കണ്ണൂര്‍: വളപട്ടണത്തെ അരിവ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ ആള്‍ ലിജീഷാണ് എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. അഷറഫിന്റെ വീടിനോട് ചേര്‍ന്നാണ് ലിജീഷിന്റെ വീട്. നാട്ടില്‍ സാധുവായ ഇയാളുടെ മോഷണ വിവരം അറിഞ്ഞ് സ്വന്തം വീട്ടുകാരും ഞെട്ടലിലാണ്. കുടുംബത്തിന് ആഘാതം താങ്ങാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം വീട്ടുകാര്‍ക്ക് പോലും സംശയത്തിന് ഇടനല്‍കാത്ത വിധത്തിലായിരുന്നു ഇയാളുടെ ഇടപെടലുകള്‍.

അഷ്റഫിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയശേഷം അയല്‍ക്കാരനായ ലിജേഷ് പണവും സ്വര്‍ണവും കൊണ്ടുപോയത് അരിച്ചാക്കിലും സഞ്ചിയിലുമായാണ്. കവര്‍ച്ചയ്ക്കുശേഷം രണ്ട് വെള്ളസഞ്ചികളിലും ഒരു പ്ലാസ്റ്റിക് അരിച്ചാക്കിലുമായിട്ടാണ് പണവും സ്വര്‍ണവും 30 മീറ്റര്‍ പുറകിലുള്ള വീട്ടിലേക്ക് ലിജീഷ് കൊണ്ടുപോയത്. ഒരു സഞ്ചിയില്‍ ആഭരണങ്ങളും മറ്റൊരു സഞ്ചിയിലും ചാക്കിലുമായി പണവും നിറച്ച് തലച്ചുമടായിട്ടാണ് വീട്ടിലെത്തിച്ചത്.

ഭാര്യയും മക്കളും അമ്മയും ഉറങ്ങിയെന്ന് ഉറപ്പാക്കിയശേഷം വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ എത്തിച്ചു. തുടര്‍ന്ന് ഇരുമ്പുകട്ടിലിന്റെ അടിഭാഗത്ത് ഇരുമ്പ് പട്ടകളും ഷീറ്റും കൊണ്ടുണ്ടാക്കിയ രഹസ്യ അറയിലേക്ക് അവ അടുക്കിവെച്ചു. വര്‍ഷങ്ങള്‍ക്കുമുന്നേ ഇത്തരത്തിലുള്ള ഇരുമ്പറ ഉണ്ടാക്കിയതായും അറയെക്കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരറിവും ഉണ്ടായിരുന്നില്ലെന്നും ലിജീഷ് പറഞ്ഞു. ആ കട്ടിലിലാണ് ലിജീഷ് കിടന്നുറങ്ങാറ്. ജോലി സംബന്ധമായ ഉപകരണങ്ങളും മറ്റുമാണ് മുറി നിറയെ ഉണ്ടായിരുന്നത്.

കവര്‍ച്ച നടന്നതിന്റെ തൊട്ടടുത്തദിവസം രാവിലെ മോഷണം നടത്തിയ ദിവസം ഉപയോഗിച്ച ടീഷര്‍ട്ടും മുഖാവരണവും വീടിന്റെ മുകളിലെ നിലയിലെ മുറിയില്‍ കൂട്ടിയിട്ട് കത്തിച്ചതായാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ലിജീഷ് അലമാരയും ലോക്കറും നിര്‍മിച്ചുനല്‍കാറുണ്ട്. വെല്‍ഡിങ് അറിയുന്നതുകൊണ്ട് ജനല്‍ക്കമ്പികള്‍ അഴിച്ചെടുക്കാന്‍ പെട്ടെന്ന് സാധിച്ചു. ലോക്കറിന്റെ താക്കോല്‍ സമീപത്തുനിന്ന് ലഭിച്ചെന്നും അന്വേഷണ സംഘത്തോട് പ്രതി പറഞ്ഞു.

ഇയാള്‍ മോഷണത്തിന് ഇറങ്ങിയപ്പോള്‍ വീട്ടുകാരോട് എന്താണ് പറഞ്ഞതെന്നാണ് ഇനി അറിയേണ്ടത്. അതേസമയം വീട്ടുകാരെല്ലാം ഞെട്ടുലിലാണ്. അതേസമയം പണവും ആഭരണങ്ങളും കണ്ടെടുക്കാന്‍ ലിജീഷിന്റെ വീട്ടില്‍ പോലീസ് എത്തുന്നത് ഞായറാഴ്ച രാത്രി 10.10-ന്. അറസ്റ്റുവിവരംകേട്ട് ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞ് ലിജീഷിന്റെ ഭാര്യ വാവിട്ടു കരഞ്ഞു. അമ്മയ്ക്കും കരച്ചിലടക്കാനായില്ല. ലിജീഷിന്റെ രണ്ടുമക്കള്‍ ഒന്നുമറിയാതെ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.

