കോഴിക്കോട്: വടകരയില്‍ കാരവനില്‍ യുവാക്കള്‍ മരണപ്പെട്ടത് കാര്‍ബണ്‍ മോണോക്സൈഡ് കാരണമെന്ന് സ്ഥിരീകരണം. കോഴിക്കോട് എന്‍.ഐ.ടി വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തില്‍ പടര്‍ന്ന കാര്‍ബണ്‍ മോണോക്സൈഡ് ആണ് മരണകാരണമായതെന്ന് കണ്ടെത്തിയത്. നേരത്തെ പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം കണ്ടെത്തിയിരുന്നു.

വാഹനത്തിലെ ജനറേറ്ററില്‍ നിന്നാണ് വിഷവാതകം അകത്തേക്ക് വമിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്ലാറ്റ്ഫോമിലെ ദ്വാരം വഴിയാണ് വാതകം കാരവാനിന് അകത്തെത്തിയത്. രണ്ട് മണിക്കൂറിനകം 957 PPM അളവ് കാര്‍ബണ്‍ മോണോക്സൈഡാണ് പടര്‍ന്നത് എന്ന് ശാസ്ത്രപരിശോധനയില്‍ വ്യക്തമായി.

മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് പേരുടെയും ഉള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് അമിത അളവില്‍ പ്രവേശിച്ചതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. മലപ്പുറം എടപ്പാളിലെ ലൈഫ്‌ലൈന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയിലെ ജീവനക്കാരായ മനോജ്, ജോയല്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ദേശീയ പാതയോരത്ത് കരവാനില്‍ കണ്ടെത്തിയത്.

മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശിയാണ് മനോജ്. ജോയല്‍ കണ്ണൂര്‍ പറശേരി സ്വദേശിയും.കുന്നംകുളത്തുകാരായ ഒരു കുടുംബത്തെ ഞായറാഴ്ച ഒരു കല്യാണത്തില്‍ പങ്കെടുക്കുന്നതിലേക്കായി കാരവാനില്‍ കണ്ണൂരിലെത്തിച്ചിരുന്നു. ശേഷം അന്നുരാത്രി പതിനൊന്നരയോടെ ജോയലും മനോജും കണ്ണൂരില്‍ നിന്ന് തിരിക്കുകയും ചെയ്തു. പന്ത്രണ്ടരയോടെയാണ് കരിമ്പനപാലത്ത് റോഡരികില്‍ വാഹനം നിറുത്തിയിട്ടത്. കാരവാന്‍ മലപ്പുറത്ത് ത്താത്തതിനെത്തുടര്‍ന്ന് കമ്പനി നടത്തിയ അന്വേഷണത്തിലാണ് കരിമ്പനപാലത്ത് നിര്‍ത്തിയിട്ടിരിക്കുന്നതായി ജിപിഎസിന്റെ സഹായത്തോടെ കണ്ടെത്തിയത്.

പിന്നാലെ പ്രദേശവാസികളില്‍ ഒരാളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. കാരവാന്റെ പുറകിലായി പുതച്ച നിലയിലായിരുന്നു ജോയലിന്റെ മൃതദേഹം. കാരവാനില്‍ വാതിലിനോട് ചേര്‍ന്നായിരുന്നു മനോജിന്റെ മൃതദേഹം കിടന്നിരുന്നത്. മനോജിന്റെ കയ്യില്‍ വണ്ടിയുടെ താക്കോല്‍ ഉണ്ടായിരുന്നു.