തിരുവനന്തപുരം: പതിനാറുകാരനെ ഭീകര സംഘടന ഐഎസ്‌ഐ എസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതിയില്‍ കുട്ടിയുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കേസ് പലവിധ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിലാണ് അമ്മയ്ക്കും രണ്ടാനച്ഛനും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടിയുടെ അമ്മയ്ക്ക് കനകമല കേസിലെ പ്രതിയുമായി സൗഹൃദമുള്ളതും ഗൗരവത്തിലാണ് പോലീസ് കാണുന്നത്. ഇതാണ് കുട്ടിയുടെ പരാതിയെ പ്രസക്തിയോടെ എടുക്കാന്‍ കാരണവും.

വെമ്പായം സ്വദേശി പത്തനംതിട്ട സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിനു പിന്നാലെ യുവതിയെ മതപരിവര്‍ത്തനം ചെയ്യിക്കുകയും പേരു മാറ്റുകയും ചെയ്തു. പിന്നീട് യുവതിയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച മകനെ ആണ് ഐഎസില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ടതെന്നാണ് ആരോപണം. വിവാഹം കഴിച്ച ഭാര്യയുടെ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ മകനെയാണ് 'ഐസിസുകാരനാക്കാന്‍' ശ്രമിച്ചുവെന്നാണ് ആരോപണം. ദമ്പതികള്‍ യുകെയില്‍ താമസിച്ചുവരികയായിരുന്നു. നാട്ടിലെത്തിയ സമയത്ത് കുട്ടിയെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ വീഡിയോകള്‍ കാണിച്ചും ആശയപരമായി സ്വാധീനിക്കാനും ശ്രമിച്ചതാണെന്ന് പരാതിയില്‍ പറയുന്നു. ഇതിലുപരി, കുട്ടിയെ നാട്ടിലെ ഒരു മതപഠനശാലയില്‍ ഏല്‍പ്പിക്കുകയും ഇവിടെ കൂടുതല്‍ 'മതപാഠം' നല്‍കാനുള്ള ശ്രമം തുടരുകയും ചെയ്തു.

മതപഠനശാലയില്‍ അസാധാരണമായ അന്തരീക്ഷം അനുഭവിച്ചതിനെ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് സ്വന്തം അമ്മയുടെ ബന്ധുക്കളുടെ വീട്ടില്‍ എത്തുകയും അവരോട് സഹായം തേടുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തുവന്നത്. ബന്ധുക്കള്‍ വിവരം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് വെഞ്ഞാറമ്മൂട് പൊലീസ് യു.എ.പി.എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും കര്‍ശനമായ ഭീകരവിരുദ്ധ നിയമം. സാധാരണ കേസ് അല്ല; രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധമുള്ളവര്‍ക്കുമാത്രമാണ് ഇതു ചുമത്താറുള്ളത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര ഇന്റലിജന്‍സും എന്‍ഐഎയും വിവരശേഖരണത്തിനായി രംഗത്തിറങ്ങിയിട്ടുണ്ട്. കുട്ടി നിലവില്‍ അച്ഛന്റെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്. തീര്‍ത്തും അസാധാരണമായി ഈ കേസിനെ പോലീസ് കാണുന്നുണ്ട്.

വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് മതം മാറ്റിയിരുന്നു. അതിനുശേഷം ഇയാള്‍ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐഎസില്‍ ചേരാന്‍ നിരന്തരം പ്രേരിപ്പിക്കുകയായിരുന്നു. വിവാഹശേഷം കുട്ടിയുടെ മാതാവും രണ്ടാനച്ഛനും യുകെയില്‍ പോയി. പിന്നീട് കുട്ടി യുകെയില്‍ എത്തിയപ്പോള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ആഹ്വാനംചെയ്യുന്ന വീഡിയോദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ സമ്മതിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുകെയില്‍നിന്നു നാട്ടിലെത്തിയ ഇവര്‍ കുട്ടിയെ ആറ്റിങ്ങല്‍ പരിധിയിലുള്ള മതപാഠശാലയില്‍ ചേര്‍ത്തു.

ഇവിടെ നിന്നും കുട്ടി രക്ഷപ്പെട്ടുവെന്നാണ് സൂചന. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചതായി കണ്ടെത്തിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ എന്‍ഐഎയും വിവരശേഖരണം ആരംഭിച്ചു. കടുത്ത മാനസിക സംഘര്‍ഷമാണ് കുട്ടി അനുഭവിച്ചതെന്നാണ് സൂചന.