കൊച്ചി : വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അമ്മയെയും രണ്ടാനച്ഛനെയും അറസ്റ്റു ചെയ്യാന്‍ സിബിഐ. ഇവരെ മൂന്ന് കേസില്‍ക്കൂടി സിബിഐ പ്രതിചേര്‍ത്തിട്ടുണ്ട്. ബുധനാഴ്ച കൊച്ചി സിബിഐ കോടതിയിലാണ് പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍, ഇരകളുടെ ബന്ധു എം മധു (കുട്ടി മധു) പ്രതിയായ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് സിബിഐക്ക് കോടതി അനുമതി നല്‍കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതികൂടി ഉള്‍പ്പെട്ട രണ്ട് കേസില്‍ ദമ്പതികളെ അറസ്റ്റ്‌ചെയ്യാന്‍ അനുമതി തേടിയാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അറസ്റ്റുണ്ടായാല്‍ അത് വാളയാര്‍ കേസിന് നാടകീയ ട്വിസ്റ്റാകും. അമ്മയെയും രണ്ടാനച്ഛനെയും നേരത്തേ ആറു കേസുകളില്‍ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. ഈ കേസുകളിലെല്ലാം ഇരുവര്‍ക്കുമെതിരേ സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളുമെല്ലാമുണ്ടെന്ന് ബുധനാഴ്ച കേസ് പരിഗണിക്കവേ സി.ബി.ഐ. ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് സമന്‍സ് അയക്കുന്നതിനുള്ള നടപടിക്രമം ഈ മാസം 25-ന് സി.ബി.ഐ. കോടതി പരിഗണിക്കും.

ചില കേസുകളില്‍ തുടരന്വേഷണം അനുവദിക്കുന്നതിലും 25ന് തീരുമാനമെടുക്കും. രണ്ടുകേസും പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച മൂന്നുകേസിലും ദമ്പതികളുടെ അടുത്ത സഹായി പ്രദീപ്കുമാര്‍, കുട്ടി മധു എന്നിവര്‍ പ്രതികളാണ്. ഇവരുടെ മരണത്തെത്തുടര്‍ന്ന് കേസ് നേരത്തെ അവസാനിപ്പിച്ചതാണ്. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനും അതിനുള്ള സൗകര്യമൊരുക്കാനും അമ്മയും രണ്ടാനച്ഛനും പ്രധാന പങ്കുവഹിച്ചെന്നും രക്ഷിതാക്കളെന്ന നിലയില്‍ മനഃപൂര്‍വം അശ്രദ്ധവരുത്തിയെന്നും സിബിഐ ബുധനാഴ്ച കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായും പറയുന്നു. ദമ്പതികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ വ്യക്തമായ തെളിവ് ലഭിച്ചതായി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പയസ് മാത്യു പറഞ്ഞു. ശാസ്ത്രീയ തെളിവുകളും രേഖകളും സാക്ഷിമൊഴികളും ശേഖരിച്ചിട്ടുണ്ട്. ദമ്പതികള്‍ ഇനി ഇരകളെ പ്രതിനിധീകരിക്കുന്നവരല്ല, പ്രതികളാണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഇത് വാളയാര്‍ കേസിന് പുതിയ തലം നല്‍കുകയാണ്.

മൂന്നുകേസിലും കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് സിബിഐ ഹര്‍ജികളും സമര്‍പ്പിച്ചു. കൂടുതല്‍ അന്വേഷണത്തിനുശേഷം ഈ കേസുകളില്‍ സിബിഐ കുറ്റപത്രം നല്‍കും. ഇവര്‍ പ്രതികളായ ആറു കേസില്‍ സിബിഐ മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വാളയാര്‍ അട്ടപ്പള്ളത്ത് 2017 ജനുവരി 13നാണ് പതിമൂന്നുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. മാര്‍ച്ച് നാലിന് അനുജത്തിയായ ഒമ്പതുകാരിയെയെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കേസില്‍ പ്രതികളായ കുട്ടി മധുവും പ്രദീപ്കുമാറും മരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണമെന്ന ആവശ്യം സി.ബി.ഐ. ഉന്നയിച്ചിട്ടുണ്ട്. ഇതിലുള്‍പ്പെടെ മൂന്നു കേസുകളിലാണ് കൂടുതല്‍ അന്വേഷണത്തിന് അപേക്ഷ നല്‍കിയത്. ഇതില്‍ ഒരു കേസില്‍ കൂടുതലന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

