തിരുവനന്തപുരം: വിവാഹ തട്ടിപ്പുമായെത്തിയ യുവാവിന്റെ കുതന്ത്രങ്ങള്‍ തകര്‍ത്തത് യുവതിയുടെ തന്ത്രപരമായ നീക്കം. പണം നല്‍കാനെന്ന വ്യാജേനെ വിളിച്ചുവരുത്തി പോലീസിനെ കൊണ്ട് പിടിപ്പിച്ചു. തിരുവനന്തപുരം പട്ടം സ്വദേശിനിയുടെ ഇടപെടലില്‍ കെ കെ അജീഷ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത് തന്ത്രപരമായ നീക്കത്തിലൂടെയാണ്. 2,50,000 രൂപയാണ് പ്രതി വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും തട്ടിയത്. പല കാരണങ്ങള്‍ പറഞ്ഞ് വിവാഹം നീണ്ടു പോയതോടെ യുവതി നടത്തിയ അന്വേഷണത്തിലാണ് പ്രതി വിവാഹിതനാണെന്ന് യുവതിക്ക് മനസ്സിലാകുന്നത്.

പത്രത്തിലെ വിവാഹ മാട്രിമോണിയല്‍ പേജിലെ പരസ്യം കണ്ടാണ് പരാതിക്കാരിയുടെ ബന്ധുക്കളെ അജീഷിന്റെ കുടുംബം ബന്ധപ്പെടുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന വ്യാജേന ഇയാള്‍ യുവതിയുമായി സൗഹൃദത്തിലായി. അജീഷിന്റെ മാന്യമായ പെരുമാറ്റത്തില്‍ വീണ യുവതി വലിയ ചതിയിലാണ് ചെന്ന്‌പെട്ടത്. പല തവണകളായി വിവിധ കാരണങ്ങള്‍ പറഞ്ഞാണ് ഇയാള്‍ പണം കൈപ്പറ്റുന്നത്. ട്രീസാ മോള്‍ എന്നയാളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് 23,740 രൂപയും രാധ എന്നയാളുടെ അക്കൗണ്ടിലേക്ക് 36,500 രൂപയും ഇയാള്‍ ഓണ്‍ലൈനിലൂടെ കൈപറ്റി.

കല്യാണ ആവശ്യങ്ങള്‍ക്കെന്ന വ്യാജേന തട്ടിപ്പ് തുടരുകയായിരുന്നു. മാന്യമായ പെരുമാറ്റത്തിലൂടെ വിശ്വാസത പിടിച്ചു പറ്റിയ പ്രതി യുവതിയുടെ ഡെബിറ്റ് കാര്‍ഡ് കൈക്കലാക്കിയിരുന്നു. ഇതിന്റെ പിന്‍ നമ്പര്‍ സഹിതം സ്‌നേഹം നടിച്ച് ഇയാള്‍ തന്ത്രത്തിലൂടെ മനസ്സിലാക്കി. പരാതിക്കാരിയുടെ പേരിലുള്ള ഡെബിറ്റ് കാര്‍ഡില്‍ നിന്നും 10,1380 രൂപ പിന്‍വലിച്ചു. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റ് ചെലവകള്‍ക്കും എന്ന വ്യാജേനയാണ് ഇയാള്‍ പണം കൈപ്പറ്റിയത്. 6.881 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണം പ്രതിയുടെ നിര്‍ബന്ധ പ്രകാരം യുവതി പണയം വെച്ചിരുന്നു. പണയ തുകയായ 36,500 രൂപയും പ്രതി തിരിച്ച് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കൈക്കലാക്കി. യുവതിയില്‍ നിന്നും കൈക്കലാക്കിയ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതി.

