ഡൽഹി: ഡൽഹിയിലെ സമയ്പുർ ബാദ്ലിയിൽ രണ്ട് മാസം ഗർഭിണിയായ യുവതിയെയും മൂന്ന് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള മൂന്ന് പെൺമക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആൺകുട്ടികളില്ലെന്ന പേരിൽ വീട്ടിൽ തർക്കം പതിവായിരുന്നു. ഇതാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഗൃഹനാഥനും പച്ചക്കറി കച്ചവടക്കാരനുമായ മെഞ്ചുൻ കെവാദിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മെഞ്ചുൻ കെവാദിന്റെ ഭാര്യ അനിതയെയും മൂന്ന് പിഞ്ചു പെൺമക്കളെയുമാണ് ചന്ദൻ പാർക്കിലെ അപ്പാർട്ട്‌മെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കഴുത്തറുത്ത നിലയിലും അനിതയെ മുഖം കമിഴ്ന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വീട്ടിൽ മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങളില്ലാത്തതിനാൽ, ഇവർക്ക് ഭക്ഷണത്തിൽ ഉറക്കഗുളിക നൽകിയ ശേഷം ഉറക്കത്തിനിടെ കൊലപ്പെടുത്തിയതാണോ എന്ന് പോലീസ് സംശയിക്കുന്നു.

വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. രാത്രി 9 മണിയോടെ കെവാദും അനിതയും തമ്മിൽ കടുത്ത തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. ആൺകുട്ടികൾ ഇല്ലാത്തതിനെ ചൊല്ലിയാണ് കെവാദ് വഴക്കിട്ടിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. 10 വയസ്സുള്ള അനന്തിരവനാണ് ബുധനാഴ്ച രാവിലെ വീട്ടിലെത്തിയപ്പോൾ മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ബന്ധുക്കൾ കെവാദിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

പ്രതി വീട്ടിൽ നിന്ന് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആസാദ്പുർ മാണ്ഡിയിലെ പച്ചക്കറി കച്ചവടക്കാരനാണ് മെഞ്ചുൻ കെവാദ്. ഇയാൾക്കായി ഡൽഹിക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഹരേശ്വർ സ്വാമി അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.