തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതിയായ മകന്‍ അഫാനെ സംരക്ഷിച്ച് മാത്രം മൊഴി നല്‍കിയിരുന്ന അമ്മ ഷെമി നിലപാട് മാറ്റി. ഇതാദ്യമായി ഷെമി അഫാന് എതിരെ മൊഴി നല്‍കി.

അഫാന്‍ ആദ്യം കഴുത്ത് ഞെരിച്ച് ചുമരില്‍ തലയടിച്ചുവെന്നും ബോധം വന്നപ്പോള്‍ മകന്‍ തന്നെയാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും ഷെമി പൊലീസിന് മൊഴി നല്‍കി. ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും അവര്‍ മൊഴിയില്‍ പറയുന്നു.

സംഭവ ദിവസം 50,000രൂപ കടം തിരികെ നല്‍കണമായിരുന്നു. തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ ഉള്‍പ്പെടെ മകനുമായി പോയി. അധിക്ഷേപങ്ങള്‍ കേട്ടത് മകന് സഹിച്ചില്ല. ഇതിന് ശേഷമാണ് അഫാന്‍ ആക്രമിച്ചത്. മക്കളുമൊത്ത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. യൂ ട്യൂബില്‍ ഇളയമകനെ കൊണ്ട് പലതും സെര്‍ച്ച് ചെയ്യിച്ചുവെന്നും ഷെമി മൊഴി നല്‍കി. കിളിമാനൂര്‍ എസ്എച്ച്ഒക്കാണ് മൊഴി നല്‍കിയത്.

കഴിഞ്ഞ ദിവസം വരെ കട്ടിലില്‍ നിന്ന് വീണാണ് തനിക്ക് പരിക്കേറ്റതെന്ന മൊഴി അന്വേഷണ സംഘത്തിന് മുന്നില്‍ ഷെമി ആവര്‍ത്തിക്കുകയയിരുന്നു. മകന്‍ അഫാന് ആരെയും ആക്രമിക്കാനാകില്ലെന്നും അഫാന്‍ തന്നെ ആക്രമിച്ചിട്ടില്ലെന്നും കട്ടിലില്‍ നിന്ന് തറയില്‍ വീണാണ് പരിക്കേറ്റതെന്നും ഷെമി പോലീസിന് മൊഴി നല്‍കിയിരുന്നു. കട്ടില്‍ നിന്ന് വീണാല്‍ ഇത്രയും ഗുരുതരമായി പരിക്കേല്‍ക്കില്ലല്ലോ എന്ന പോലീസിന്റെ ചോദ്യത്തിന് ആദ്യം വീണതിന് ശേഷം എഴുന്നേല്‍ക്കാല്‍ ശ്രമിക്കുന്നതിനിടെ വീണ്ടും വീഴുകയായിരുന്നുവെന്നാണ് ഷെമി മറുപടി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

സംഭവദിവസം നടന്ന കാര്യങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ഷെമി തയാറായിരുന്നില്ല. കുടുംബത്തിന്റെ കടബാധ്യതയുടെ കാര്യങ്ങളും ഷെമിയുടെ ഡയറിയിലെ വിവരങ്ങളും ചോദിച്ചറിയാന്‍ ശ്രമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പലിശ ഇനത്തില്‍ മാത്രം കുടുംബം വലിയ തുക നല്‍കിയിരുന്നതായി രേഖകളില്‍ നിന്ന് പോലീസിന് വ്യക്തമായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു നാടിനെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. അഫാന്റെ പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അഫാന്റെ സഹോദരന്‍ അഫ്സാന്‍, അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്.