കൂടാതെ യുവതി 15,999 രൂപ വിലയുള്ള ഫോണ്‍ തവണ വ്യവസ്ഥയില്‍ പ്രതിയുടെ നിര്‍ബന്ധത്തില്‍ വാങ്ങി നല്‍കിയിരുന്നു. സിവില്‍ സര്‍വീസ് പഠനത്തിന് ചേരാന്‍ പോവുകയാണെന്നും, ഇതിനായി നല്ലൊരു ഫോണ്‍ ആവശ്യമാണെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. തിരുവന്തപുരത്തെ ഒരു പ്രമുഖ ഡിജിറ്റല്‍ ഷോപ്പില്‍ നിന്നാണ് ഫോണ്‍ വാങ്ങുന്നത്. വിവിധ കാരണങ്ങള്‍ പറഞ്ഞ് വിവാഹം നീട്ടി കൊണ്ട് പോകുന്നതിലും, പണം ആവശ്യപ്പെടുന്നതിലും യുവതിക്ക് സംശയം ഉണ്ടായിരുന്നു. ഈ കടയില്‍ നല്‍കിയ ഐഡി കാര്‍ഡിലെ വിവരങ്ങളാണ് പ്രതിയുടെ തട്ടിപ്പ് പുറത്ത് കൊണ്ട് വരാന്‍ നിര്‍ണായകമായത്.

തുടര്‍ന്ന് ഐഡി കാര്‍ഡിലെ വിലാസത്തില്‍ സുഹൃത്തുക്കള്‍ വഴി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വിവാഹിതനാണെന്നും തന്നെ ചതിക്കുകയാണെന്നും യുവതിക്ക് മനസ്സിലാകുന്നത്. ഇയാള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് ഉണ്ടെന്നും പരാതിക്കാരി പറയുന്നു. ശേഷം യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 318(4) വകുപ്പ് പ്രകാരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സമീപത്തുനിന്ന് ഭാര്യയെയും കണ്ടെത്തി. മാട്രിമോണിയല്‍ കണ്ട് വീട്ടുകാരെ വിളിച്ചു കല്യാണാലോചനയുമായി വന്നതാണ് തൃശൂര്‍ വെണ്ണൂര്‍ സ്വദേശിയായ അജീഷ്.

അജീഷിന്റെ ഫ്രണ്ട് ട്രീസാ മോളുടെ അക്കൗണ്ടിലേക്ക് പൈസ ഇടാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ പറഞ്ഞു അമ്മയുടെ അക്കൗണ്ടിലേക്കും പൈസ ഇടീച്ചു. പിന്നേയും ഓരോ കാരണങ്ങള്‍ പറഞ്ഞ് പൈസയ്ക്ക് വേണ്ടി ശല്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സംശയം തോന്നി കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഭാര്യ ഉണ്ടെന്നും 9 വര്‍ഷമായി കല്യാണം കഴിഞ്ഞിട്ടെന്നും അവര്‍ ഒന്നിച്ചു ജീവിച്ചു വരികെയാണെന്നു മനസ്സിലായി. മാട്രിമോണിയല്‍ വഴി സാമ്പത്തിക തട്ടിപ്പ് എന്ന ലക്ഷ്യത്തോടുകൂടി കല്യാണലോചനയുമായി അജീഷ് വന്നതെന്നും സമാന രീതിയിലും അല്ലാതെയും നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും തട്ടിപ്പിന് ഇരയായ യുവതി പറഞ്ഞു.

സിവില്‍ സര്‍വീസ് പരിശീലനത്തിന് കുറവന്‍കോണത്തെ ഐ എ എസ് അക്കാഡമിയില്‍ ചേരണമെന്നും ലാസ്റ്റ് ചാന്‍സ് ആണെന്നും ഓണ്‍ലൈന്‍ ക്ലാസ്സ് അറ്റന്‍ഡ് ചെയ്യാന്‍ നല്ല മൊബൈല്‍ വേണമെന്നും ഇഎംഐ കൃത്യമായി അടച്ചുകൊള്ളാം എന്നും പറഞ്ഞും മൊബൈല്‍ ഫോണും വാങ്ങിപ്പിച്ചു. അതിന്റെ ഇഎംഐ തുകയും അടക്കുന്നില്ല. വീട്ടുകാരോടെല്ലാം മാന്യമായി പെരുമാറുന്നതുകൊണ്ട് സംശയം തോന്നിയില്ലെന്നും യുവതി പറയുന്നു. പോലീസ് അറസ്റ്റു ചെയ്ത പ്രതിയ്ക്ക് ജാമ്യവും കിട്ടി.