ഒന്നര മണിക്കൂര്‍ കൊണ്ട് പോലീസ് സംഘം പണവും സ്വര്‍ണാഭരണങ്ങളും എണ്ണിത്തിട്ടപ്പെടുത്തി. അവ ട്രോളി ബാഗിലാക്കി പുറപ്പെടുന്നതിന് തൊട്ടുമുന്‍പായി ലിജീഷിന്റെയും ഭാര്യയുടെയും ബന്ധുക്കള്‍ വീട്ടിലെത്തി. ഉണര്‍ന്ന കുട്ടികള്‍ പോലീസുകാരെയും ബന്ധുക്കളെയും കണ്ടതോടെ പകച്ചു. പോലീസ് ഇറങ്ങിയതിനുപിന്നാലെ കുട്ടികളെയും ഭാര്യയെയും അമ്മയെയുംകൂട്ടി ബന്ധുക്കളും വീടുപൂട്ടി ഇറങ്ങുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയില്‍ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണട്. അന്ന് പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. കീച്ചേരിയില്‍ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നില്‍ ലിജീഷ് ആണെന്ന് വ്യക്തമായത്.

ലിജീഷ് മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വളപട്ടണത്ത് മോഷണം നടന്ന അഷ്റഫിന്റെ വീടിന് തൊട്ടടുത്താണ് പ്രതിയായ ലിജീഷിന്റെ വീട്. വെല്‍ഡിംഗ് തൊഴിലാളിയാണ് ഇയാള്‍. പരിശോധനയ്ക്കിടെ പൊലീസ് നായ മണംപിടിച്ച് പോയത് പ്രതിയുടെ വീടിന്റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി അഷ്റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.തുടര്‍ന്നാണ് ലിജീഷിനെ പിടികൂടിയത്. പരിശോധനയില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അഷ്റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന, വീടുമായി അടുത്ത ബന്ധമുള്ള ആളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലേ സംശയിച്ചിരുന്നു.മൂന്ന് മാസം മുമ്പ് വിദേശത്ത് പോയി തിരിച്ചുവന്ന ലിജീഷ് അയല്‍പക്കത്തെ വീട്ടില്‍ ജനല്‍ ഇളക്കിയാണ് മോഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം കീച്ചേരിയില്‍ മോഷണം നടത്തിയതും ജനല്‍ ഗ്രില്‍ ഇളക്കിയായിരുന്നു. കീച്ചേരിയില്‍ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്.

അഷറഫിന്റെ വീടും പരിസരങ്ങളും സംബന്ധിച്ച് വ്യക്തമായി അറിയുന്ന ആളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തില്‍ പോലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ എത്തിയിരുന്നു.തുടര്‍ന്ന് പരിസരവാസികളെ ചോദ്യംചെയ്തു.ലീജീഷിനെ ചോദ്യംചെയ്തതോടെ ചില സംശയങ്ങള്‍ പോലീസിനുടലെടുത്തു.ഇതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഇയാള്‍ത്തന്നെയാണ് പ്രതിയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാക്കിയത്.

സി.സി.ടി.വി. പരിശോധനയില്‍ കഷണ്ടിയുള്ള ആളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ആളുടെ മുഖം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഡമ്മി ആളെ ഉപയോഗിച്ച് വെച്ച് ഡമോ നടത്തിനോക്കി. പരിസരങ്ങളിലെ വീടുകളിലെയും കടകളിലെയും മറ്റും നൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. പഴയ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിച്ച് പരിശോധന നടത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അറിയുന്നതിനായി 115 സി.ഡി.ആറുകളും പരിശോധിച്ചു.

സി.സി.ടി.വി. ക്യാമറയെ വെട്ടിക്കാന്‍ ഇയാള്‍ പരമാവധി ശ്രമിച്ചു. ദൃശ്യത്തില്‍പ്പെടാതിരിക്കാന്‍ ഒരു സി.സി.ടി.വി. ക്യാമറ തിരിച്ചുവെച്ചപ്പോള്‍,ഇത് വീട്ടിലെ ഒരു മുറിയുടെ ദൃശ്യങ്ങള്‍ വ്യക്തമാവുന്ന തരത്തിലായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങനെ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായതെന്ന് പോലീസ് വ്യക്തമാക്കുന്നു.20-ാം തീയതിയാണ് മോഷണം നടത്തിയത്. 40 മിനിറ്റുള്ള ഓപ്പറേഷനിലാണ് ലിജീഷ് മോഷണം പൂര്‍ത്തിയാക്കിയത്.

അഷ്റഫിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണത്തേയും സ്വര്‍ണത്തേയും കുറിച്ച് ലിജീഷിന് കൃത്യമായ ധാരണയുണ്ടായിരുന്നു. മോഷണത്തിനായി ഉപയോഗിച്ച ഒരു ഉപകരണം ഇയാള്‍ മോഷണത്തിനിടെ വീട്ടില്‍വെച്ച് മറന്നു. ഇത് തിരിച്ചെടുക്കാന്‍ 21-ാം തീയതി വീട്ടിനുള്ളില്‍ വീണ്ടും കടന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും ലിജീഷ് ചോദ്യംചെയ്യലില്‍ മൊഴി നല്‍കി. പോലീസ് നടത്തിയ പരിശോധനയില്‍ പിന്നീട് ഈ ഉപകരണം കണ്ടെത്തിയെന്ന് കമ്മിഷണര്‍ അറിയിച്ചു.