തിരുവനന്തപുരം: കമ്പനിയില്‍ കാശ് നിക്ഷേപിച്ചാല്‍ ലാഭം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വയോധികനില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍. ഇന്‍വെന്‍ട്ര ഗ്ലോബല്‍ വെഞ്ച്വേഴ്സ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. വര്‍ക്കല കരുനിലക്കോട് ലാല്‍കുമാര്‍ സത്യന്‍ എന്നയാളുടെ പരാതിയില്‍ തിരുവനന്തപുരം സ്വദേശികളായ ബിനു, ദീപ, ദേവരാജന്‍ എന്നിവര്‍ക്കെതിരെ വര്‍ക്കല പൊലീസ് കേസെടുത്തു. പരാതിക്കാരനില്‍ മാത്രം 28 ലക്ഷം രൂപയോളം സംഘം തട്ടിയതായാണ് പരാതിയില്‍ പറയുന്നത്. ഈ സ്ഥാപനത്തിന്റെ പേരില്‍ നിരവധി പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.

ബിനു, ഭാര്യ ദീപ, സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ജെ ദേവരാജ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 318 ( 4 ), 3 ( 5 ) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 2019 ല്‍ ഇഷുറന്‍സ് കമ്പനി ഏജന്റ് ആണെന്ന് പേരില്‍ ദീപയും, ഭര്‍ത്താവായ ബിനുവും പരാതിക്കാരനെ സമീപിക്കുന്നത്. പിന്നീട് പലതവണ വീട് സന്ദര്‍ശിച്ച ഇവര്‍ പരാതിക്കാരന്റെ കുടുംബവുമായി അടുത്ത സൗഹൃദം സൃഷ്ടിച്ചു. ശേഷം റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ നടത്തി വരുന്നതായും തങ്ങളുടെ സംരംഭങ്ങളില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം ഉണ്ടാക്കി നല്‍കാമെന്നും വാഗ്ദാനം നല്‍കുകയായിരുന്നു.1 ലക്ഷം രൂപ 60 ആഴ്ചത്തേക്ക് നിക്ഷേപിച്ചാല്‍ 3.5 ശതമാനം പലിശയും മുതലും നല്‍കുമെന്നായിരുന്നു വാഗ്ദാനം.

ആഴ്ചതോറും ഈ ലാഭം നല്‍കാമെന്നും പ്രതികള്‍ പരാതിക്കാരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. നിരവധിപേരെ ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പിനായാക്കിയിട്ടുണ്ട്. ഇന്‍വെന്‍ട്ര ഗ്ലോബല്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു കമ്പനി ഉണ്ടെന്നും അതില്‍ പണം നിക്ഷേപിക്കണം എന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. ധാരാളം ബിസിനസുകള്‍ ഈ കമ്പനി നടത്തുന്നുണ്ടെന്നും ഇന്ത്യയിലെ തന്നെ വന്‍കിട ബിസിനെസ്സ് കമ്പനികളുമായി ഇന്‍വെന്‍ട്ര ഗ്ലോബല്‍ വെഞ്ച്വേഴ്സിനു പങ്കാളിത്തമുണ്ടെന്നും ഇവര്‍ പരാതിക്കാരെ തെറ്റിദ്ധരിപ്പിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കമ്പനിക്ക് 2000 കോടിയിലധികം ആസ്ഥിയുണ്ടെന്നും ഇവര്‍ പരാതിക്കാരനോട് പറഞ്ഞിരുന്നു.

എന്നാല്‍ പണം നിക്ഷേപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ലാഭം ലഭിക്കാതായതോടെ പരാതിക്കാരന്‍ കമ്പനിയുമായി ബന്ധപ്പെട്ടു. എന്നാല്‍ കോവിഡ് കാരണമുണ്ടായ ലോക്ക്ഡൗണ്‍ ബിസിനസിനെ ബാധിച്ചതായും കമ്പനിയ്ക്ക് തുകകള്‍ ലഭിക്കാനുണ്ടെന്നും ഇവര്‍ പരാതിക്കാരനോട് പറഞ്ഞു. തുടര്‍ന്ന് ലോക്ക്ഡൗണ്‍ കഴിഞ്ഞതിനുശേഷവും ഓരോ കാരണങ്ങള്‍ പറഞ്ഞ് പ്രതികള്‍ പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു.

ഇതോടെയാണ് പരാതിക്കാരന്‍ വലിയ തട്ടിപ്പിനിരയായതെന്ന് മനസ്സിലാക്കുന്നത്. പല തവണകളായാണ് പ്രതികള്‍ പണം തട്ടിയത്. ബാങ്ക് അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ ഗ്യാരന്റിയായി നല്‍കിയ ചെക്കുകളും മടങ്ങിയതോടെയാണ് തട്ടിപ്പിനിരയായ ആള്‍ പൊലീസില്‍ പരാതി നല്‍കിയത്.