിശ്രമിക്കാന്‍ വേണ്ടി വാഹനം നിര്‍ത്തിയതാണ് ഇവിടെ എന്നാണ് വിലയിരുത്തല്‍.

കാര്‍ബണ്‍ മോണോക്‌സൈഡ്, കാരവാന്‍