- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയില്‍ സിനിമ പഠിക്കാന്‍ പോയ പ്രജിന് തിരിച്ചെത്തിയത് മറ്റൊരാളായി; മുറിയില്‍ 'ഓം' വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം; ആരെങ്കിലും കയറാന്‍ തുനിഞ്ഞാല്‍ ഭീഷണി; പ്രജിന് അച്ഛന് ജോസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബ്ലാക്ക് മാജിക്കെന്ന് സംശയം; പുറത്തു വന്നാല്‍ തന്നെയും കൊല്ലുമെന്ന് അമ്മ; വെള്ളറട കൊലപാതകം ബ്ലാക്മാജിക് പ്രേരണയാലോ?
കൊച്ചിയില്‍ സിനിമ പഠിക്കാന്‍ പോയ പ്രജിന് തിരിച്ചെത്തിയത് മറ്റൊരാളായി;
തിരുവനന്തപുരം: വെള്ളറട കിളിയൂരില്‍ അച്ഛനെ മകന്‍ കൊലപ്പെടുത്തിയ കേസില്‍ വന്‍ വഴിത്തിരിവ്. പിതാവ് ജോസിവെ മകന്‍ പ്രജിന്‍ കൊലപ്പെടുത്തിയത് ബ്ലാക്മാജിക് പ്രേരണയാലെന്ന സംശയമാണ് ബലപ്പെടുന്നത്. പ്രജിനെ കുറിച്ച് വെളിപ്പെടുത്തലുമായി മാതാവാണ് രംഗത്തുവന്നത്. മകന്‍ നിഗൂഢ ജീവിതമാണ് നയിച്ചത് എന്നാണ് കൊല്ലപ്പെട്ട ജോസിന്റെ ഭാര്യ സുഷമ വെളിപ്പെടുത്തിയത്. മകന്റെ സ്വഭാവം കാരണം ഭയപ്പാടോടെയാണ് കഴിഞ്ഞിരുന്നതെന്നും അവര്‍ വെളിപ്പെടുത്തുന്നു.
നല്ലനിലയില്‍ മുന്നോട്ടു പോയിരുന്ന കുടുംബത്തിന്റെ താളം തെറ്റിയത് മകന്‍ കൊച്ചിയില്‍ സിനിമ പഠനത്തിന് പോയതിന് ശേഷമാണെന്നാണ സുഷമ വെളിപ്പെടുത്തുന്നത്. തിരികെ വീട്ടിലെത്തിയ മകനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. എപ്പോഴും മുറിയടച്ചിരുപ്പായിരുന്നു. മുറിയില്‍ നിന്നും 'ഓം' പോലെ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം കേള്‍ക്കുമായിരുന്നുവെന്നും സുഷമ പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി ജോസും ഭാര്യ സുഷമയും മകന്‍ പ്രജിനെ ഭയന്നാണ് ജീവിച്ചത്. ഈ ഭരത്തിന് ഒടുവിലാണ് മകന്‍ പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയതും.
പ്രജിന്റെ മുറിക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. ബ്ലാക്ക് മാജിക് ആണെന്നത് ഇപ്പോഴാണ് അറിഞ്ഞത്. മകന്‍ ജയിലില്‍ നിന്നും പുറത്തു വന്നാല്‍ തന്നെയും കൊല്ലുമെന്ന് ജോസിന്റെ ഭാര്യ ചാനലിനോട് പറഞ്ഞു. 'കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയിരുന്നു. റൂം പൂട്ടിയിട്ടേ പുറത്തിറങ്ങൂ. അവന്റെ റൂമിലേക്ക് കയറാന്‍ സമ്മതിക്കില്ല. പടി ചവിട്ടിയെന്നായാല്‍ ഉടന്‍ അവന്‍ പ്രതികരിക്കും. ഭീഷണിപ്പെടുത്തും. മകന്‍ പുറത്തിറങ്ങിയാല്‍ എനിക്ക് ഭയമാണ്. അടുത്തത് ഞാനോ മകളോ ആയിരിക്കും', അമ്മ പറയുന്നു.
ഈ മാസം അഞ്ചിനാണ് അതിക്രൂര കൊലപാതകം നടന്നത്. വെള്ളറട സ്വദേശി ജോസി(70)നെ മകന്‍ പ്രജിന്‍ (28) കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കിളിയൂരിലെ ചാരുവിള വീട്ടില്‍ ജോസും ഭാര്യയും പ്രജിനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ജോസിന്റെ മൃതദേഹം അടുക്കളയിലായിരുന്നു കിടന്നിരുന്നത്. ചൈനയില്‍ മെഡിസിന് പഠിക്കുകയായിരുന്നു പ്രജിന്‍. കൊവിഡിന്റെ സമയത്ത് തിരിച്ച് നാട്ടിലെത്തി.
സ്വതന്ത്രമായി ജീവിക്കാന്‍ തന്നെ വീട്ടുകാര്‍ അനുവദിക്കുന്നില്ല എന്നാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രജിന്‍ പൊലീസിനോട് പറഞ്ഞത്. അമ്മയെയും അച്ഛനെയും സ്ഥിരമായി ഇയാള്‍ മര്‍ദിക്കുമായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രജിന്‍ പറയുന്നുവെങ്കിലും വീട്ടില്‍ വഴക്കുണ്ടായിട്ടില്ലെന്നാണ് മാതാവ് പറഞ്ഞത്. പള്ളിയില്‍ പോകാനൊന്നും തയ്യാറായിരുന്നില്ലെന്നും അവര്‍ പറയുന്നു.
ചൈനയിലെ ഒരു മെഡിക്കല്‍ കോളേജില്‍ ഇടനിലക്കാരന്‍ വഴിയായിരുന്നു പ്രജിന് എംബിബിഎസ് പ്രവേശനം ലഭിച്ചത്. എന്നാല്‍ വീട്ടുകാര്‍ മുഴുവന്‍ ഫീസും ഏജന്റിന് നല്‍കിയെങ്കിലും ഇത് കോളേജില്‍ അടയ്ക്കാത്തതിനാല്‍ തന്റെ സര്‍ട്ടിഫിക്കറ്റുകളെല്ലാം പിടിച്ചുവച്ചിരിക്കുകയാണെന്നാണ് പ്രജിന്‍ പറയുന്നത്. ഇത് തിരികെ വാങ്ങാന്‍ ജോസിനോട് പണം ചോദിച്ചിട്ട് നല്‍കിയില്ലെന്ന് പ്രജിന്‍ പൊലീസിനോട് പറഞ്ഞത്.
ആദ്യമകന്റെ മരണത്തിനു ശേഷം പിറന്ന കുട്ടിയായതിനാല്‍ പ്രജിനെ ഏറെ ലാളിച്ചാണ് വളര്‍ത്തിയതെന്ന് അമ്മ സുഷമകുമാരി പറയുന്നു. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ക്കുപോലും പെട്ടെന്നു ക്ഷുഭിതനാകുമായിരുന്നു. എന്നാല്‍, പെട്ടെന്നുതന്നെ ശാന്തനാവുകയും ചെയ്യും. വീടിനകത്തും പുറത്തും ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണ് പ്രജിന്റേതെന്നും സുഷമകുമാരി പറഞ്ഞു.
സുഷമ ദീര്‍ഘകാലം ഇസ്രയേലില്‍ നഴ്‌സായിരുന്നു. അമ്മയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ് ഒരുങ്ങുന്നുണ്ട്. പ്രിജിന് ഡാര്‍ക്ക് വെബ്ബില്‍ ഇടപാടുകള്‍ ഉണ്ടോ എന്നത് അടക്കം പരിശോധിക്കും.