തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം. മുത്തശ്ശിയെ കൊന്ന കേസിലാണ് ആദ്യ അറസ്റ്റ്. അഫാന്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാണു പൊലീസ് സംഘം അറസ്റ്റ് രേഖപ്പെടുത്തുക. അഫാനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതക കാരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവരൂ. ഡോക്ടര്‍മാരുടെ അനുമതി ലഭിക്കുന്ന മുറയ്ക്കു പ്രതിയെ ഇന്നുതന്നെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷന്‍ പരിധിയിലും ബാക്കി കേസുകള്‍ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഡിസ്ചാര്‍ജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം. ഇനി പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. എന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം ആയിരിക്കും ഡിസ്ചാര്‍ജ് കാര്യത്തില്‍ തീരുമാനമുണ്ടാവുക. ഉച്ചക്ക് മുമ്പായി ബോര്‍ഡ് റിപ്പോര്‍ട്ട് ലഭിക്കും. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസ് പാങ്ങോട് സ്റ്റേഷനിലും മറ്റു നാല് കേസുകള്‍ വെഞ്ഞാറമൂട് സ്റ്റേഷനിലുമാണ്.

അതേസമയം, കേസില്‍ അഫാന്റെ കുടുംബത്തിന്റെ കടബാധ്യത അറിയാന്‍ വായ്പ നല്‍കിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. കുടുംബാംഗങ്ങള്‍ക്ക് പുറമെ പുറത്തു നിന്നും പണം കടം വാങ്ങി. സ്വര്‍ണ്ണഭരണങ്ങളും പണയം വെച്ചിട്ടുണ്ട്. വായ്പ നല്‍കിയവര്‍ കേസില്‍ സാക്ഷികളാകും. കൂട്ടക്കൊലക്ക് കാരണം സാമ്പത്തിക ബാധ്യത ആയതിനാലാണ് ഇവരുടെ മൊഴികള്‍ പൊലീസ് ശേഖരിക്കുന്നത്.

പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാന്‍ ഡോക്ടര്‍മാര്‍ പൊലീസിന് അനുമതി നല്‍കിയത്.

കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങള്‍ നടത്തേണ്ടി വന്നു എന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്. അഫാന്‍ തന്റെ കാമുകി ഫര്‍സാനയുടെ മാല വാങ്ങി പണയം വച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നു. പകരം മുക്കുപണ്ടമാണ് തിരികെ നല്‍കിയത്. മാല എടുത്തു നല്‍കണമെന്നു ഫര്‍സാന അഫാനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

പ്രതിയുടെ മൊഴി കണക്കിലെടുത്ത് കുടുംബത്തിന്റെ കടബാധ്യതയുടെ വ്യാപ്തി അറിയാനാണ്് പൊലീസ് പരിശോധന ആരംഭിച്ചത്. ഇവര്‍ക്കു പണം കടം നല്‍കിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു. കടബാധ്യത തന്നെയാണ് കൊലപാതകങ്ങള്‍ക്കു കാരണമെന്ന അഫാന്റെ മൊഴി വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

അഫാന്റെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന അമ്മ ഷെമിയുടെ മൊഴിയും ഇന്നു രേഖപ്പെടുത്തും. അഫാനു നിലവില്‍ മാനസിക പ്രശ്നങ്ങളില്ലെന്നാണ് ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തല്‍. ഇതുവരെ നടത്തിയ രക്തപരിശോധനാ ഫലങ്ങളിലും പ്രശ്‌നങ്ങളില്ല. കരളിന്റെ പ്രവര്‍ത്തനവും സാധാരണ നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ നിസ്സഹകരണം ഉപേക്ഷിച്ച് അഫാന്‍ ഇന്നലെ ചികിത്സയോട് സഹകരിച്ചു. കുഴപ്പങ്ങളില്ലാത്തതിനാല്‍ കാലിലെ കെട്ട് അഴിച്ചിട്ടുണ്ട്. ഇന്നലെ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു.

എലിവിഷം കഴിച്ച അഫാനെ രണ്ടാം വാര്‍ഡിനു സമീപം കാര്‍ഡിയോളജി വിഭാഗത്തിന് അടുത്തുള്ള വാര്‍ഡിലാണു പ്രവേശിപ്പിച്ചിട്ടുള്ളത്. റൂം നമ്പര്‍ 32 ല്‍ അടച്ചിട്ട മുറിയില്‍ രണ്ടു പൊലീസുകാര്‍ 24 മണിക്കുറും നിരീക്ഷണത്തിനുണ്ട്. ഒരു കൈ കട്ടിലില്‍ വിലങ്ങ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുകയാണ്. പ്രാഥമികാവശ്യങ്ങള്‍ക്കായി മാത്രമാണ് ഇത് അഴിച്ചുമാറ്റുന്നത്. റൂം 32 ല്‍ അതീവ സുരക്ഷയിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. റൂമിന്റെ ഗ്ലാസ് ഡോറുകള്‍ പേപ്പര്‍ ഒട്ടിച്ചു മറിച്ചിട്ടുണ്ട്.