വാളയാറില്‍ രജിസ്റ്റര്‍ ചെയ്ത 9 കേസുകളില്‍ ആറിലും മാതാപിതാക്കളെ പ്രതി ചേര്‍ത്തു. മൂന്നില്‍ കൂടി പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇതോടെ എല്ലാ കേസിലും അവര്‍ പ്രതിയാകും. ഇളയ കുട്ടിയുടെ അച്ഛനും മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമാണിയാള്‍. ആത്മഹത്യാ പ്രേരണക്കുറ്റം ഉള്‍പ്പെടെ വകുപ്പുകളാണ് ചുമത്തിയത്. മക്കളുടെ മുന്നില്‍ വച്ച് ഒന്നാം പ്രതി വലിയ മധു അമ്മയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണ്. പിതാവിന്റെ മുന്നില്‍ വച്ചും ഒന്നാം പ്രതി ലൈംഗികാതിക്രമങ്ങള്‍ നടത്തി എന്നിങ്ങനെയാണ് കുറ്റാരോപണങ്ങള്‍.

13കാരിയായ മൂത്തകുട്ടിയെ 2017 ജനുവരി 13നും, 9 വയസായിരുന്ന ഇളയകുട്ടിയെ അതേ വര്‍ഷം മാര്‍ച്ച് നാലിനുമാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അട്ടപ്പള്ളം സ്വദേശി വലിയ മധു, ഇടുക്കി രാജാക്കാട് സ്വദേശി ഷിബു, പാമ്പാമ്പള്ളം സ്വദേശി എം. മധു (കുട്ടിമധു), 16 വയസുകാരന്‍ എന്നിവരാണ് പ്രതികള്‍.

കുട്ടി മധുവിന് സംഭവിച്ചത് എന്ത്?

വാളയാര്‍ കേസ് പ്രതി കുട്ടിമധുവിന്റെ മരണത്തിലും സിബിഐ ദുരൂഹത കാണുന്നുണ്ട്. ഈ കേസില്‍ സൂപ്പര്‍വൈസര്‍ നിയാസ് പോലീസിന്റെ അറസ്റ്റിലായിരുന്നു. കുട്ടിമധുവിന്റെ മേലുദ്യോഗസ്ഥനായിരുന്നു നിയാസ്. മധു ചെമ്പുകമ്പി മോഷ്ടിച്ചതായി ആരോപിച്ച് നിയാസ് തടഞ്ഞുവച്ചിരുന്നു. ഇതേതുടര്‍ന്ന് മധു ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ആലുവ ബിനാനി സിങ്ക് ഫാക്ടറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

വാളയാര്‍ പീഡനക്കേസിലെ നാലാംപ്രതിയായിരുന്നു അട്ടപ്പള്ളം സ്വദേശിയായ കുട്ടിമധു. അടച്ചുപൂട്ടിയ ഫാക്ടറിയിലെ ഉപകരണങ്ങളും മണ്ണും നീക്കം ചെയ്യാനും കരാര്‍ നല്‍കിയിരുന്നു. കരാറെടുത്ത കമ്പനികളില്‍ ഒന്നിലെ ജീവനക്കാരനായിരുന്നു കുട്ടിമധു. മരിക്കുന്നതിന് തൊട്ടു മുമ്പത്തെ ദിവസമാണ് കുട്ടിമധു ജോലിക്കായി ബിനാനിപുരത്തെത്തിയത്. രാവിലെ മറ്റ് തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഈ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് സിബിഐ ആവശ്യം.

വാളയാര്‍ കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ 2020 നവംബര്‍ നാലിന് ജീവനൊടുക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ഇതിന് കാരണമെന്നായിരുന്നു ഉയര്‍ന്ന വാദം.